Kerala News

പതിനഞ്ചുകാരന്റെ ശ്വാസകോശത്തിൽ തറച്ച സേഫ്റ്റി പിൻ നീക്കം ചെയ്ത് കാരിത്താസ് ആശുപത്രി

Keralanewz.com

കോട്ടയം ∙ പതിനഞ്ചുകാരന്റെ ശ്വാസകോശത്തിൽ തറച്ച സേഫ്റ്റി പിൻ നീക്കം ചെയ്ത് കാരിത്താസ് ആശുപത്രി. ഇടുക്കി കട്ടപ്പന ചേറ്റുകുഴി സ്വദേശി റിനോ മാത്യുവിന്റെ ശ്വാസകോശത്തിൽ കുരുങ്ങിയ സേഫ്റ്റി പിന്നാണു കാരിത്താസ് ആശുപത്രിയിലെ വിദഗ്ധ മെഡിക്കൽ സംഘം പുറത്തെടുത്തത്.

കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച ശേഷം സേഫ്റ്റി പിൻ ഉപയോഗിച്ചു പല്ലുകൾക്കിടയിലെ ആഹാര അവശിഷ്ടം മാറ്റുന്നതിനിടെ ശക്തമായ ചുമ വന്നു. ഇതോടെ സേഫ്റ്റി പിൻ കൂർത്ത അഗ്രത്തോടെ ശരീരത്തിനകത്തേക്കു പോയി. ഇതു ശ്വാസനാളത്തിൽ തറച്ചു.

തുടർന്നു കടുത്ത ചുമയും നെഞ്ചുവേദനയും അനുഭവപ്പെട്ട റിനോയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ നടത്തിയ പരിശോധനയിൽ ഇടതു ശ്വാസകോശത്തിലെ ശ്വാസനാളത്തിൽ സേഫ്റ്റി പിൻ തറച്ചിരിക്കുന്നതായി കണ്ടെത്തി. ഇതു നീക്കം ചെയ്യുന്നതു സങ്കീർണമായതിനാൽ റിനോയെ ഉടൻ തന്നെ കാരിത്താസ് ആശുപത്രിയിലേക്കു മാറ്റി.

ഇന്റർവെൻഷനൽ പൾമനോളജിസ്റ്റ് ഡോ. അജയ് രവിയുടെ നേതൃത്വത്തിൽ ഡോ. നിഷ പാറ്റാനി, ഡോ. സൂര്യ എന്നിവരടങ്ങിയ സംഘം റിനോയെ പരിശോധിക്കുകയും റിജിഡ് ബ്രോങ്കോസ്കോപ്പി വഴി സേഫ്റ്റി പിൻ പുറത്തെടുക്കുകയും ചെയ്തു. ചികിത്സകൾക്കു ശേഷം റിനോ ആശുപത്രി വിട്ടതായി അധികൃതർ പറഞ്ഞു

Facebook Comments Box