Kerala News

അനുഭവിച്ചോളൂ എന്ന് പറഞ്ഞത് ആത്മാര്‍ഥയോടെ; പരാതിക്കാരിയോട് മോശമായി പെരുമാറിയിട്ടില്ല – എം.സി.ജോസഫൈന്‍

Keralanewz.com

കൊല്ലം: വനിതാകമ്മിഷനിൽ പരാതിപ്പെട്ട സ്ത്രീയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് വനിതാകമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ. അനുഭവിച്ചോളൂ എന്ന് യുവതിയോട് പറഞ്ഞത് ആ അർഥത്തിലല്ല.
തികഞ്ഞ ആത്മാർഥയോടെയും സത്യസന്ധതയോടെയുമാണ് താനത് പറഞ്ഞതെന്നും ജോസഫൈൻ പറഞ്ഞു. ഓരോ ദിവസവും നിവധി സ്ത്രീകളാണ് തങ്ങളെ വിളിക്കുന്നതെന്നും അതിനാൽ ഓരോ ദിവസവും കടുത്ത മാനസിക സമ്മർദ്ദങ്ങൾക്ക് വിധേയരായാണ് തങ്ങൾ പോയ്ക്കൊണ്ടിരിക്കുന്നതെന്നും അവർ വ്യക്തമാക്കി. എല്ലായിടത്തും വനിതാകമ്മിഷന് ഓടിയെത്താനാകില്ല അതുകൊണ്ടാണ് പോലീസിൽ പരാതിപ്പെടാൻ പറയുന്നതെന്നും ജോസഫൈൻ പറഞ്ഞു

‘പരാതിക്കാരിയോട് മോശമായി പെരുമാറിയെന്നത് ഞാൻ നിഷേധിക്കുന്നു. ഞങ്ങളും പച്ചയായ മനുഷ്യരാണ്. ഓരോ ദിവസവും ഞങ്ങൾ കടുത്ത മാനസിക സമ്മർദങ്ങൾക്ക് വിധേയരാണ് പോയിക്കൊണ്ടിരിക്കുന്നത്. അത്രയധികം സ്ത്രീകളാണ് ഓരോ ദിവസവും വിളിക്കുന്നത്. ഒരു സ്ത്രീക്ക് അസഹനീയമായ സംഭവം ഭർത്താവിൽ നിന്നോ, മറ്റാരിൽ നിന്നോ ഉണ്ടായാലും എല്ലായിടത്തും വനിതാകമ്മിഷന് ഓടിയെത്താൻ കഴിയില്ല. അതുകൊണ്ട് ഞങ്ങൾ പറയും പോലീസ് സ്റ്റേഷനിൽപരാതിപ്പെടാൻ. അതിന് അതിന്റേതായ ഒരു ബലമുണ്ട്. അതുകൊണ്ടാണ് പോലീസ് സ്റ്റേഷനിൽ പോകാൻ പറയുന്നത്. അത് എല്ലാവരോടും പറയുന്നതാണ്. എന്നാൽ ചിലർ യഥാവിധിയല്ല കാര്യങ്ങൾ മനസ്സിലാക്കുന്നതും ഉൾക്കൊളളുന്നതും തിരിച്ചുപറയുന്നതും. അങ്ങനെ വരുമ്പോൾ ചിലപ്പോൾ ഉറച്ച ഭാഷയിൽ സംസാരിച്ചുകാണും.’ ജോസഫൈൻ പറഞ്ഞു.

വനിത കമ്മിഷനുൾപ്പടെയുളള സംവിധാനങ്ങളെ മാത്രം കുറ്റപ്പെടുത്തി ഏതെങ്കിലും ഒരു വാക്കോ, വാചകമോ അടർത്തിയെടുത്ത് അതിനെ മറ്റെന്തെങ്കിലും താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിച്ച് മുന്നോട്ട് പോവുകയല്ല വേണ്ടതെന്നും സമൂഹമാണ് മാറേണ്ടതെന്നും അവർ പറഞ്ഞു.ഒരു സ്വകാര്യ ചാനലിന്റെ ചർച്ചയിൽ പങ്കെടുക്കുന്നതിനിടയിൽ പരാതിപ്പെടാൻ വിളിച്ച യുവതിയോടുളള ജോസഫൈന്റെ പ്രതികരണം വിവാദമായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് തന്റെ പ്രതികരണം തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടത്

Facebook Comments Box