കോട്ടയം : സിപിഎം കോട്ടയം ജില്ലാ സമ്മേളനം സെക്രട്ടറിയായി എ.വി. റസലി(60)നെ വീണ്ടും തെരഞ്ഞെടുത്തു. ജില്ലാസെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഏഴു വര്‍ഷം കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്നു. നിരവധി യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് എ വി റസല്‍ സിപഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ് എന്‍ കോളേജിലെ പഠനശേഷം യുവജന രംഗത്തെത്തി. യുവജന എണ്‍പതുകളിലെ അതിതീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി.
ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981 ല്‍ പാര്‍ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു. 12 വര്‍ഷമായി ജില്ലാ സെക്രട്ടറിയേറ്റിലും 24 വര്‍ഷമായി ജില്ലാ കമ്മിറ്റിയിലുമുണ്ട്. കൂത്തുപറമ്പ് രക്തസാക്ഷിത്വത്തെ തുടര്‍ന്നുള്ള പ്രക്ഷോഭങ്ങള്‍ നയിച്ച് നിരവധി പൊലീസ് മര്‍ദനത്തിന് ഇരയായി . എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ മുത്തങ്ങ സംഭവത്തെ തുടര്‍ന്നുള്ള പ്രതിഷേധം നയിച്ചും പൊലീസ് മര്‍ദനവും ജയില്‍വാസവും അനുഭവിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായിരിക്കെ ടി വി പുരം സെമിത്തേരി വിഷയത്തില്‍ ഉജ്ജ്വലമായ യുവജന മുന്നേറ്റത്തിന് നേതൃത്വം നല്‍കി. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വടക്കേ ഇന്ത്യയില്‍ നടന്ന കലാപത്തില്‍ ഗ്രഹാം സ്റ്റെയിന്‍സിനെയും കുടുംബത്തെയും ചുട്ടുകൊന്ന തിനെതിരെയുമുള്ള യുവജന പ്രതിഷേധ ഭാഗമായി ഏറ്റെടുത്ത സ്നേഹ ജ്വാലയുടെ കോട്ടയത്തെ സംഘാടകനായി.
98 ല്‍ കോട്ടയത്ത് നടന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെയും സംഘാടകനായി. മികച്ച ട്രേഡ്യൂണിയന്‍ നേതാവായും കഴിഞ്ഞ പതിറ്റാണ്ടില്‍ ശ്രദ്ധേയനായി. സിഐടിയു ജില്ലാ സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ ജില്ലാ നേതൃത്വത്തില്‍ സംഘാടകനായി. അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. യുവജന നേതാവായിരിക്കെ 2006 ല്‍ ചങ്ങനാശ്ശേരിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 2000 – 05 ല്‍ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു ). ചങ്ങനാശ്ശേരി അര്‍ബന്‍ ബാങ്ക് പ്രസിഡന്റാണ്. ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ കെ വാസപ്പന്റെയും പി ശ്യാമയുടെയും മകനാണ്. ബിന്ദു വാണ് ഭാര്യ. ഏക മകള്‍ ചാരുലത. മരുമകന്‍: അലന്‍ ദേവ്