Kerala News

ഹൈക്കോടതിയും കൈവിട്ടു, കാര്‍ഷിക ബാങ്ക് ഭരണത്തില്‍ നിന്നും യുഡിഎഫ് പുറത്ത്

Keralanewz.com

കൊച്ചി: കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഭരണ സമിതിക്കെതിരെ ജനറല്‍ ബോഡിയില്‍ പാസായ അവിശ്വാസ പ്രമേയം നിലനില്‍ക്കുന്നതാണെന്ന് ഹൈക്കോടതി. അവിശ്വാസം പാസായതോടെ ഭൂരിപക്ഷത്തിന്റെ പേരില്‍ സംശയം ഉന്നയിച്ച് മുന്‍ ഭരണ സമിതിയിലെ യുഡിഎഫ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി അന്തിമ വിധി പറഞ്ഞത്. 2021 സെപ്റ്റംബറില്‍ നടന്ന ജനറല്‍ ബോഡിയില്‍ തന്നെ ഭരണ സമിതിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. ഭൂരിപക്ഷം ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ബജറ്റ് പാസാക്കാനായില്ല. ഇതേ തുടര്‍ന്ന് ബാങ്ക് പ്രസിഡന്റ് സോളമന്‍ അലക്‌സ് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നു. ഭരണ സമിതിയിലെ കേരള കോണ്‍ഗ്രസ് എം അംഗങ്ങളും ഭരണസമിതിയില്‍ സോളമന്‍ അലക്‌സിനെ പിന്തുണച്ചു.

ഇതോടെ യുഡിഎഫിന് അധികാരം നഷ്‌പ്പെട്ടു. തുടര്‍ന്ന് ബാങ്കിന്റെ കേന്ദ്ര പ്രതിനിധിയും മുന്‍ എംഎല്‍എയുമായ കെ. ശിവദാസന്‍ നായരും ഒപ്പമുള്ളവരും ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഹൈക്കോടതി, പ്രത്യേക മാര്‍ഗ നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ജനുവരി ആറിന് ജനറല്‍ ബോഡി യോഗം ചേര്‍ന്നത്. ഈ ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. എന്നാല്‍ ഇതിനെതിരെ വീണ്ടും യുഡിഎഫ് അംഗങ്ങള്‍ കോടതിയെ സമീപിപ്പിച്ചു. ഈ ഹര്‍ജിയിലാണ് ഇടതുപക്ഷത്തിന് അനുകൂല വിധിയുണ്ടായത്. യുഡിഎഫിന് വേണ്ടി അഡ്വ. ജോര്‍ജ്ജ് പൂന്തോട്ടം ഹാജരായി. കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന് വേണ്ടി ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. താജുദ്ദീന്‍, അഡ്വ. ശശീന്ദ്രന്‍, അഡ്വ. രവിരാജ്,അഡ്വ. രവീന്ദ്രന്‍ എന്നിവര്‍ ഹാജരായി


പതിറ്റാണ്ടുകളായി കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ ഭരണം യുഡിഎഫിനായിരുന്നു. ഇടതുമുന്നണിക്ക് കാര്യമായ ഭൂരിപക്ഷം ഇല്ലായിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസ് എം ഇടതുപക്ഷത്തു വന്നതും കോണ്‍ഗ്രസ് നേതാവും പ്രസിഡന്റുമായിരുന്ന സോളമന്‍ അലക്‌സ് സിപിഎമ്മില്‍ വന്നതുമാണ് ഇടതുപക്ഷത്തിന് നേട്ടമായത്. സംസ്ഥാന ബാങ്കില്‍ വോട്ടവകാശമുള്ള പ്രാഥമിക ബാങ്കുകളുടെ പ്രതിനിധികളില്‍ ഇപ്പോള്‍ ഭൂരിപക്ഷം ഇടതുപക്ഷത്തിനാണ്. നാല് പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലാണ്. സംസ്ഥാന ബാങ്കിന്റെ ഭരണസമിതിക്കെതിരായ അവിശ്വാസം ഹൈക്കോടതി കൂടി ശരിവച്ചതോടെ ബാങ്കിന്റെ ഭരണത്തില്‍ നിന്നും യുഡിഎഫ് പൂര്‍ണമായും പുറത്താകും. ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്താനും തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടത്താനുമാണ് സര്‍ക്കാര്‍ നീക്കം.

Facebook Comments Box