Fri. Apr 26th, 2024

റബർ, സ്പൈസസ് ബില്ലുകളിലെ കർഷകദ്രോഹ നിർദേശങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കണം ; അഡ്വ. റോണി മാത്യു

By admin Jan 25, 2022 #news
Keralanewz.com

കണ്ണൂർ -കേന്ദ്രസർക്കാരിൻ്റെ നിർദ്ദിഷ്ട റബ്ബർ ബില്ലിലെ റബറിനെ വ്യവസായ ഉൽപന്നമാക്കിയുള്ള നിർവചനം പിൻവലിച്ച് സ്വാഭാവിക റബറിനെ കാർഷിക വിളയായി പ്രഖ്യപിക്കണമെന്ന് കേരള യുത്ത്ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി മാത്യു ആവശ്യപ്പെട്ടു.

പുതിയ റബര്‍ നിയമം രാജ്യത്തെ മുഴുവന്‍ റബര്‍ കര്‍ഷകരെയും ദുരിതത്തിലാക്കും.കേന്ദ്രം പ്രസിദ്ധീകരിച്ച പുതിയ ബില്ലിന്റെ കരട്‌ നിയമത്തില്‍ റബറുമായി ബന്ധപ്പെട്ട ഇറക്കുമതി, കയറ്റുമതി തുടങ്ങിയവയില്‍ പൂര്‍ണാധികാരം കേന്ദ്രത്തിന്‌ മാത്രമായി നിജപ്പെടുത്തിയിരിക്കുകയുമാണ്.ഇതോടെ റബര്‍ ഇറക്കുമതിക്ക്‌ മാനദണ്ഡമാകുന്ന റബര്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്‌ അപ്രസക്‌തമാകും.

കോര്‍പ്പറേറ്റുകളുടെ വളര്‍ച്ചയ്‌ക്ക്‌ എല്ലാ സഹായങ്ങളും ചെയ്‌തു കൊടുക്കുന്ന സര്‍ക്കാര്‍ വിലനിയന്ത്രണ അധികാരംകൂടി കൈയാളിയാല്‍ ഉത്‌പാദന ചെലവ്‌പോലും ലഭിക്കില്ലെന്ന കര്‍ഷക ആശങ്ക അസ്‌ഥാനത്തല്ല.

റബർ ബോർഡിൻ്റെ അധികാരങ്ങൾ എടുത്ത് കളയുകയും റബർ ഇറക്കുമതിക്ക് പ്രോത്സാഹനം നൽകുകയും ചെയ്യുന്ന നിർദേശത്തിലൂടെ റബർ വിലയിടിവ് മൂലം നട്ടം തിരിയുന്ന കർഷകരെ ദ്രോഹിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.1986 ലെ സ്പൈസസ് നിയമത്തിൽ മാറ്റം വരുത്തുന്നതിലൂടെ കോർപ്പററ്റുകളെ സഹായിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

റബ്ബര്‍, സ്‌പൈസസ് ആക്ടുകള്‍ റദ്ദ് ചെയ്ത് പുതിയ നിയമം നടപ്പിലാക്കുവാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിൽ പ്രതിഷേധിച്ചുകൊണ്ട് കേരള യൂത്ത് ഫ്രണ്ട് (എം) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിയൂരുള്ള റബ്ബർ ബോർഡ് റീജിയണൽ റിസർച്ച് സെൻറിന് മുമ്പിൽ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ്‌ ബിനു ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി വിപിൻ എടൂർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി രാജു ചെരിയൻകാല, സംസ്ഥാന വൈസ് പ്രസിഡന്റ്‌ അമൽ ജോയി കൊന്നക്കൽ,ജില്ലാ ഭാരവാഹികളായ ഷൈജു കുന്നോല,ലിന്റോ കുടിലിൽ,ബിനോദ് കല്ലൻചിറ,അഡ്വ.ജോർജ് കാരക്കാട്ട്, മെൽബിൻ പാമ്പക്കൽ,വിനോദ് കെ.കെ,ബിജു കെ,പ്രിൻസ് പുല്ലംകുന്നേൽ, യദു കൃഷ്ണൻ , ബാബു ജോസഫ്, സന്തോഷ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post