Sat. Apr 27th, 2024

കുഞ്ഞാപ്പയും ജലീലും ഭായിഭായി ! ലീഗ് പുറത്തേക്കോ ?

By admin Feb 26, 2022 #k t jaleel #kunnahalikutty
Keralanewz.com

അധികാരം കിട്ടിയില്ലെങ്കില്‍ പാര്‍ട്ടിയും യു.ഡി.എഫും വലിയ വില കൊടുക്കേണ്ടി വരും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി നല്‍കിയ മുന്നറിയിപ്പാണിത്

എല്‍.ഡി.എഫ് വീണ്ടും കേരളം ചുവപ്പിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ മുന്നറിയിപ്പ് അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കുന്ന കാഴ്ചകളാണ് കണ്ടത്. പൊതുവേ സംഘടനാ അച്ചടക്കം പാലിക്കുന്ന ലീഗ് നേതാക്കള്‍ക്കിടയില്‍ പരാജയത്തിന് പിന്നാലെ നുരഞ്ഞുപൊന്തിയ അസംതൃപ്തി പരസ്യമായി പുറത്തേക്കൊഴുകാന്‍ തുടങ്ങി. വിഴുപ്പലക്കല്‍ പരിധികള്‍ പിന്നിട്ടു. കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വത്തിനെതിരെ പല കോണുകളില്‍ നിന്നും സ്വരമുയര്‍ന്നു. നേരത്തെ തന്നെ തുടങ്ങിവച്ച ചന്ദ്രിക വിവാദം കൂടുതല്‍ കത്തി.

നോട്ട് നിരോധന കാലത്ത് ചന്ദ്രികയുടെ അക്കൗണ്ടില്‍ പത്ത് കോടി രൂപ എത്തിയതുമായി ബന്ധപ്പെട്ട് ഇഡി,​ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്യാന്‍ വിളിച്ചതിന് പിന്നാലെ ഹൈദരലി തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നു. എം.പി സ്ഥാനം രാജിവച്ച്‌ കുഞ്ഞാലിക്കുട്ടി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെ ചൊല്ലിയും പാര്‍ട്ടയില്‍ കടുത്ത മുറുമുറുപ്പുകള്‍ ഉയര്‍ന്നു. കുറ്റിപ്പുറത്തെ തോല്‍വിക്ക് ശേഷം കുഞ്ഞാലിക്കുട്ടിയും ലീഗും അഭിമുഖീകരിച്ച പ്രതിസന്ധികളുടെ നാളുകളായിരുന്നു ഇത്.

സാധാരണ കോണ്‍ഗ്രസിലോ യു.ഡി.എഫിലോ പൊട്ടിത്തെറി ഉണ്ടാവുമ്ബോള്‍ സമവായ ശ്രമവുമായി ലീഗായിരുന്നു എത്തിയിരുന്നത്. മറുവശത്ത് കോണ്‍ഗ്രസില്‍ പോര് കനക്കുമ്ബോള്‍ സ്വന്തം പാളയത്തിലെ തീയും പുകയും അണയ്ക്കാനാവാതെ ലീഗ് നിസഹായാവസ്ഥയിലായിരുന്നു. അധികാരമില്ലാതെ അധികകാലം മുന്നോട്ടുപോവാന്‍ കഴിയില്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ സൂചന പല തരത്തില്‍ ലീഗിനെ അലട്ടിയിരുന്നു പിന്നീട്. ലീഗ് അധികാരത്തിലിരിക്കുമ്ബോള്‍ അതിന്റെ എല്ലാ നേട്ടങ്ങളും അനുഭവിച്ച സമസ്ത ഇടയുന്ന കാഴ്ചയും ഇടതുപക്ഷവുമായി ഒരുതരത്തിലുള്ള ബന്ധങ്ങള്‍ക്കും ശ്രമിക്കാതിരുന്ന സമസ്ത നേതൃത്വം വഖഫ് വിഷയത്തില്‍ ലീഗ് നിലപാടിനെ പരസ്യമായി തള്ളി സി.പി.എം നേതൃത്വവുമായി ചര്‍ച്ച നടത്തുന്ന കാഴ്ചയും കണ്ടു. അധികാരത്തിലിരിക്കുന്ന സര്‍ക്കാരുകളുമായി ഏറ്റുമുട്ടാതെ സമവായത്തിന്റെ പാതയിലൂടെ സമുദായത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുകയാണ് ഇനിയുള്ള നിലപാടെന്ന് കൂടി സമസ്ത നേതൃത്വം പറഞ്ഞുവച്ചു. സമസ്തയെന്നാല്‍ ലീഗല്ലെന്ന് അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കി.

