Thu. Apr 18th, 2024

ഭാര്യയും ഭര്‍ത്താവും ദുരന്തമധ്യത്തില്‍, ഭാര്യ യുക്രൈനില്‍ ബങ്കറില്‍; ഭര്‍ത്താവ് യെമനില്‍ തടങ്കലില്‍, രണ്ടു യുദ്ധങ്ങള്‍ക്കു നടുവില്‍ നാളുകളെണ്ണി കഴിയുന്ന കായംകുളംകാരായ ദമ്ബതിമാര്‍

By admin Feb 27, 2022 #news
Keralanewz.com

കായംകുളം: രണ്ടു യുദ്ധങ്ങള്‍ സമ്മാനിച്ച ദുരന്ത കഥയാണ് ആ കുടുംബത്തിന് പറയാനുള്ളത്. ഒന്ന് യെമനില്‍, മറ്റൊന്ന് യുക്രൈനിലും.

ആവൂര്‍ സ്വദേശിയായ അഖിലിനെ കഴിഞ്ഞ രണ്ടു മാസമായി ഹൂതി വിമതര്‍ ബന്ദിയാക്കിയിരിക്കുകയാണ്. ആ ദുഃഖത്തില്‍ വിലപിച്ചു കൊണ്ടിരുന്ന കുടുംബം ഇന്നലെ കേട്ടത് മറ്റൊരു വാര്‍ത്തയാണ്. കീവില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ അഖിലിന്റെ ഭാര്യ ജിതിന, യുക്രൈനിലെ യുദ്ധത്തെത്തുടര്‍ന്ന് ബങ്കറില്‍ അഭയം തേടിയിരിക്കുന്നു എന്ന്.

ജിതിന കീവ് മെഡിക്കല്‍ സര്‍വകലാശാലയില്‍ അവസാനവര്‍ഷ അണ്ടര്‍ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിനിയാണ്. റഷ്യന്‍ ആക്രമണം രൂക്ഷമായതോടെയാണ് ജിതിന അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ സ്വയരക്ഷയ്ക്കായി ബങ്കറുകളില്‍ അഭയം പ്രാപിച്ചത്. കായങ്കുളം രാമപുരം സ്വദേശിനിയായ ജിതിന കഴിഞ്ഞ ഓഗസ്റ്റ് 29 നാണ് അഖിലിനെ വിവാഹം കഴിച്ചത്.

യു.എ.ഇയിലെ ലിവാമറൈന്‍ കമ്ബനിയുടെ ഉടമസ്ഥതയിലുള്ള റവാബീ എന്ന കപ്പലില്‍ ജീവനക്കാരനാണ് അഖില്‍ രഘു. ചെങ്കടലില്‍ വെച്ച്‌ കഴിഞ്ഞ ഡിസംബര്‍ 31 നാണ് ഹൂതി വിമതര്‍ കപ്പല്‍ റാഞ്ചുന്നത്.
അതിന് ശേഷം കഴിഞ്ഞ രണ്ടുമാസമായി കപ്പലും ജീവനക്കാരെയും ഹൂതി വിമതര്‍ ബന്ദിക്കളാക്കി വെച്ചിരിക്കുകയാണ് എന്ന് അഖിലിന്റെ സഹോദരന്‍ രാഹുല്‍ പറഞ്ഞു.

കപ്പലില്‍ 14 ജീവനക്കാരാണ് ഉള്ളത്. ഇതില്‍ ആറുപേര്‍ ഇന്ത്യാക്കാരാണ്. അഖില്‍ സുരക്ഷിതനാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ കഴിഞ്ഞ രണ്ടുമാസമായി ബന്ദികളാക്കപ്പെട്ട ഇവരെ മോചിപ്പിക്കാന്‍ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു. അഖിലിന്റെ മോചനത്തിനായി കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ക്കെല്ലാം നിവേദനങ്ങള്‍ നല്‍കിയെങ്കിലും രക്ഷപ്പെടുത്താന്‍ ഒരു നടപടിയുമുണ്ടായില്ല.

യെമന്‍ തീരത്തിന് 50 കിലോമീറ്റര്‍ അകലെ തുറമുഖനഗരമായ ഹോദേയ്ദാഗില്‍ വെച്ചാണ് കപ്പല്‍ ഹൂതി വിമതര്‍ പിടിച്ചെടുക്കുന്നത്. സൗദി അറേബ്യയിലേക്കുള്ള ആശുപത്രി ഉപകരണങ്ങളാണ് കപ്പലിലുള്ളത്. എന്നാല്‍ ഹൂതികളെ നേരിടുന്നതിനായുള്ള സൈനിക ആയുധങ്ങളാണ് കപ്പലിലുള്ളതെന്നാണ് ഹൂതി വിമതര്‍ പറയുന്നത്

Facebook Comments Box

By admin

Related Post