Kerala News

മലമ്ബുഴ ചെറാട് മലയില്‍ നിന്ന് സൈന്യം രക്ഷപ്പെടുത്തിയ ബാബുവിന്റെ ആരോഗ്യനില തൃപ്തികരം; ഇന്ന് ആശുപത്രി വിട്ടേക്കും

Keralanewz.com

പാലക്കാട്: മലമ്ബുഴ ചെറാട് മലയില്‍ നിന്ന് സൈന്യം രക്ഷപ്പെടുത്തിയ 23കാരന്‍ ബാബു ഇന്ന് ആശുപത്രി വിട്ടേയ്ക്കും.

രക്ത സമ്മര്‍ദം സാധാരണ നിലയിലായി. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ബാബു ചികിത്സയില്‍ കഴിയുന്നത്. ബാബുവിനെ കാണാന്‍ കഴിഞ്ഞ ദിവസം മാതാവ് ആശുപത്രിയില്‍ എത്തിയിരുന്നു.

ജില്ലാ ആശുപത്രിയില്‍ ബാബുവിനായി ഐസിയു ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് സജ്ജമാക്കിയത്. മലമ്ബുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ അതിസാഹസികമായി രക്ഷിച്ച്‌ സമാനതകളില്ലാത്ത രക്ഷാ ദൗത്യം ഏറ്റെടുത്താണ് ഇന്ത്യന്‍ സൈന്യം മാതൃകയായത്. ബാബുവിനെ സൈനികര്‍ മുകളിലെത്തിച്ചത് സുരക്ഷാ ബെല്‍റ്റും കയറും ഉപയോഗിച്ചാണ്.

മലമുകളില്‍ നിന്ന് യുവാവിനെ ഹെലികോപ്റ്ററിലാണ് കഞ്ചിക്കോട്ടെത്തിച്ചത്. തുടര്‍ന്ന് ആംബുലന്‍സില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രക്ഷാ ദൗത്യത്തിന് നേതൃത്വം നല്‍കിയത് ആര്‍മിയുടെ മദ്രാസ് റെജിമെന്റിലെ കേണല്‍ ശേഖര്‍ അത്രിയാണ്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ രക്ഷാദൗത്യമാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ചെങ്കുത്തായ മലനിരകളിലേക്ക് കടക്കുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിനായി ഇന്ത്യന്‍ ആര്‍മിയും സംസ്ഥാന പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരുമിക്കുകയായിരുന്നു. ആയിരം അടി ഉയരമുള്ള മലയുടെ 600 അടിയോളം ഉയരമുള്ള പൊത്തില്‍ കുടുങ്ങിക്കിടക്കുന്ന ആളെ രക്ഷപ്പെടുത്തുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമാണ്.

Facebook Comments Box