Thu. May 2nd, 2024

ശിരോവസ്ത്ര കേസിലെ ജഡ്ജിമാര്‍ക്ക് വധഭീഷണി; മൂന്നു പേര്‍ അറസ്റ്റില്‍

By admin Mar 21, 2022 #highcourt #hijab #terrorism
Keralanewz.com

ബംഗളൂരു: ശിരോവസ്ത്ര കേസില്‍ വിധി പറഞ്ഞ കര്‍ണാടക ഹൈകോടതി സ്പെഷല്‍ ബെഞ്ചിലെ ജഡ്ജിമാര്‍ക്ക് വധഭീഷണി ഉയര്‍ത്തിയെന്ന കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍.

തമിഴ്നാട് തൗഹീദ് ജമാഅത്ത് (ടി.എന്‍.ടി.ജെ) ഭാരവാഹികളായ കോവൈ റഹ്മത്തുല്ല, എസ്. ജമാല്‍ മുഹമ്മദ് ഉസ്മാനി, ഹബീബുല്ല എന്നിവരാണ് അറസ്റ്റിലായത്.

റഹ്മത്തുല്ലയെ തിരുനെല്‍വേലിയില്‍നിന്നും ജമാലിനെ തഞ്ചാവൂരില്‍നിന്നുമാണ് തമിഴ്നാട് പൊലീസ് ശനിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്. അഭിഭാഷകനായ സുധ കട്വ ബംഗളൂരു വിധാന്‍സൗധ പൊലീസില്‍ നല്‍കിയ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷനിയമത്തിലെ 506 (1), 505 ഒന്ന് ബി, 153 എ, 109, 504 വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഈ കേസ് മധുരൈ പൊലീസിന് കൈമാറുമെന്ന് ബംഗളൂരു പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ കര്‍ണാടകയിലും തമിഴ്നാട്ടിലുമായി നിരവധി പരാതികള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു.

ജഡ്ജിമാര്‍ക്കെതിരായ വധഭീഷണി സംബന്ധിച്ച്‌ അഭിഭാഷകരായ സുധ കട്വ, ഉമാപതി എന്നിവര്‍ കര്‍ണാടക ഹൈകോടതി രജിസ്ട്രാര്‍ക്കും കത്ത് നല്‍കി. വധഭീഷണിയെ തുടര്‍ന്ന് മൂന്ന് ജഡ്ജിമാരുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. മൂവര്‍ക്കും വൈ കാറ്റഗറി സുരക്ഷയൊരുക്കും. ജഡ്ജിമാരുടെ വീടുകള്‍ക്കും കനത്ത സുരക്ഷയൊരുക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.

കര്‍ണാടകയിലെ കോളജുകളിലെ ശിരോവസ്ത്ര നിരോധനത്തിനെതിരെ ഉഡുപ്പി ഗവ. പി.യു വനിത കോളജിലെ ഒരു കൂട്ടം വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹരജിയില്‍ മാര്‍ച്ച്‌ 15നാണ് കര്‍ണാടക ഹൈകോടതി വിധി പുറപ്പെടുവിച്ചത്.

വിലക്ക് ശരിവെച്ചുള്ള ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് ജൈബുന്നീസ എം. കാസി, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് എന്നിവരടങ്ങുന്ന ഭരണഘടന ബെഞ്ചിന്‍റെ ഉത്തരവിനെതിരെ രാജ്യത്തുടനീളം വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

മാര്‍ച്ച്‌ 17ന് മധുരൈ ഗൗരിപാളയത്ത് സംഘടിപ്പിച്ച പ്രതിഷേധ റാലിയിലായിരുന്നു ടി.എന്‍.ടി.ജെ നേതാവ് കോവൈ റഹ്മത്തുല്ലയുടെ വിവാദ പ്രസംഗം.

ശിരോവസ്ത്ര കേസിലെ വിധിയെ തുടര്‍ന്ന് ജഡ്ജിമാര്‍ കൊല്ലപ്പെട്ടാല്‍ അവരുടെ മരണത്തിന് അവര്‍ മാത്രമാകും ഉത്തരവാദികളെന്നും കര്‍ണാടക ചീഫ് ജസ്റ്റിസ് പ്രഭാതസവാരിക്ക് എവിടെയാണ് പോകുന്നതെന്ന് ജനങ്ങള്‍ക്കറിയാമെന്നും ഝാര്‍ഖണ്ഡിലെ ജഡ്ജിയുടെ അപകട മരണത്തെ വ്യംഗ്യേന സൂചിപ്പിച്ച്‌ റഹ്മത്തുല്ല പറഞ്ഞിരുന്നു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിഷയത്തില്‍ നടപടിയാവശ്യപ്പെട്ട് തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ കെ. അണ്ണാമലൈ മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് എം.എന്‍. ഭണ്ഡാരിക്ക് കത്തുനല്‍കിയിരുന്നു.

Facebook Comments Box

By admin

Related Post