Kerala News

വേനൽ കനത്തു, റബർ ഉത്പാദനം കുറഞ്ഞു

Keralanewz.com

പൊൻകുന്നം: വേനൽ കനത്തതോടെ റബർ ഉത്പാദനം ഗണ്യമായി കുറഞ്ഞു.ഇതോടെ റബറിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന മലയോര മേഖലയിലെ ചെറുകിട റബർ കർഷകരും ടാപ്പിംഗ് തൊഴിലാളികളും ഒരു പോലെ പ്രതിസന്ധിയിലായിരിക്കുകയാണ്.മഴ താമസിച്ച് നിന്നതിനാൽ മെച്ചപ്പെട്ട ഉത്പാദനം കിട്ടുമെന്നായിരുന്നു പ്രതീക്ഷ.എന്നാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉത്പാദനത്തിൽ 30 ശതമാനം വരെ കുറവുണ്ടായതായി കർഷകർ പറയുന്നു.ഇതിനിടെ ഇലപൊഴിച്ചിലും ഇലപ്പൊട്ട് രോഗബാധയും മൂലം മിക്ക തോട്ടങ്ങളിലെയും ഇലകൾ മൂന്ന് തവണ വരെ  പൊഴിഞ്ഞിരുന്നു

റബർ ഉത്പാദന കുറവ് ആഭ്യന്തര ഉപയോഗത്തെയും ബാധിക്കുവാൻ സാധ്യതയുണ്ട്. ഇത്തവണ 11 ലക്ഷം ടൺ സ്വാഭാവിക റബറാണ് ആഭ്യന്തര ഉപയോഗത്തിന് വേണ്ടത്. എന്നാൽ ഉൽപാദനം 8 – 8.5 ലക്ഷം ടണ്ണിൽ കൂടുതൽ ലഭിക്കില്ലെന്നാണ് കരുതുന്നതെന്ന് റബർ ബോർഡ് അധികൃതർ വിലയിരുത്തുന്നത്.റബർ ഉത്പാദനത്തിലെ കുറവു പോലെ തന്നെ ലാറ്റക്സിൻ്റെ അളവിലും വലിയ തോതിൽ കുറവുണ്ടായതായി റബർ ഉത്പാദക സംഘം ഭാരവാഹികൾ പറഞ്ഞു. ചില സംഘങ്ങളിൽ കഴിഞ്ഞ വർഷം 456 മെട്രിക് ടൺ ലാറ്റക്സ് കിട്ടിയ സ്ഥാനത്ത് ഇത്തവണ ഡിസംബർ വരെ 310 മെട്രിക് ടണ്ണാണ് ലഭിച്ചിട്ടുള്ളത്

ഷീറ്റ് 130 മെട്രിക് ടണ്ണിന്റെ സ്ഥാനത്ത് 60 മെട്രിക് ടണ്ണും ഒട്ടുപാൽ 264 മെട്രിക് ടൺ  ലഭിച്ചപ്പോൾ ഇത്തവണ 150 മെട്രിക് ടൺ മാത്രവുമാണ് ലഭിച്ചിട്ടുള്ളത്. റബർ ആക്ടിൽ ഭേദഗതി വരുത്താനുള്ള നീക്കവും റബർ വാണിജ്യ വിളയായി തുടരുന്നത് മൂലവും ചെറുകിട കർഷകർ പലരും സമ്മിശ്ര കൃഷിയിലേക്ക് മാറുന്ന സ്ഥിതിയാണുള്ളത്.

Facebook Comments Box