മിശ്രവിവാഹം നടത്തിയാല്‍ അച്ഛനും മകളും തമ്മിലുള്ള ബന്ധം അവസാനിക്കില്ല; പ്രണയകേസില്‍ സുപ്രധാന പരാമര്‍ശവുമായി ഹൈകോടതി
ജയ്പൂര്‍: മിശ്രവിവാഹം നടത്തിയാല്‍ അച്ഛനും മകളും തമ്മിലുള്ള ബന്ധം അവസാനിക്കില്ലെന്ന് മധ്യപ്രദേശ് ഹൈകോടതി സുപ്രധാന ഉത്തരവില്‍ പറഞ്ഞു.വിവാഹം കഴിഞ്ഞാലും മകളുടെ കാര്യത്തില്‍ അച്ഛനായിരിക്കും ഉത്തരവാദിയെന്ന് കോടതി അഭിപ്രായപ്പെട്ടു. പെണ്‍കുട്ടിക്ക് വളരുമ്ബോള്‍ ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ടാകുമെന്ന് ജഡ്ജിമാരായ ജസ്റ്റിസ് ഷീല്‍ നാഗുവും ജസ്റ്റിസ് എംഎസ് ഭട്ടിയും പറഞ്ഞു. മിശ്രവിവാഹത്തിന് ശേഷവും മകളെ സംരക്ഷിക്കാന്‍ പിതാവിന് ബാധ്യതയുണ്ടെന്നും മകള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കേണ്ടത് പിതാവിന്റെ ഉത്തരവാദിത്തമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
മധ്യപ്രദേശിലെ ഹൊഷംഗബാദില്‍ നിന്നുള്ള ഫൈസല്‍ ഖാന്‍ എന്നയാള്‍ തന്റെ കാമുകിയെ വനിതാ ആശ്രമത്തില്‍ വച്ച് അവരുടെ കുടുംബാംഗങ്ങള്‍ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് ഹൈകോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ജനുവരി ആദ്യവാരം കാമുകി വീട്ടില്‍ നിന്ന് ഇറങ്ങി വന്ന് തന്നോടൊപ്പം താമസിച്ചിരുന്നതായി ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് കാണാതായതായി കാണിച്ച് പരാതി നല്‍കി. ശേഷം, യുവാവും പെണ്‍കുട്ടിയും പൊലീസ് സ്റ്റേഷനില്‍ ഹാജരായി സ്വമേധയാ ഒരുമിച്ച് താമസിക്കുന്ന കാര്യം വ്യക്തമാക്കി. തുടര്‍ന്ന് ഇരുവരും ഭോപാലില്‍ വന്ന് താമസിക്കുകയായിരുന്നു. ഫെബ്രുവരിയില്‍, എസ്‌ഡിഎമിന് മുമ്ബാകെ മൊഴി രേഖപ്പെടുത്താന്‍ ഇറ്റാര്‍സി പൊലീസ് ഇരുവരെയും വിളിച്ചു. അതേ സമയം പെണ്‍കുട്ടിയെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് യുവതിയുടെ ആശ്രമത്തിലേക്ക് അയച്ചു. ഇതിനെതിരെയാണ് ഫൈസല്‍ ഖാന്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയത്.
ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ, വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ താന്‍ യുവാവിനൊപ്പം നില്‍ക്കുന്ന കാര്യം പെണ്‍കുട്ടി പറഞ്ഞിരുന്നു. ഹൈകോടതിയുടെ നിര്‍ദേശപ്രകാരം വിദ്യാഭ്യാസം, വരുമാനം, മതം എന്നിവ സംബന്ധിച്ച് ഹരജിക്കാരന്‍ സത്യവാങ്മൂലം സമര്‍പിച്ചു. ഇരുവര്‍ക്കും അവരവരുടെ മതം പിന്തുടരാന്‍ സ്വാതന്ത്ര്യമുണ്ടെന്നും സ്പെഷ്യല്‍ മാരേജ് ആക്‌ട് പ്രകാരമാണ് വിവാഹം കഴിക്കുകയെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മണിക്കൂറുകള്‍ക്കകം കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ പെണ്‍കുട്ടിയോട് നിര്‍ദേശിച്ചു.
പെണ്‍കുട്ടിക്ക് ഇപ്പോള്‍ 19 വയസ് മാത്രമേ ഉള്ളൂ. വിദ്യാഭ്യാസത്തിന് ശേഷം വിവാഹം കഴിക്കണം, വിവാഹശേഷം മകളെ എപ്പോഴും സംരക്ഷിക്കണമെന്നും സ്‌നേഹവും സാമ്ബത്തിക സഹായവും നല്‍കണമെന്നും ഹൈകോടതി ഉത്തരവില്‍ പറഞ്ഞു.