Tue. May 21st, 2024

ഗുരുവായൂരും നാട്ടികയിലും സിപിഎം ബിജെപിക്ക് വോട്ട് മറിച്ചു; കണക്കുകള്‍ കിട്ടിയെന്ന് കെ മുരളീധരൻ

By admin May 1, 2024
Keralanewz.com

തൃശൂർ ലോക്സഭാ മണ്ഡലത്തില്‍ ബി ജെ പിക്ക് സി പി എം വോട്ട് മറിച്ചെന്ന ആരോപണവുമായി യു ഡി എഫ് സ്ഥാനാര്‍ഥി കെ മുരളീധരൻ.

പലയിടത്തും ക്രോസ് വോട്ടിങ് ഉണ്ടായെന്നും ഗുരുവായൂര്‍, നാട്ടിക മണ്ഡലങ്ങളില്‍ ഇത് പ്രകടമായെന്നും മുരളീധരൻ മനോരമ ന്യൂസിനോട് പ്രതികരിച്ചു.

‘ഇപി ജയരാജൻ ബി ജെ പിയിലേക്ക് പോകില്ല. പിണറായി വിജയനും ബി ജെ പിക്കുമിടയിലെ പാലം എന്ന നിലയില്‍ ഇപി പ്രവർത്തിച്ചിട്ടുണ്ട്. കാരണം ഇപി തന്നെ പറയുന്നുണ്ട്, ലാവ്ലിൻ കേസില്‍ ദ്രോഹിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ എല്ലാം മാറ്റിത്തരാം തൃശൂരില്‍ ജയിപ്പിച്ചാല്‍ മതിയെന്നാണ് ബി ജെ പി നേതൃത്വം പറഞ്ഞതത്രേ. 2026 ലും നിങ്ങളെ സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും ജയരാജൻ പറയുന്നുണ്ട്. ഇതൊക്കെ വ്യക്തമായിട്ടുളള ഡീല്‍ തന്നെയാണ്’, മുരളീധരൻ ആരോപിച്ചു.

‘ബി ജെ പി-സി പി എം ഡീല്‍ നടന്നിട്ടുണ്ട്. ഗുരുവായൂർ,നാട്ടിക മണ്ഡലം കേന്ദ്രീകരിച്ചാണ് ഡീല്‍ നടന്നിട്ടുള്ളത്. തിരഞ്ഞടുപ്പിന്റെ ബൂത്ത് തല അവലോകനം നടത്തിയിരുന്നു. ഈ രണ്ട് മണ്ഡലത്തിലാണ് ഇത് പ്രകടമായി കാണാനായത്. മറ്റ് മണ്ഡലങ്ങളില്‍ സി പി എം നേതാക്കളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നില്ല. ഇതിനെല്ലാം പുറമെ സാധാരണ തർക്കങ്ങളൊന്നും ഇല്ലാതെയാണ് ഇത്തവണ തിരഞ്ഞെടുപ്പ് സമാപിച്ചത്.

ഡീല്‍ നടന്നുവെന്നത് ഇ പി-ജാവേദ്കർ കൂടിക്കാഴ്ചയില്‍ നിന്ന് വ്യക്തമാണ്. യു ഡി എഫിനെ ഇത് ബാധിച്ചിട്ടില്ല. കാരണം ഞങ്ങളുടെ വോട്ടില്‍ അല്ല, ഇടതുപക്ഷത്തിന്റെ വോട്ടിലാണ് കാര്യമായ ചോർച്ച സംഭവിച്ചിട്ടുള്ളത്. ജൂണ്‍ നാലിന് ഇത് വ്യക്തമാകും. സി പി എമ്മിന് ശക്തിയുള്ള പല പഞ്ചായത്തിലും അവർക്ക് വോട്ട് കുറയും. ഇടതുപക്ഷത്തിന്റെ വോട്ട് കിട്ടുന്നതിന്റെ മെച്ചം ബി ജെ പിക്കുണ്ടാകും. പക്ഷേ അവർ രണ്ടാം സ്ഥാനത്ത് എത്തുമോയെന്ന് പറയാനാകില്ല’, മുരളീധരൻ പറഞ്ഞു.

പോളിങ് കഴിഞ്ഞതിന് പിന്നാലെ, വടകരയിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച്‌ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന അപകടകരമായ വർഗീയ പ്രചരണം സംബന്ധിച്ചും മുരളീധരൻ പ്രതികരിച്ചു. ‘യൂത്ത് ലീഗിന് വർഗീയ പ്രചരണം നടത്തില്ല. വലിയ ഭൂരിപക്ഷത്തോടെ ജയിച്ച കെകെ ശൈലജ വടകരയില്‍ തോല്‍ക്കാൻ പോകുന്ന ദുഃഖത്തിലുണ്ടാക്കിയ കഥായാണെങ്കില്‍ ഇത് ദൗർഭാഗ്യകരമാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഞാനടക്കം ജയിച്ചത് മുസ്ലീം വോട്ട് നേടിയാണ്. അവർ ജാതി നോക്കിയാണോ വോട്ട് ചെയ്തത്? മുസ്ലീം സമുദായം ജാതി നോക്കി വോട്ട് ചെയ്യില്ല. ഭൂരിപക്ഷ വർഗീയതയുടെ സ്വഭാവം മാർക്കിസ്റ്റ് പാർട്ടിയെ പിടികൂടിയിട്ടുണ്ട്’, മുരളീധരൻ പറഞ്ഞു. സംസ്ഥാനത്ത് 20 സീറ്റും നേടുമെന്നും മുരളീധരൻ ആവർത്തിച്ചു.

Facebook Comments Box

By admin

Related Post