10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്കെതിരെ മുമ്ബും സമാനകേസ്; തിരിച്ചറിയാൻ സഹായിച്ചത് സി.സി.ടി.വി ദൃശ്യം
കാസർകോട്: ഉറങ്ങിക്കിടന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങള്‍ കവർന്ന ശേഷം പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയായ പി എ സലീമിനെതിരെ മുമ്ബും പോക്സോ കേസ്.
2022ല്‍ ബന്ധുവായ 14കാരിയെയാണ് ഇയാള്‍ ആദൂർ വനത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. സംഭവത്തില്‍ മേല്‍പറമ്ബ് പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് കഴിഞ്ഞ ബുധനാഴ്‌ച വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അയല്‍വാസിയായ 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. സ്വർണാഭരണങ്ങള്‍ കവർന്നശേഷം വീടിനടുത്തുള്ള പറമ്ബില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതിന് തൊട്ടുമുമ്ബ് മറ്റൊരു മോഷണവും ഇയാള്‍ നടത്തിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ കേസിലും പ്രതി സലീം ആണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഇയാള്‍ക്കായി അന്വേഷണ സംഘം കുടകിലേക്ക് തിരിച്ചിട്ടുണ്ട്.
വിവാഹശേഷം വർഷങ്ങളായി കാഞ്ഞങ്ങാട്ടെ പെണ്‍കുട്ടിയുടെ വീടിനടുത്ത് സ്ഥിരതാമസക്കാരനാണ് സലീം. സംഭവം നടന്ന പതിനഞ്ചാം തീയതിക്ക് ശേഷം ഇയാള്‍ വീട്ടില്‍ നിന്ന് മാറിനിന്നതും അന്വേഷണ സംഘത്തിന്‍റെ സംശയം ബലപ്പെടുത്തി.
പ്രതിയുടെ മുഖം വ്യക്തമാകുന്ന കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും തെളിവുകളും പൊലീസിന് ലഭിച്ചു. കുടകിലെ ബന്ധുവീടുകളില്‍ ഉള്‍പ്പെടെ പരിശോധന നടത്തി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.