Thu. Apr 25th, 2024

അനധികൃത കൊടിമരങ്ങള്‍: ഉദ്യോഗസ്ഥര്‍ നടപടി നേരിടേണ്ടി വരും

By admin Nov 26, 2021 #highcourt
Keralanewz.com

കൊച്ചി: പാതയോരത്തും പൊതുസ്ഥലത്തും അനധികൃതമായി നാട്ടിയ കൊടിമരങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും റവന്യൂ അധികൃതരും ഭൂസംരക്ഷണ നിയമപ്രകാരമുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ്.

പന്തളത്ത് മന്നം ആയുര്‍വേദ മെഡിക്കല്‍ കോളേജിനു മുന്നിലെ കൊടിമരങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോളേജ് മാനേജ്മെന്റ് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുസ്ഥലങ്ങളില്‍ അനധികൃതമായി കൊടിമരങ്ങള്‍ സ്ഥാപിച്ചിട്ടുള്ളവര്‍ക്ക് അവ നീക്കം ചെയ്യാന്‍ സിംഗിള്‍ബെഞ്ച് നവംബര്‍ 24 വരെ സമയം നല്‍കിയിരുന്നു. ഇതിനായി പ്രചാരണം നടത്താന്‍ സര്‍ക്കാരിന് നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഇതിനു വ്യാപക പ്രചാരണം നല്‍കിയെന്ന് ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ വിശദീകരിച്ചു.

ഇത്തരത്തില്‍ അനുവദിച്ച സമയം കഴിഞ്ഞു. പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങള്‍ ഇനിയും നീക്കം ചെയ്യാത്തവര്‍ നടപടി നേരിടേണ്ടി വരും. ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നടപടി വ്യക്തമാക്കാന്‍ അഡി. അഡ്വക്കേറ്റ് ജനറല്‍ ഹാജരാകുമെന്നും ഇതിനായി ഒരാഴ്ച കൂടി സമയം വേണമെന്നും സര്‍ക്കാര്‍ അഭിഭാഷന്‍ വാദിച്ചു. തുടര്‍ന്ന് ഹര്‍ജി ഡിസംബര്‍ രണ്ടിനു പരിഗണിക്കാന്‍ മാറ്റി.

Facebook Comments Box

By admin

Related Post