അധികാരം അകലെ നിറുത്തി അധികകാലം മുന്നോട്ടുപോവാനാവില്ലെന്ന് ലീഗ് നേതാക്കള്‍ അടക്കം പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഗ്രൂപ്പ് തര്‍ക്കങ്ങളില്‍ ഉലയുന്ന കോണ്‍ഗ്രസിന്റെ പോക്കില്‍ ലീഗ് കടുത്ത അസംതൃപ്തിയിലാണ്. സുധാകരന്‍,​ വി.‌ഡി സതീശന്‍ അച്ചുതണ്ടിലേക്ക് കോണ്‍ഗ്രസ് മാറിയപ്പോള്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ലീഗ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പോക്കില്‍ നിരാശയിലാണ്. ഈ അവസ്ഥയില്‍ മുന്നോട്ടുപോയാല്‍ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതിന് വെല്ലുവിളി ഉയര്‍ത്താന്‍ ആവുമോ എന്നാണ് ലീഗിനുള്ളില്‍ ഉയര്‍ന്നിട്ടുള്ള ചോദ്യം.

കുഞ്ഞാപ്പയും ജലീലും പിന്നെ എ.ആര്‍ നഗറും

നേതൃത്വത്തിനെതിരെ സുനാമി ഫണ്ട് തിരിമറി ഉന്നയിച്ചതിന് പിന്നാലെ മുസ്‌ലിം ലീഗില്‍ നിന്ന് പുകച്ചുചാടിച്ച കെ.ടി.ജലീലിനോട് കുറ്റിപ്പുറത്തേറ്റ തോല്‍വി കുഞ്ഞാലിക്കുട്ടിക്ക് മാത്രമല്ല ലീഗിനും കടുത്ത ക്ഷീണമാണ് വരുത്തിയിരുന്നത്. നാണക്കേട് മറക്കാന്‍ നിയോജക മണ്ഡലങ്ങളുടെ പുനരേകീകരണ സമയത്ത് കുറ്റിപ്പുറത്തെ പല കഷ്ണങ്ങളാക്കി വിഭജിച്ചു. കുറ്റിപ്പുറത്തിന് പകരം തവനൂര്‍ മണ്ഡലമുണ്ടായി. ഇവിടെയും രണ്ട് തവണ വിജയിച്ച കെ.ടി.ജലീല്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉടനീളം ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും കടന്നാക്രമിക്കുന്നത് പതിവായിരുന്നു. മലപ്പുറത്തെ എ.ആര്‍ നഗര്‍ ബാങ്കിലെ തിരിമറിയും കള്ളപ്പണ നിക്ഷേപവും സംബന്ധിച്ച്‌ ഗുരുതരമായ ആരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നില്‍ കെ.ടി.ജലീലിന്റെ നിരന്തര ഇടപെടലുകളായിരുന്നു. ബിനാമി പേരുകളില്‍ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് കോടികളുടെ നിക്ഷേപമുണ്ടെന്ന് ആരോപിച്ച കെ.ടി.ജലീല്‍ ആരോപണമുന കുഞ്ഞാലിക്കുട്ടിയുടെ മകനിലേക്കും നീട്ടി. മലപ്പുറം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം വിളിച്ച്‌ തെളിവുകള്‍ അക്കമിട്ട് നിരത്തി. കള്ളപ്പണ നിക്ഷേപത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ കുടുങ്ങുമെന്ന് ഉറപ്പിച്ചു പറഞ്ഞു. തെളിവുകളുയര്‍ത്തി വിമര്‍ശനം തുടര്‍ന്നപ്പോള്‍ മാദ്ധ്യമങ്ങളില്‍ സ്ഥിരമായി നാലുകോളം വാര്‍ത്തകളായും ഇവ ഇടംപിടിച്ചു. എ.ആര്‍ നഗര്‍ ബാങ്കിലെ കള്ളപ്പണ നിക്ഷേപം ഇഡി അന്വേഷിക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു. എന്നാല്‍ സി.പി.എം ഈ ആവശ്യത്തോട് മുഖം തിരിച്ചു. സ്വര്‍ണ്ണക്കടത്ത് വിവാദത്തിന് പിന്നാലെ കെ.ടി ജലീല്‍ ഇഡിയുടെ ചോദ്യം ചെയ്യലിന് വിധേയനായിരുന്നു. ഇതുയര്‍ത്തി,​ ചോദ്യം ചെയ്യലോടെ ജലീലിന് ഇഡിയില്‍ വിശ്വാസം വന്നിട്ടുണ്ടെന്നാണ് തോന്നുന്നതെന്ന മുനവച്ച വാക്കുകളുമായി പിണറായി എത്തി. പിന്നീട് എ.ആര്‍ നഗറെന്ന വാക്ക് പോലും അധികമൊന്നും കെ.ടി.ജലീല്‍ പറഞ്ഞിട്ടില്ല. കുഞ്ഞാലിക്കുട്ടിയെയും മകനെയും വിസ്മരിക്കുകയും ചെയ്തു.

