Kerala News

രക്ഷാപ്രവർത്തനത്തിലേർപ്പെടുന്നതിനിടെ അപകടത്തിൽപ്പെട്ട് കൈവിരലറ്റ വിജയന് ആശ്വാസമേകി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

Keralanewz.com

കാഞ്ഞിരപ്പളളി: വാഹനാപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിലായ ആളെ ആശുപത്രിയിൽ കൊണ്ടു പോകും വഴി വീണ്ടും അപകടമുണ്ടായി പരിക്ക് പറ്റി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിജയൻ പാറേപ്പുരയിടത്തിൽ എന്ന മനുഷ്യസ്നേഹിക്ക് ആശ്വാസമേകി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയെത്തി.

കഴിഞ്ഞ ഫെബ്രുവരി 08 ചൊവ്വാഴ്ച്ച രാവിലെ ഒൻപതു മണിയോടുകൂടി ചിറ്റടി ജംഗ്ഷനിൽ വച്ച് സ്വകാര്യബസിൽ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് ടയറിന് അടിയിൽ പെട്ട് ഗുരുതരാവസ്ഥയിലായ ലില്ലിക്കുട്ടി എന്ന സ്ത്രീയെ ആശുപത്രിയിൽ എത്തിക്കുന്നതിന് ആരും മുന്നോട്ടു വരാതിരുന്നപ്പോൾ തക്കസമയത്ത് ആ ബസിൽ യാത്ര ചെയ്തിരുന്ന ദിവസക്കൂലി തൊഴിലാളിയായ മടുക്ക ചകിരിമേട് പട്ടികവർഗ്ഗ കോളനിയിലെ താമസക്കാരനായ ശ്രീ. വിജയൻ പാറേപ്പുരയിടം എന്നയാൾ ലില്ലിക്കുട്ടിയെ കോരിയെടുത്ത് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലേക്ക് അതിവേഗം കുതിക്കുകയായിരുന്നു. ദൗർഭാഗ്യവശാൽ പാറത്തോട് എത്തിയപ്പോൾ ആ ഓട്ടോറിക്ഷയും അപകടത്തിൽപ്പെട്ടു. ഓട്ടോറിക്ഷ മറിയുന്ന അവസരത്തിൽ പരിക്കുപറ്റിയ രോഗിയെ ഉപേക്ഷിച്ച് സ്വയം രക്ഷപ്പെടാൻ ശ്രമിക്കാതെ മനുഷ്യത്വത്തിന്റെ വലിയ ഉദാഹരണമായി വിജയൻ അപകടത്തിൽപ്പെട്ട ലില്ലിക്കുട്ടിയെ കൂടുതൽ പരിക്ക് പറ്റാതെ രക്ഷിക്കുന്നതിനിടയിൽ വിജയൻ്റെ ഇടത്തെ കൈയിലെ തള്ളവിരൽ പൂർണ്ണമായും വിരലറ്റു പോയി.

തുടർന്ന് നാട്ടുകാർ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ട്രോമാ കെയർ വിഭാഗത്തിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറി വിഭാഗം സീനിയർ സർജൻ ഡോ. കുരുവിള, ഓർത്തോ പീഡിക് & ജോയിന്റ് റീപ്ലേസ്മെന്റ് വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. ബ്ലെസ്സൺ എന്നിവരുടെ മേൽനോട്ടത്തിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. തൻ്റെ ഒരു വിരൽ നഷ്ടമായെങ്കിലും അതിലുപരിയായി മറ്റു രണ്ടു ജീവനുകൾ രക്ഷിക്കാൻ സാധിച്ചുവെന്ന ആശ്വാസമാണ് വിജയൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ .എം.എൽ.എയോട് പങ്ക് വെച്ചത്.

മടുക്ക മേഖലയിലെ ട്രൈബൽ കുടുംബത്തിൽ നിന്നും വരുന്ന വിജയൻ അസുഖത്തെ തുടർന്ന് പത്തു വർഷം മുൻപ് വരെ തളർന്നു കിടപ്പിലായിരുന്നു. തുടർന്ന് ആയുർവേദ, തിരുമ്മൽ ചികിത്സയിലൂടെ ആരോഗ്യശേഷി വീണ്ടെടുത്ത വിജയൻ കഴിഞ്ഞ രണ്ടു വർഷമായി കാഞ്ഞിരപ്പളളി കുന്നുംഭാഗത്തുള്ള സ്വകാര്യ മില്ലിൽ ജോലി ചെയ്യുകയായിരുന്നു. മജ്ഞുളയാണ് ഭാര്യ, സോഷ്യൽ വർക്ക് വിദ്യാർത്ഥിയായ മകളടക്കം നാലു മക്കളാണ് വിജയന് ഉള്ളത്.

അപകടത്തിൽ പരിക്കേറ്റ ലില്ലിക്കുട്ടി (54) ഇന്ന് (09.02.2022) പാലായിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായി. ബസ് കണ്ടക്ടർ കോരുത്തോട് എലവുംപാറയിൽ എബിൻ (30) കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്

Facebook Comments Box