Kerala News

പാലായിൽ ഒരു കിലോ കഞ്ചാവുമായി ബംഗാളിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു

Keralanewz.com

കോട്ടയം: വിദ്യാർത്ഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും വിൽക്കാൻ കഞ്ചാവുമായി ബൈക്കിൽ കറങ്ങിയ ബംഗാൾ സ്വദേശി ഒരു കിലോ കഞ്ചാവുമായി പാലായിൽ എക്‌സൈസ് പിടിയിലായി.

ഇയാൾ സഞ്ചരിച്ച ബൈക്കും എക്‌സൈസ് സംഘം പിടിച്ചെടുത്തു. ബംഗാൾ നടുൻഗഞ്ച് ജില്ലയിൽ മുലൂക്ക് (39) എന്നയാളെയായാണ് പാലാ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്റ്റർ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഇതര സംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന മുലൂക്കിനെപ്പറ്റി നാട്ടുകാരാണ് എക്‌സൈസ് സംഘത്തിന് രഹസ്യ വിവരം നൽകിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ ബാഗിനുള്ളിൽ നിന്നും കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഒരു കിലോ കഞ്ചാവിന് 40000 രൂപയ്ക്കാണ് ഇയാൾ വിറ്റിരുന്നത്.

ബംഗാളിൽ നിന്നും ട്രെയിൻ മാർമാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് പ്രതി എക്‌സൈസിനോടു സമ്മതിച്ചു. ഇയാളുടെ കൈയ്യിൽ നിന്നും കഞ്ചാവ് വാങ്ങുന്നവരെ കണ്ടെത്തുന്നതിനായി എക്‌സൈസ് സംഘം അന്വേഷണം തുടങ്ങി.

Facebook Comments Box