ലീഗ് വിരുദ്ധതയിലാണ് തന്റെ നിലനില്‍പ്പെന്ന തിരിച്ചറിവുള്ള ജലീല്‍ ഇതിന് കിട്ടുന്ന അവസരമൊന്നും പാഴാക്കാറില്ല. എന്നും പ്രധാന നോട്ടപ്പുള്ളി കുഞ്ഞാലിക്കുട്ടിയാണ്. കുഞ്ഞാലിക്കുട്ടിയും ജലീലും പരസ്പരം കാണുകയെന്നത് പോലും സാധാരണ ലീഗ് പ്രവര്‍ത്തകര്‍ക്ക് ആലോചിക്കാനാവില്ല. കീരിയും പാമ്ബും എങ്ങനെ അടുക്കുമെന്നാണ് ഇവരുടെ ചോദ്യം. എന്നാല്‍ കാണുക മാത്രമല്ല,​ ഒരുമണിക്കൂറിലധികം രഹസ്യ ചര്‍ച്ചയും നടത്തിയെന്ന വിവരം പുറത്തുവന്നപ്പോള്‍ മൂക്കത്ത് വിരല്‍ വയ്ക്കാത്ത ലീഗ് പ്രവര്‍ത്തകരുണ്ടാവില്ല. കോണിയിലൂടെ കയറി മാത്രം ശീലിച്ചവര്‍ക്ക് ഈ റൂട്ട് മാറ്റത്തിന്റെ ഗുട്ടന്‍സ് ഇതുവരെ പിടികിട്ടിയിട്ടില്ല. എ.ആര്‍ നഗര്‍ ബാങ്കിലെ കള്ളപ്പണ വിവാദത്തില്‍ കോംപ്രമൈസ് ചെയ്യാനായിരുന്നു കൂടിക്കാഴ്ചയെന്നത് അടുക്കള രഹസ്യമായി. പോരാളി ഷാജിമാര്‍ കുഞ്ഞാലിക്കുട്ടി ജലീലിന്റെ കാലുപിടിച്ചെന്ന് വരെ ട്രോളി. കുഞ്ഞാപ്പ പുലിയല്ല എലിയാണെന്ന ട്രോളുകള്‍ ഇടതുപക്ഷ വാളുകളിലും പ്രചരിച്ചു.

