Thu. Apr 25th, 2024

എവിടെയെങ്കിലും നിന്നും വരുന്നവര്‍ക്കല്ല ഇതു വില്‍ക്കുന്നത്, മദ്യവില്‍പ്പനയ്ക്ക് മാന്യമായ സൗകര്യങ്ങള്‍ വേണം: കോടതി

By admin Jul 30, 2021 #highcourt
Keralanewz.com

കൊച്ചി: മദ്യത്തോടുള്ള ഒരാളുടെ താത്പര്യം പൊതുവഴിയില്‍ പ്രദര്‍ശിപ്പിക്കേനടി വരരുതെന്ന് ഹൈക്കോടതി. എവിടെയെങ്കിലും നിന്നും വരുന്നവര്‍ക്കല്ല, നമ്മുടെ പൗരന്മാര്‍ക്കാണ് മദ്യം വില്‍ക്കുന്നതെന്നും മദ്യവില്‍പ്പനയ്ക്ക് മാന്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും സര്‍ക്കാരിനും ബിവറേജസ് കോര്‍പ്പറേഷനും ഹൈക്കോടതിയുടെ നിര്‍ദേശം.

‘നമ്മുടെ രാജ്യത്തെ പൗരന്മാര്‍ക്കാണ് ഇതു വില്‍ക്കുന്നത്, എവിടെയെങ്കിലും നിന്നും വരുന്നവര്‍ക്കല്ല. പൗരന്മാര്‍ക്ക് പൗരന്മാര്‍ എന്ന നിലയിലുള്ള ചില അടിസ്ഥാന അവകാശങ്ങളുണ്ട്’- ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

കുറെക്കൂടി സംസ്‌കാരമുള്ള രീതിയില്‍ മദ്യശാലകള്‍ നടത്തണമെന്നും പാര്‍ക്കിങ് സൗകര്യം ഇല്ലാത്തതും ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കുന്നതുമായ 96 ഔട്ട്‌ലെറ്റുകള്‍ ഉണ്ടെന്ന ബെവ്‌കോയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു.

‘മദ്യത്തോടുള്ള ഒരാളുടെ താത്പര്യം പൊതുവഴിയില്‍ പ്രദര്‍ശിപ്പിക്കേണ്ടി വരരുത്. മദ്യ വില്‍പ്പനയ്ക്ക് പുതിയൊരു സംസ്‌കാരം ഉണ്ടാവണം. ഇപ്പോള്‍ തങ്ങളുടെ പ്രദേശത്ത് മദ്യവില്‍പ്പന വരുന്നതിനെ ആളുകള്‍ ഭയ്ക്കുകയാണ്. ഒട്ടേറെ പരാതികളാണ് കോടതിക്ക് ഇതുമായി ബന്ധപ്പെട്ടു ലഭിച്ചത്. ചില ഫോട്ടോഗ്രാഫുകളെല്ലാം ഞെട്ടിക്കുന്നതാണ്. സ്ത്രീകളും കുട്ടികളും മദ്യശാലയ്ക്കു സമീപത്തുകൂടി പോവാന്‍ ഭയപ്പെടുന്നു. പുരുഷന്മാര്‍ തന്നെ അതിനു മടിക്കുന്നുണ്ട്- കോടതി പറഞ്ഞു.

കുറെക്കൂടി സംസ്‌കാരമുള്ള രീതിയില്‍ മദ്യശാലകള്‍ നടത്തൂ. സംസ്‌കാരമുള്ള രീതിയിലാണ് അവ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്തൂ. മറ്റേതൊരു കച്ചവടത്തേയും പോലെ ആയാല്‍ മദ്യശാലകളെ ജനങ്ങള്‍ എതിര്‍ക്കില്ല. വ്യാജ ഉത്പന്നങ്ങള്‍ വില്‍ക്കും പോലെയല്ല മദ്യം വില്‍ക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു

Facebook Comments Box

By admin

Related Post