Thu. May 2nd, 2024

പ്രിയങ്ക ഗാന്ധി വരുന്നതിന് 50 ലക്ഷം ചോദിച്ചു, 22 ലക്ഷം കൊടുത്തു; വണ്ടിയില്‍ കയറ്റിയില്ല: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പത്മജ വേണുഗോപാല്‍

Keralanewz.com

തിരുവനന്തപുരം: പാർട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശവുമായി പത്മജ വേണുഗോപാല്‍ രംഗത്തെത്തി.

സഹിച്ച്‌ മതിയായിട്ടാണ് താന്‍ കോണ്‍ഗ്രസ് വിട്ടതെന്നാണ് ബി ജെ പി അംഗത്വം സ്വീകരിച്ച്‌ തീരുവനന്തപുരത്ത് എത്തിയതിന് പിന്നാലെ പത്മജ പറഞ്ഞു. ഒരു വിഷയത്തിലും ഞാന്‍ പ്രതികരിക്കാതിരിക്കുമ്പോള്‍ അവരൊക്കെ കരുതി എന്നെയൊന്നും മൈന്‍ഡ് ചെയ്യേണ്ട കാര്യമില്ല. ഒരു മൂലയ്ക്ക് കിടന്നോളുമെന്ന് , പത്മജ പറയുന്നു.

ഞാന്‍ ഒരു മൂലയ്ക്ക് പിന്നേയും കിടക്കുമായിരുന്നു. എന്നാല്‍ എന്റെ അച്ഛന്റെ കാര്യത്തില്‍ അവർ എടുത്ത നിലപാട് എന്നെ വല്ലാതെ വേദനിപ്പിച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ ഇനി ഞാന്‍ ഈ പാർട്ടിയിലേക്ക് ഇല്ലെന്ന് പറഞ്ഞിരുന്നു. വേറെ എവിടേയും പോകനല്ല, രാജിവെച്ച്‌ മകളുടെ അടുത്തേക്കെങ്ങാനും പോകനായിരുന്നു തീരുമാനം.

എന്നാല്‍ അച്ഛന്റെ പേരിലുള്ള മന്ദിരം പണിയാനായി ഇവിടെ തന്നെ നില്‍ക്കണമെന്നായിരുന്നു എല്ലാവരും ആവശ്യപ്പെട്ടത്. മന്ദിര നിർമ്മാണം പെട്ടെന്ന് നടത്തുമെന്ന് പാർട്ടിയും പറഞ്ഞു. എന്നാല്‍ കുറച്ച്‌ കഴിഞ്ഞപ്പോള്‍ അച്ഛന്‍ വളർത്തിയ നേതാക്കളുടെ അടക്കം സമീപനം കണ്ടപ്പോള്‍ എനിക്ക് വല്ലാതെ സങ്കടം വന്നു. ഒരു ദിവസം ഞാന്‍ കരയുക പോലും ചെയ്തു. കെപിസിസി പ്രസിഡന്റിന്റെ മുന്നില്‍ വെച്ച്‌ ഞാന്‍ കരയുക പോലും ചെയ്തു. അദ്ദേഹമാണ് പല കാര്യത്തിലും എന്നെ സഹായിച്ചതെന്നും പത്മജ പറയുന്നു

കെ പി സി സി പ്രസിഡന്റിന് സഹായിക്കാന്‍ കഴിയുന്നതിന് ഒരു പരിധി ഉണ്ടല്ലോ. വേറെ ആരും എന്നെ സഹായിച്ചില്ല. 30 കോടിയുടെ പ്രോജക്ടാണ് അച്ഛന്റെ പേരിലുള്ള മന്ദിരം. മൂന്ന് കൊല്ലം കൊണ്ട് ആകെ നേടാന്‍ സാധിച്ചത് ഒരു കോടി രൂപയാണ്. ചില ഡി സി സിക്കാർ ഉമ്മന്‍ചാണ്ടിയുടെ സ്മാരകം നിർമ്മിക്കേണ്ടതിനാല്‍ അച്ഛന്റെ സ്മാരകത്തിന് പിരിവ് നടത്താന്‍ സാധിക്കില്ലെന്ന് പറഞ്ഞു. അതിന് മുമ്ബ് മരിച്ചത് അച്ഛനാണല്ലോ. പതിനാല് കൊല്ലമായി അച്ഛന്‍ മരിച്ചിട്ട്. ഇനിയിപ്പോള്‍ ഞാന്‍ പോയതുകൊണ്ട് അവർ സ്മാരകം പണിയുമായിരിക്കാം.

