Tue. May 21st, 2024

നടപടിയില്ലാത്തതില്‍ ഒരു വിഭാഗത്തിന് അമര്‍ഷം: ‘നിഷ്‌കളങ്കന്‍’ ജയരാജനെ സിപിഎമ്മിനു ഭയം

By admin May 1, 2024
Keralanewz.com

തിരുവനന്തപുരം: നാളെങ്ങുമില്ലാത്ത വിധത്തില്‍ പാര്‍ട്ടിയെ വെട്ടിലാക്കിയിട്ടും ഇ.പി. ജയരാജനെ സിപിഎം നിഷ്‌കളങ്കനെന്ന് വിശേഷിപ്പിച്ചു തലോടിയത് ഭയപ്പാടു മൂലം.

കൂടിക്കാഴ്ച വിഷയത്തില്‍ താക്കീതുപോലും നല്കാത്തത് ഇപി രഹസ്യങ്ങളുടെ ഭാണ്ഡം തുറക്കുമെന്നതിനാല്‍. നടപടിയില്ലാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷമുയരുന്നു.

സംസ്ഥാനത്തെ സിപിഎമ്മിന്റെ രണ്ടാമനായ ഇ.പി. ജയരാജന്‍ ഒന്നാമനായ പിണറായി വിജയന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു. വിഎസ് പക്ഷത്തെ പൂര്‍ണമായി നിലംപരിശാക്കി പിണറായി വിജയന്റെ കൈയിലേക്കു പാര്‍ട്ടിയെ എത്തിക്കാന്‍ പ്രയത്‌നിച്ചത് ഇപിയാണ്. ദാരിദ്ര്യത്തിലായിരുന്ന പാര്‍ട്ടിക്ക് ഫണ്ടുണ്ടാക്കാന്‍ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍, ചാക്ക് രാധാകൃഷ്ണന്‍ തുടങ്ങിയ വിവാദ വ്യവസായികളുമായി സൗഹൃദം സൃഷ്ടിച്ചത് ഇപിയാണ്. പാര്‍ട്ടിക്കു ഫണ്ട് എത്തുന്നത് ഇപിയിലൂടെയാണ്. പിണറായിയുടെ എല്ലാ രഹസ്യങ്ങളും ഇടപാടുകളും ഇപിക്കു കൃത്യമായി അറിയാം. മുഖ്യമന്ത്രിയുടെ മാത്രമല്ല സിപിഎം നേതാക്കളുടെയെല്ലാം ഇടപാടുകളുടെ കൃത്യമായ വിവരം കൈവശമുണ്ട്.

അതുകൊണ്ടാണ് തെരഞ്ഞെടുപ്പുദിനത്തിലെ ഇപിയുടെ തുറന്നുപറച്ചിലില്‍ പോലും ഇപിയെ സംരക്ഷിക്കുന്ന തരത്തില്‍ മുഖ്യമന്ത്രി പറഞ്ഞുനിര്‍ത്തിയത്. പാപിയോടൊപ്പം ശിവന്‍ ചേര്‍ന്നാല്‍ ശിവനും പാപിയാകുമെന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇപിയെ ഭയമുള്ളതു കൊണ്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാതെ ദല്ലാള്‍ നന്ദകുമാറിനെ കാണാന്‍ പോയ നിലപാടില്‍ അമര്‍ഷമുണ്ടായിട്ടും പാര്‍ട്ടി അന്നും നടപടികളിലേക്കു നീങ്ങാതിരുന്നത്.

കഴിഞ്ഞ ദിവസത്തെ സെക്രട്ടേറിയറ്റില്‍ താന്‍ പാര്‍ട്ടിക്കു ചെയ്ത കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് എല്ലാം ഓര്‍മപ്പെടുത്തി. തുടര്‍ന്നാണ് നടപടികള്‍ വേണ്ട, നിയമ നടപടി മതിയെന്ന് പാര്‍ട്ടി തന്നെ തീരുമാനിച്ചത്. ഇതെല്ലാം ഇപിയോടുള്ള ഭയംമൂലമാണെന്നു വ്യക്തമായിട്ടുണ്ട്.

അതേ സമയം, പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയ ഇപിക്കെതിരേ നടപടിയുണ്ടാകാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം കടുത്ത അമര്‍ഷത്തിലാണ്. ഇന്നത്തെ കോണ്‍ഗ്രസ്, നാളത്തെ ബിജെപി എന്ന പ്രചാരണത്തിനിടെ മുതിര്‍ന്ന സിപിഎം നേതാവ് ബിജെപി നേതാവുമായി കൂടിക്കണ്ടത് കനത്ത തിരിച്ചടിയാണ്.

ബിജെപി പ്രഭാരിയുമായുള്ള കൂടിക്കാഴ്ചയെ രാഷ്‌ട്രീയക്കാരുടെ സൗഹൃദമായി കാണാന്‍ ഒരുവിഭാഗം തയാറല്ല. മാത്രമല്ല, സിപിഐ അടക്കമുള്ള ഘടകകക്ഷികള്‍ ഇപിക്കെതിരേ രംഗത്തുണ്ട്. അടുത്ത ഘടകകക്ഷി യോഗത്തില്‍ ഇവര്‍ നടപടി ആവശ്യപ്പെടും. ഇതെല്ലാം സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

Facebook Comments Box

By admin

Related Post