Fri. Apr 26th, 2024

ബി.ഡി.ജെ.എസ്. നേതാവിനെ ബിജെപി ഓഫിസിലിട്ട് മര്‍ദിച്ചതായി പരാതി; ഭീഷണിപ്പെടുത്തി മുദ്രപ്പത്രങ്ങള്‍ ഒപ്പിടീച്ചെന്നും വാഹനങ്ങള്‍ തട്ടിയെടുത്തെന്നും പരാതിക്കാരന്‍

By admin Feb 9, 2022 #bdjs #bjp
Keralanewz.com

തൊടുപുഴ: ബി.ഡി.ജെ.എസ്.നേതാവിനെ ബിജെപി. ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചതായി പരാതി. ബി.ഡി.ജെ.എസ്. വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് പന്നിമറ്റം കുറുവക്കയം ഊഞ്ഞാംപടിക്കല്‍ അനീഷ് അയ്യപ്പ(36)നാണ് പരാതിക്കാരന്‍. ബിജെപി ഓഫിസിലേക്ക് വിളിച്ചു വരുത്തിയ ശേഷം തന്നെ ഭീഷണിപ്പെടുത്തി മുദ്രപ്പത്രങ്ങള്‍ ഒപ്പിടീപ്പിക്കുകയും വാഹനങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തതായും അനീഷ് പറയുന്നു.

ജനുവരി 31നാണ് അനീഷ് മര്‍ദ്ദനത്തിന് ഇരയായത്. ഒ.ബി.സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രബീഷ് പ്രഭാകരന്‍ ഉള്‍െപ്പടെ കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരേ പൊലീസ് കേസെടുത്തു. മര്‍ദിച്ച്‌ കവര്‍ച്ച നടത്തിയെന്നാണ് കേസെടുത്തിരിക്കുന്നതെന്ന് സിഐ. വി സി.വിഷ്ണുകുമാര്‍ പറഞ്ഞു. അതേസമയം പരാതി വ്യാജമാണെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.

അനീഷിന്റെ പരാതിയില്‍ പറയുന്നത് ഇങ്ങനെ: അനീഷ് സവാള മൊത്ത വ്യാപാരിയാണ്. കച്ചവടവുമായി ബന്ധപ്പെട്ട് മറ്റൊരാള്‍ക്ക് നല്‍കാനുള്ള പണത്തേക്കുറിച്ച്‌ സംസാരിക്കാനെന്ന് പറഞ്ഞ് അനീഷിനെ ബിജെപി. ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ചര്‍ച്ചയ്ക്കിടെ പ്രബീഷും സംഘവും മര്‍ദിക്കുകയും ഭീഷണിപ്പെടുത്തി മുദ്രപ്പത്രത്തിലും ചെക്കുകളിലും ഒപ്പിടീപ്പിക്കുകയുമായിരുന്നു. രണ്ട് കാറുകള്‍ പിടിച്ചുവെച്ചെന്നും പരാതിയിലുണ്ട്.

അനീഷ് കാരിക്കോട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. ബിജെപി. ജില്ലാ പ്രസിഡന്റ് കെ.എസ്.അജി വിളിച്ചതനുസരിച്ചാണ് പാര്‍ട്ടി ഓഫീസിലേക്ക് പോയതെന്ന് അനീഷ് പറഞ്ഞു.

പരാതി വ്യാജമാണെന്ന് ബിജെപി.

പരാതി വ്യാജമാണെന്ന് ബിജെപി. ജില്ലാ പ്രസിഡന്റ്് കെ.എസ്.അജി അറിയിച്ചു. അനീഷ് 28 ലക്ഷംരൂപ നല്‍കാനുള്ളവര്‍ സമീപിച്ചതിനെ തുടര്‍ന്നാണ് ഇരുകൂട്ടരും ചര്‍ച്ച നടത്തിയത്. സംസാരിച്ച്‌ ധാരണയാകുകയും ചെയ്തു. അത് നല്‍കാതിരിക്കാനായിരിക്കണം ഇപ്പോള്‍ വ്യാജ പരാതിയുമായി വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box

By admin

Related Post