Sat. Apr 27th, 2024

മോഷ്ടിച്ച മാലയുമായി മോഷ്ടാവ് കുടുംബസമേതം എത്തി ഇരയായ സ്ത്രീയോട് മാപ്പ് പറഞ്ഞു; തിരിച്ചു പോകാന്‍ വണ്ടികൂലി നല്‍കി വീട്ടമ്മ

By admin Feb 2, 2022 #police #theft
Keralanewz.com

മോഷ്ടിച്ച മാലയുമായി മോഷ്ടാവ് കുടുംബസമേതം എത്തി ഇരയായ സ്ത്രീയോട് മാപ്പ് പറഞ്ഞു, ക്ഷമിച്ച്‌ വണ്ടിക്കൂലി നല്‍കി പറഞ്ഞയച്ച്‌ വീട്ടമ്മ.

മൂവാറ്റുപുഴ രണ്ടാറിലാണ് സംഭവം. പുനത്തില്‍ മാധവിയുടെ കണ്ണില്‍ മുളകുപൊടിയിട്ട് മാല തട്ടിയെടുത്ത് വിഷ്ണുപ്രസാദാണ് കുടുംബ സമേതമെത്തി മാപ്പ് പറഞ്ഞ് മാല മോഷ്ടിച്ചത്. ഇയാളുടെ ഭാര്യയും രണ്ട് കുട്ടികളും ഒപ്പമുണ്ടായിരുന്നു.

അതേ സമയം പൊലീസ് കേസ് ആയതിനാല്‍ പിന്നീട് വിഷ്ണുപ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിഷ്ണു പ്രസാദിന്‍റെ ഭാര്യയെയും കുട്ടികളെയും സുരക്ഷിതമായി വീട്ടില്‍ എത്തിച്ചിരുന്നു. അസുഖമായ കുട്ടികള്‍ക്ക് മരുന്നു വാങ്ങാന്‍ മറ്റൊരു മാര്‍ഗവും കാണാത്തതിനാലാണ് മോഷണം നടത്തിയതെന്നും,ഇതില്‍ ക്ഷമിക്കണമെന്നും പറഞ്ഞാണ് വിഷ്ണുപ്രസാദിന്‍റെ ഭാര്യ മാല തിരിച്ചേല്‍പ്പിച്ചത്.

ഇവരുടെ ദൈന്യത കണ്ട മാധവി ഇവര്‍ക്ക് വഴിചിലവിനായി 500 രൂപ നല്‍കി. ജനുവരി 29നാണ് സംഭവങ്ങളുടെ തുടക്കം. രണ്ടാറില്‍ വീടിനോട് ചേര്‍ന്ന് പലചരക്ക് കട നടത്തുന്നുണ്ട് മാധവി. ഇവിടെ എത്തിയ വിഷ്ണുപ്രസാദ് ഇവരുടെ കണ്ണില്‍ മുളക് പൊടി എറിഞ്ഞ് മാല പൊട്ടിക്കുകയായിരുന്നു. എന്നാല്‍ അതിനിടയില്‍ വിഷ്ണുപ്രസാദിന്‍റെ മൊബൈല്‍ താഴെ വീണു. ഇത് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഇയാളാണ് പ്രതിയെന്ന് പൊലീസ് മനസിലാക്കി.

പൊലീസ് തന്നെ തേടുന്നുവെന്ന് മനസിലാക്കിയ വിഷ്ണുപ്രസാദ് കുടുംബ സമേതം തമിഴ്നാട്ടിലേക്ക് കടന്നെങ്കിലും, അവിടുന്ന് തിരിച്ച്‌ ഭാര്യയുടെ വീട് സ്ഥിതി ചെയ്യുന്ന വാഗമണ്ണില്‍ എത്തി. എന്നാല്‍ പിടിക്കപ്പെടും എന്നയപ്പോള്‍ പിന്നീട് കുടുംബ സമേതം തിരിച്ചുവന്ന് മാധവിക്ക് മോഷ്ടിച്ച മാല നല്‍കി മാപ്പ് പറയുകയായിരുന്നു. നേരത്തെ ഉപ്പുതറ സ്റ്റേഷന്‍ പരിധിയില്‍ ഗ്യാസ് സിലണ്ടര്‍ മോഷണ കേസില്‍ വിഷ്ണു പ്രസാദ് പ്രതിയാണ്. കൊവിഡ് കാലത്ത് പണി നഷ്ടപ്പെട്ടതാണ് മോഷണത്തിന് കാരണമെന്നാണ് വിഷ്ണുപ്രസാദ് പറയുന്നത്

Facebook Comments Box

By admin

Related Post