കൊച്ചി: പെരുമ്ബാവൂര്‍ ജിഷാ വധക്കേസില്‍ പ്രതി അമിറുള്‍ ഇസ്‌ളാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. വധശിക്ഷയ്ക്ക് എതിരേ പ്രതി സമര്‍പ്പിച്ച ഹര്‍ജി തള്ളി.
വിചാരണക്കോടതി തെളിവായി സ്വീകരിച്ച ഡിഎന്‍എ അടക്കമുള്ള ശാസ്ത്രീയ തെളിവുകള്‍ തന്നെ കേസില്‍ നിര്‍ണ്ണായകമായി ഹൈക്കോടതിയും എടുക്കുകയായിരുന്നു. വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാരും ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
വധശിക്ഷ റദ്ദാക്കണമെന്നും തന്നെ കുറ്റവിമുക്തനാക്കണമെന്നും താനല്ല മറ്റാരോ ആണ് കൊലപാതകം നടത്തിയത് എന്നെല്ലാമുള്ള പ്രതിയുടെ വാദം കോടതി തള്ളി. കൊച്ചിയിലെ വിചാരണ കോടതിയാണ് നേരത്തെ അമിറുള്‍ ഇസ്ലാമിനെ വധശിക്ഷക്ക് വിധിച്ചത്. 2016 ഏപ്രില്‍ 28നായിരുന്നു പെരുമ്ബാവൂര്‍ ഇരിങ്ങോളില്‍ കനാല്‍ പുറമ്ബോക്കില്‍ താമസിക്കുന്ന ജിഷ എന്ന യുവതി ക്രൂരമായി കൊല്ലപ്പെട്ടത്.
നിയമവിദ്യാര്‍ത്ഥിയായിരുന്നു ജിഷ. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂണ്‍ 16 നാണ് അസം സ്വദേശിയായ അമീറുള്‍ ഇസ്ലാം പിടിയിലാകുന്നത്. താന്‍ കേസില്‍ നിരപരാധിയാണെന്നാണ് അമിറുള്‍ ഇസ്‌ളാമിന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. താന്‍ പ്രതിയല്ലെന്നും തനിക്കെതിരായ തെളിവുകള്‍ പോലീസ് കെട്ടിച്ചമച്ചതാണ്, തന്നെ പിടികൂടിയ ശേഷം പോലീസ് ശാസ്ത്രീയ തെളിവുകളുണ്ടാക്കുകയായിരുന്നു എന്നെല്ലാം അമിറുള്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നെങ്കിലും കോടതി അപ്പീല്‍ തള്ളി.