Fri. Apr 19th, 2024

സംസ്ഥാനത്ത്‌ സ്‌കൂൾ തുറക്കുക രക്ഷിതാക്കളടക്കമുള്ള കുടുംബാംഗങ്ങൾ വാക്‌സിൻ സ്വീകരിച്ചെന്ന്‌ ഉറപ്പാക്കിയശേഷം

By admin Sep 12, 2021 #news
Keralanewz.com

സംസ്ഥാനത്ത്‌ സ്‌കൂൾ തുറക്കുക രക്ഷിതാക്കളടക്കമുള്ള കുടുംബാംഗങ്ങൾ വാക്‌സിൻ സ്വീകരിച്ചെന്ന്‌ ഉറപ്പാക്കിയശേഷം. നിലവിൽ 18 വയസ്സിനു മുകളിലുള്ള 79 ശതമാനം പേരും ആദ്യഡോസ്‌ സ്വീകരിച്ചിട്ടുണ്ട്‌. കുട്ടികളിൽ രോഗപ്രതിരോധ ശേഷി കൂടുതലാണെന്ന്‌ കണ്ടെത്തി വിദേശങ്ങളിൽ പ്രൈമറി ക്ലാസ്‌ ആരംഭിച്ചെങ്കിലും കേരളത്തിൽ വിദ്യാർഥികളുള്ള വീടുകളിലെ മുതിർന്ന അംഗങ്ങൾ വാക്‌സിൻ സ്വീകരിച്ചെന്ന്‌ ഉറപ്പാക്കേണ്ടത്‌ അനിവാര്യമാണെന്നാണ്‌ വിദഗ്‌ധ അഭിപ്രായം.

കോളേജുകൾ ഒക്‌ടോബർ നാലിന്‌ തുറക്കുന്നതിന്‌ പിന്നാലെ 10, പ്ലസ്‌ടു ക്ലാസുകൾ ഷിഫ്‌റ്റ്‌ അടിസ്ഥാനത്തിൽ ആരംഭിക്കണമെന്നും വിദഗ്‌ധർ നിർദേശിച്ചിട്ടുണ്ട്‌. എന്നാൽ, വീടുകളിലെ വാക്‌സിനേഷനാണ്‌ സർക്കാർ പ്രഥമ പരിഗണന നൽകുന്നത്‌.

കോളേജുകളിൽ ബിരുദം, ബിരുദാനന്തര ബിരുദം അവസാനവർഷ ക്ലാസ്‌ ആരംഭിക്കുന്നതിനുമുമ്പ്‌ വിദ്യാർഥികൾക്ക്‌ ഒരു ഡോസ്‌ വാക്‌സിനെങ്കിലും ഉറപ്പാക്കും. സ്‌കൂൾ വിദ്യാർഥികൾക്ക്‌ വാക്‌സിൻ നൽകാൻ ഇതുവരെ കേന്ദ്രസർക്കാർ അനുമതിയില്ല. എന്നാൽ, വാക്‌സിൻ നൽകാതെ സ്‌കൂൾ തുറക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക്‌ അനുമതി നൽകിയിരുന്നു. ഇതര സംസ്ഥാനത്തെ അപേക്ഷിച്ച്‌ വയോജനങ്ങൾ കൂടുതലായതിനാൽ വീടുകളിലെ എല്ലാവരും വാക്‌സിനെടുത്തു എന്ന്‌ ഉറപ്പാക്കി മാത്രമേ കേരളത്തിൽ കുട്ടികളെ സ്‌കൂളുകളിലെത്തിക്കൂ.

വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പിലെയും കോവിഡ്‌ വിദഗ്‌ധസമിതിയിലെയും ഉന്നതരും ദേശീയതലത്തിലെ വിദഗ്‌ധരുമായി ആശയവിനിമയം തുടരുകയാണ്‌. വിദഗ്‌ധരുടെ അഭിപ്രായം സ്വരൂപിച്ച്‌ വിദ്യാഭ്യാസ വകുപ്പ്‌ സർക്കാരിന്‌ സമർപ്പിക്കും. കോവിഡ്‌ വ്യാപന തോത്‌ അറിയാൻ ആരോഗ്യ വകുപ്പ്‌ നടത്തുന്ന സിറോ പ്രിവിലൻസ്‌ സർവേ ഫലവുംകൂടി പരിശോധിക്കും. ആറുമുതൽ 15 വയസ്സുവരെയുള്ള കുട്ടികളിലെ ആന്റിബോഡി സാന്നിധ്യം തീരുമാനത്തിന്‌ പ്രധാനമാണ്‌. സിറോ സർവേ ഫലം ഈ മാസാവസാനം പ്രസിദ്ധീകരിക്കും

Facebook Comments Box

By admin

Related Post