Kerala News

‘ചാനലിന് പറയാനുള്ളത് കേള്‍ക്കാതെ ലൈസന്‍സ് റദ്ദാക്കി’; മീഡിയ വണ്‍ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

Keralanewz.com

കൊച്ചി: സംപ്രേഷണം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സിംഗിള്‍ബെഞ്ച് ശരിവച്ചതിനെതിരെ മീഡിയ വണ്‍ ചാനല്‍ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും.

ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുക.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് തന്നെ സംശയാസ്പദമാണെന്നും, ചാനലിന് പറയാനുള്ളത് കേള്‍ക്കാതെ ലൈസന്‍സ് റദ്ദാക്കിയെന്നുമാണ് അപ്പീലില്‍ പറയുന്നത്. ഒരു വാര്‍ത്താ ചാനലിന് എപ്പോഴും ഭരണകൂടത്തെ തൃപ്തിപ്പെടുത്തി വാര്‍ത്തകള്‍ നല്‍കാനാകില്ലെന്നും ചൂണ്ടിക്കാണിക്കുന്നു.

ചാനല്‍ ഉടമകളായ മാദ്ധ്യമം ബ്രോഡ്‌കാസ്റ്റിംഗ് ലിമിറ്റഡും ചാനല്‍ ജീവനക്കാരും കേരള പത്രപ്രവര്‍ത്തക യൂണിയനുമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. ജനുവരി 31നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ളിയറന്‍സ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി സംപ്രേഷണം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. തുടര്‍ന്ന് ചാനല്‍ കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍ കേന്ദ്ര സര്‍ക്കാ‍ര്‍ ഹാജരാക്കിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളിലെ പരാമര്‍ശങ്ങള്‍ ഗൗരവതരമാണെന്ന് നിരീക്ഷിച്ചുകൊണ്ട് ജസ്റ്റിസ് എന്‍ നഗരേഷിന്‍റെ സിംഗിള്‍ ബഞ്ച് മീഡിയ വണ്‍ ചാനലിന്‍റെ ഹര്‍ജി തള്ളുകയായിരുന്നു.

Facebook Comments Box