തിരഞ്ഞെടുപ്പ് സമയത്തും മറ്റും പല ആളുകളുടെ അടുത്ത് നിന്നും പൈസ വാങ്ങുന്ന പ്രവണതയുണ്ടായിരുന്നു തൃശൂരില്‍. ഞാന്‍ ഇതിനെയെല്ലാം എതിർത്തു. തിരഞ്ഞെടുപ്പ് സമയത്ത് എന്റെ കയ്യില്‍ നിന്നും വാങ്ങിയ പൈസയുടെ കൃത്യമായ കണക്കുകള്‍ എന്റെ കയ്യിലുണ്ട്. എന്നിട്ട് പ്രിയങ്ക വന്നപ്പോള്‍ എന്നെ വാഹനത്തില്‍ കയറ്റിയതുമില്ല.

പ്രിയങ്ക ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കൊണ്ടു വരുന്നതിനുള്ള ചിലവെന്നും പറഞ്ഞ് 50 ലക്ഷമാണ് നേതാക്കള്‍ ചോദിച്ചത്. 22 ലക്ഷം ഞാന്‍ കൊടുത്തു. പ്രിയങ്കയോടൊപ്പം വാഹനത്തില്‍ ഞാനല്ലേ കയറേണ്ടതെന്ന് ചോദിച്ചപ്പോള്‍ ഡി സി സി പ്രസിഡന്റ് എന്നോട് ചൂടായി. “അങ്ങനെയാണെങ്കില്‍ ചേച്ചി തന്നെ തിരഞ്ഞെടുപ്പ് നടത്തിക്കോ, ഞങ്ങള്‍ മാറി നില്‍ക്കാം” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതോടെ ഞാന്‍ തിരിച്ചൊന്നും പറഞ്ഞില്ലെന്നും പത്മജ പറയുന്നു.

കോണ്‍ഗ്രസ് വിട്ടു പോകണമെന്ന് മൂന്ന് കൊല്ലമായിട്ട് എടുത്ത തീരുമാനമാണ്. ബി ജെ പി ഇങ്ങോട്ട് ബന്ധപ്പെട്ടതാണ്. ഇടനിലക്കാരുമായി ആരുമില്ല. ദേശീയ നേതൃത്വം സമീപിക്കുകയായിരുന്നു. പ്രവർത്തിക്കാനുള്ള സ്വാതന്ത്രം നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. കെ മുരളീധരന്‍ പറയുന്നതിലൊന്നും എനിക്ക് വിഷമം ഇല്ല. അദ്ദേഹത്തിനെതിരെ തൃശൂരില്‍ പ്രചരണത്തിന് പോകേണ്ടി വന്നാല്‍ പോകും. ഞാന്‍ ആരും അല്ലെന്ന് അദ്ദേഹം പറഞ്ഞതിനാല്‍ മനസാക്ഷിക്കുത്തുമില്ല.

അച്ഛന്റെ വലിപ്പമൊക്കെ മനസ്സിലാക്കിയാവും കേന്ദ്ര നേതൃത്വം തന്നെ ഇടപെട്ടത്. തീരുമാനിച്ച ഉടന്‍ തന്നെ മുരളീധരനേയും കെ സുധാകരനേയുമെല്ലാം വിവാരം അറിയിച്ചിരുന്നു. മിനിയാന്ന് രാത്രിവരെ തീരുമാനം എടുക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ഒടുവില്‍ ഞാന്‍ ആ തീരുമാനം എടുക്കുകയായിരുന്നുവെന്നും പത്മജ കൂട്ടിച്ചേർക്കുന്നു.

Facebook Comments Box

By admin

Related Post