Sat. Apr 20th, 2024

ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കുന്നു, പുതിയ ഡിജിപിയെ മന്ത്രിസഭാ യോ​ഗം തെരഞ്ഞെടുക്കും

By admin Jun 30, 2021 #news
Keralanewz.com

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇന്ന് വിരമിക്കും. ബുധനാഴ്ച രാവിലെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ പുതിയ പോലീസ് മേധാവിയെ തീരുമാനിക്കും. വൈകുന്നേരം നാലരയോടെ പോലീസ് ആസ്ഥാനത്തെത്തുന്ന പുതിയ പോലീസ് മേധാവി പോലീസ് സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ബെഹ്‌റയിൽനിന്ന് ചുമതല ഏറ്റെടുക്കും.

വിജിലൻസ് ഡയറക്ടർ എസ് സുദേഷ് കുമാർ, റോഡ് സുരക്ഷാ കമ്മിഷണർ അനിൽ കാന്ത്, അഗ്നിരക്ഷാ വിഭാഗം മേധാവി ഡോ ബി സന്ധ്യ എന്നിവരാണ് പോലീസ് മേധാവിയാകാനുള്ള അന്തിമ പട്ടികയിലുള്ള മൂന്ന് പേർ. രണ്ട് ഘട്ടങ്ങളിലായി അഞ്ചുവർഷത്തെ സേവനത്തിനു ശേഷമാണ് പോലീസ് മേധാവി സ്ഥാനത്തുനിന്ന് ലോക്‌നാഥ് ബെഹ്‌റ പടിയിറങ്ങുന്നത്. ബുധനാഴ്ച രാവിലെ എട്ടിന് പേരൂർക്കട എസ്.എ.പി. മൈതാനത്ത് സംസ്ഥാന പോലീസ് മേധാവിക്ക് വിടവാങ്ങൽ പരേഡ് സംഘടിപ്പിച്ചിട്ടുണ്ട്.

1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലോക്‌നാഥ് ബെഹ്‌റ ഡിജിപി പദവിയിലുള്ള സംസ്ഥാന പോലീസ് മേധാവി, വിജിലൻസ് ഡയറക്ടർ, ജയിൽ മേധാവി, അഗ്നിരക്ഷാ സേനാ വിഭാഗം മേധാവി എന്നീ നാലു തസ്തികകളിലും ജോലിചെയ്ത ഏക വ്യക്തിയാണ്. എൻഐഎയിൽ അഞ്ചുവർഷവും സിബിഐയിൽ 11 വർഷവും പ്രവർത്തിച്ചു. ആലപ്പുഴ എഎസ്പിയായാണ് കേരള പോലീസിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 

1995 മുതൽ 2005 വരെ എസ്പി, ഡിഐജി റാങ്കുകളിലാണ് സിബിഐയിൽ പ്രവർത്തിച്ചത്. സുപ്രീംകോടതിയുടെ പ്രത്യേക ഉത്തരവനുസരിച്ചായിരുന്നു അദ്ദേഹത്തിന് സിബിഐയിൽനിന്ന് വിടുതൽ നൽകിയത്. പുരുലിയ ആയുധവർഷക്കേസ്, മുംബൈ സ്‌ഫോടന പരമ്പര കേസ്, ഹരേൻ പാണ്ഡ്യ കൊലപാതക കേസ് തുടങ്ങിയവയുൾപ്പെടെ രാജ്യശ്രദ്ധ നേടിയ കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകൽ, കലാപം, ഭീകരവാദം തുടങ്ങി വിവിധ കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥനായി പ്രവർത്തിച്ചു.

Facebook Comments Box

By admin

Related Post