അവസരം കെ.ടി. ജലീലും നന്നായി മുതലെടുത്തു. ഇടത് രാഷ്ട്രീയവും ലീഗും കൂട്ടിക്കലര്‍ത്തിയാല്‍ പിന്നീടുള്ള ചര്‍ച്ച അതാവുമെന്നതിനാല്‍ അവിടെയും ഇവിടെയും തൊടാതെ ഫേസ്ബുക്കിലൊരു പോസ്റ്റിട്ടു.

അതിങ്ങനെ; രാഷ്ട്രീയ നിലപാടുകള്‍ വേറെ, സൗഹൃദം വേറെ. പൊതുരംഗത്തുള്ളവര്‍ പരസ്പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാഭാവികമായി ഒന്നുമില്ല. ഇടതുപക്ഷ രാഷ്ട്രീയത്തിന് കരുത്ത് പകരലാണ് സമകാലിക സാഹചര്യത്തില്‍ ചിന്തിക്കുന്നവരുടെ ധര്‍മ്മം. ഭൂരിപക്ഷ വര്‍ഗീയത തിമിര്‍ത്താടുമ്ബോള്‍ മതേതരവാദികള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും വിശ്വസിച്ച്‌ അണിനിരക്കാവുന്ന പക്ഷം ഇടതുപക്ഷമാണ്. മര്‍ദ്ദിത ന്യൂനപക്ഷ സമുദായങ്ങളും അധസ്ഥിത പിന്നാക്ക വിഭാഗങ്ങളും ഈ യാഥാര്‍ത്ഥ്യം മനസിലാക്കി ഒറ്റയ്‌ക്കും കൂട്ടായും ശരിയായ ഇടതുപക്ഷ ദിശയിലേക്ക് വരുന്നുണ്ട്. ഭാവിയില്‍ അത് ശക്തിപ്പെടുകയും പൂര്‍ണത പ്രാപിക്കുകയും ചെയ്യും. അന്ന് ഫാസിസ്റ്റുകള്‍ മാത്രം ഒരു ചേരിയിലും ഫാഷിസ്റ്റ് വിരുദ്ധരെല്ലാം സി.പി.എം നേതൃത്വം നല്‍കുന്ന ചേരിയിലുമായി അണിനിരക്കും. വൈകാതെ അതു സംഭവിക്കുക തന്നെ ചെയ്യും. അങ്ങനെ കേരളം ഇന്ത്യയ്‌ക്ക് വഴികാട്ടും.

രണ്ടുവട്ടം വായിച്ചാലും കാര്യം പിടികിട്ടില്ലെന്ന് ഉറപ്പുള്ള പോസ്റ്റുമാന്‍ തനിക്കൊപ്പമുള്ള കുഞ്ഞാലിക്കുട്ടിയുടെ ഫോട്ടോ കൂടി പോസ്റ്റ് ചെയ്തു. വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ഛിച്ചതും പാല്‍ എന്ന അവസ്ഥയിലായി കാര്യങ്ങള്‍. ഇടതിലേക്ക് പോവാന്‍ പെട്ടിയും കിടക്കയും എടുത്തു ലീഗെന്ന് വരെ ഓണ്‍ലൈനുകള്‍ എഴുതി മറിച്ചു. രാഷ്ട്രീയം വേറെ സൗഹൃദം വേറെയെന്ന മാസ് ഡയലോഗുമായി കുഞ്ഞാപ്പയും പിന്നാലെയെത്തി. ഈ പറയുന്നത് കുഞ്ഞാപ്പ തന്നെയാണോ എന്ന് അണികള്‍ അന്ധാളിച്ചത് മാത്രം മിച്ചം. രഹസ്യ ചര്‍ച്ചയ്ക്ക് മറയിടാനുള്ള ലീഗ് ആക്ടിംഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാമിന്റെ ആക്ടിംഗ് കൊണ്ടൊന്നും കാര്യമുണ്ടായില്ല. പിന്നാലെ ജനകീയാസൂത്രണ മറവില്‍ കുഞ്ഞാലിക്കുട്ടിയെ ആവോളം പൊക്കി തോമസ് ഐസക്കിന്റെ പോസ്റ്റും. ശരിക്കും ലീഗ് പോവോ ?​. ചോദ്യത്തിന് മറുപടിയായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ തന്നെയെത്തി. യു.ഡി.എഫ് മുന്നണിയല്ല ഒരു പാര്‍ട്ടിയാണെന്നു പോലും പറഞ്ഞുവച്ചു. ഇതിനൊപ്പം തലകുലുക്കി കുഞ്ഞാപ്പയും കൂടി. എ.ആര്‍.നഗര്‍ വിവാദം ഒതുക്കുകയും ചെയ്തു. കോണ്‍ഗ്രസിന് ഒരു മുന്നറിയിപ്പ് നല്‌കാനുമായി. ഒരുവെടിക്ക് രണ്ട് പക്ഷിയെന്ന ചൊല്ല് ലീഗ് അന്വര്‍ത്ഥമാക്കി.

