Wed. Apr 24th, 2024

കോട്ടയം പാലായിൽ വിവാഹത്തട്ടിപ്പ് വീരൻ അറസ്റ്റിൽ; വിവാഹം കഴിച്ചത് മറച്ച് വച്ച് വിവാഹത്തട്ടിപ്പ് നടത്തി യുവതിയിൽ നിന്നും തട്ടിയെടുത്തത് 20 ലക്ഷം രൂപ; പാലാ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു

By admin Feb 20, 2022 #news
Keralanewz.com

പാലാ: വിവാഹിതനാണെന്ന വിവരം മറച്ചു വച്ച് പാലാ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. യുവതിയുടെ 20 ലക്ഷം രൂപ തട്ടിയെടുത്ത പാലാ പോണാട് കരിങ്ങാട്ട് രാജേഷിനെ (49)യാണ് പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ പി ടോംസൺ അറസ്റ്റ് ചെയ്തത്. ഇത് കൂടാതെ വിദേശത്ത് ജോലി വാഗ്ദാനം നൽകി ജോലി നൽകാതെ നിരവധി പേരെ വഞ്ചിച്ചതിന് പ്രതിക്കെതിരെ കാസർഗോഡ്, കണ്ണൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി 2007 മുതൽ നിരവധി കേസുകൾ നിലവിലുണ്ട്

കണ്ണൂർ സ്വദേശിയായ രാജേഷ് 2007 കാലഘട്ടത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ തട്ടിപ്പു നടത്തി ഭാര്യയുമായി അവിടെനിന്നും എറണാകുളത്തേക്ക് താമസം മാറ്റി. അവിടെയും കേസുകളിൽ ഉൾപ്പെട്ടതിനെത്തുടർന്ന് 2012 ൽ പാലായിൽ താമസം ആരംഭിച്ചു. കരൂരിൽ ചിട്ടി കമ്പനി നടത്തിയിരുന്ന പ്രതിയുടെ സ്ഥാപനത്തിൽ അഞ്ചുവർഷം മുമ്പ് ഭർത്താവ് മരിച്ച പൈക സ്വദേശിനിയായ യുവതി 2020 ജൂലൈ മാസത്തിൽ ജോലിക്കായി പ്രവേശിക്കുകയായിരുന്നു. മാതാപിതാക്കൾ മരിച്ചു പോയതാണെന്നും വിവാഹമോചിതനാണെന്നും യുവതിയെ ധരിപ്പിച്ച് അടുപ്പത്തിലായ പ്രതി 2021 ഓഗസ്റ്റ് 17ന് രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ മാതാപിതാക്കളുടെ അനുവാദത്തോടെ രജിസ്റ്റർ വിവാഹം ചെയ്തു

പിന്നീട് യുവതിയോടും രണ്ടു കുട്ടികളോടുമൊപ്പം കുറ്റില്ലത്തെ വാടകവീട്ടിൽ താമസം ആരംഭിച്ചു. യുവതിയുടെ സഹോദരന് ഷെയർ നൽകുന്ന ആവശ്യത്തിലേക്കായി, രാജേഷിന്റെ നിർദേശപ്രകാരം യുവതിയുടെ അമ്മയുടെ പേരിലുള്ള സ്ഥലം പണയപ്പെടുത്തുവാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് അമ്മയുമായി കെ.എസ്.എഫ്.ഇ എലിക്കുളം ബ്രാഞ്ചിലെത്തിയ രാജേഷ് കെ.എസ്.എഫ്.ഇ യിൽ തനിക്കുണ്ടായിരുന്ന ചിട്ടിയുടെ ജാമ്യപേപ്പറിൽ അമ്മയെക്കൊണ്ട് ഒപ്പിടുവിച്ച് വിശ്വാസ വഞ്ചന നടത്തി 20 ലക്ഷം രൂപ തന്റെ അക്കൗണ്ടിലേക്കു മാറ്റിയെടുക്കുകയായിരുന്നു

തുടർന്ന് പ്രതി തന്റെ ആദ്യ ഭാര്യയോടും 18 വയസ്സുള്ള മകളോടുമൊപ്പം പാലായിൽ വാടക വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. വഞ്ചിക്കപ്പെട്ടതറിഞ്ഞ് കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പയ്ക്ക് യുവതി പരാതി നൽകിയതിനെതുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ കൂവപ്പള്ളിയിലുള്ള ഒളിസങ്കേതത്തിൽ നിന്നും എസ് ഐ അഭിലാഷ് എംഡി, എ എസ് ഐമാരായ ഷാജി എ റ്റി, ബിജു കെ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് സി എന്നിവർ ചേർന്നാണ് പിടികൂടിയത്

പ്രതിയെ ചോദ്യം ചെയ്തതിൽ താൻ നിരവധി ആളുകളിൽ നിന്നും വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങിയിട്ടുണ്ടെന്ന് സമ്മതിച്ചു.2017 ൽ വിദേശജോലി വാഗ്ദാനം ചെയ്ത് 45 ലക്ഷം രൂപ തട്ടിയെടുത്തതിന് പ്രതിക്കെതിരെ പാലാ, കുറവിലങ്ങാട് പൊലീസ് സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്

Facebook Comments Box

By admin

Related Post