Kerala News

കോളേജ് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പെണ്‍വാണിഭം: അറസ്റ്റിലായ എസ്ഡിപിഐ പ്രവര്‍ത്തകനെ പുറത്താക്കി

Keralanewz.com

മംഗളൂരു: മംഗളൂരു നഗരത്തിലെ പെണ്‍വാണിഭ ശൃംഖലയിലെ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ ഷരീഫ് ഹൊസങ്കടിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കോളേജ് വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച്‌ നടത്തിവന്നിരുന്ന പെണ്‍വാണിഭ ശൃംഖലയിലെ നാലാമത്തെയാളാണ് ഇപ്പോള്‍ അറസ്റ്റിലാകുന്നത്. രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും അടക്കം മൂന്നു പേരെ പൊലീസ് രണ്ട് ദിവസം മുമ്ബ് അറസ്റ്റ് ചെയ്തിരുന്നു.

മംഗലാപുരത്തെ നന്ദിഗുഡ്ഡെക്ക് സമീപമുള്ള ഫ്ളാറ്റിലാണ് പിയു കോളേജ് വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച്‌ പെണ്‍വാണിഭം നടത്തിയിരുന്നത്. പ്രതികള്‍ക്കെതിരെ പോക്‌സോ ആക്‌ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ അറസ്റ്റിലായ പ്രതികളും നഗരത്തിലെ ഒരു കോളേജില്‍ പഠിക്കുന്ന മറ്റ് രണ്ട് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി കുടുക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നഗരത്തിലെ നന്ദിഗുഡ്ഡയിലുള്ള റിയോണ റസിഡന്‍സിയുടെ അഞ്ചാം നിലയിലെ വാടകമുറിയിലാണ് പ്രതികള്‍ പെണ്‍വാണിഭം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ഷരീഫ് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്നുള്ള എസ്ഡിപിഐ പ്രവര്‍ത്തകനാണ് . എന്നാല്‍ തന്നെ മറ്റു ചിലര്‍ ഹണി ട്രാപ്പില്‍ കുടുക്കുകയായിരുന്നുവെന്നും ബ്ലാക്ക് മെയില്‍ ചെയ്ത് ഇവര്‍ നിരവധി തവണ തന്നില്‍ നിന്നും പണം തട്ടിയിരുന്നതായും പ്രതി പൊലീസിനോട് പറഞ്ഞു. മാത്രമല്ല പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തത് തനിക്ക് അറിയില്ലായിരുന്നുവെന്നും ഇദ്ദേഹം പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. ഷരീഫ് അറസ്റ്റിലായതിന് പിന്നാലെ എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് അഷ്‌റഫ് ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി .

എന്ത് പേരിലായാലും ഇത്തരം പ്രവര്‍ത്തികളില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ചെന്നുപെട്ടത് ഉചിതമായ കാര്യമല്ലെന്നും പാര്‍ട്ടി ഇത് ഗൗരവത്തില്‍ തന്നെയാണ് എടുക്കുന്നതെന്നും ഇതിന്റെ ഭാഗമായാണ് നടപടി കൈക്കൊണ്ടതെന്നും അഷ്റഫ് അറിയിച്ചു. പ്രതിക്ക് പറയാന്‍ പല കാരണങ്ങള്‍ ഉണ്ടെങ്കില്‍ ഇതൊന്നും പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ സാധിക്കുന്നതല്ല എന്നും അറിയിച്ചു.

Facebook Comments Box