ചരിത്രത്തില്‍ ഇങ്ങനെയുമുണ്ട്

1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സി.പി.ഐയും സി.പി.എമ്മുമായി പിളര്‍ന്നതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ സി.പി.എം പാളയത്തിലെ പ്രധാന കക്ഷിയായിരുന്നു മുസ്‌ലിം ലീഗ്. സി.പി.എമ്മിനെയും സി.പി.ഐയെയും സംബന്ധിച്ച്‌ പ്രസക്തി ബോധ്യപ്പെടുത്തേണ്ട തിരഞ്ഞെടുപ്പായിരുന്നു​ അത്. കോണ്‍ഗ്രസ് പിളര്‍ന്ന് രൂപപ്പെട്ട കേരള കോണ്‍ഗ്രസും പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടി പിളര്‍ന്നുണ്ടായ എസ്.എസ്.പിയും മുസ്​ലിം ലീഗും തിരഞ്ഞെടുപ്പില്‍ പങ്കാളിയായി. 79 സീറ്റില്‍ മത്സരിച്ച സി.പി.ഐ മൂന്ന് സീറ്റില്‍ ഒതുങ്ങിപ്പോള്‍ ലീഗ്​, എസ്​.എസ്​.പി സഖ്യത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട സി.പി.എം മത്സരിച്ച 73ല്‍ 40 ലും വിജയിച്ചു. മുസ്​ലിം ലീഗ് 16ല്‍ ആറ് സീറ്റിലും എസ്.എസ്.പി 29 ല്‍ 13 ഉം കേരള കോണ്‍ഗ്രസ് 54 ല്‍ 23 ലും വിജയിച്ചു. 133 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 36 ല്‍ ഒതുങ്ങേണ്ടി വന്നു.തൊട്ടുപിന്നാലെ 1967ല്‍ ലീഗ് ഉള്‍പ്പെടുന്ന സപ്തകക്ഷി മുന്നണി രൂപീകരിച്ചാണ് സി.പി.എം മത്സരിച്ചത്. 59 സീറ്റില്‍ മത്സരിച്ച സി.പി.എം 52ലും വിജയിച്ചു. സി.പി.ഐയും എസ്.എസ്.പിയും 19 വീതം സീറ്റുകളിലും മുസ്​ലിം ലീഗ് 14ലും ജയിച്ചു. 133 സീറ്റിലും മത്സരിച്ച കോണ്‍ഗ്രസിന് ഒമ്ബത് സീറ്റിലാണ് വിജയിക്കാനായത്. ചരിത്രത്തിലെ കോണ്‍ഗ്രസിന്റെ വലിയ തിരിച്ചടിയായിരുന്നു ഇത്. പിന്നീട് പല കാരണങ്ങളാല്‍ ലീഗ് യു.ഡി.എഫ് പാളയത്തില്‍ എത്തിയെങ്കിലും ഇങ്ങനെയൊരു ചരിത്രം കൂടി ലീഗിനുണ്ടെന്നത് സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

Facebook Comments Box

By admin

Related Post