Thu. May 2nd, 2024

‘ദേശീയ പതാക താമസിക്കുന്ന കെട്ടിടത്തില്‍ വയ്‌ക്കൂ’; നവീന് അവസാനമായി പിതാവ് നല്‍കിയത് ഈ സന്ദേശം, സ്ഥലത്ത് നടന്നത് കനത്ത ഷെല്‍ ആക്രമണം

Keralanewz.com

കീവ്: റഷ്യ നടത്തിയ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പയ്‌ക്ക് പിതാവ് അവസാനമായി നല്‍കിയത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം.

അവസാനമായി നവീനുമായി വീഡിയോ കോളില്‍ സംസാരിച്ചപ്പോള്‍ നവീന്‍ താമസിക്കുന്ന കെട്ടിടത്തില്‍ വലിയൊരു ഇന്ത്യന്‍ പതാക സ്ഥാപിക്കാനും പരമാവധി പുറത്തിറങ്ങുമ്ബോള്‍ ഇന്ത്യന്‍ പതാക കൈയില്‍ കരുതണമെന്നുമാണ് അച്ഛന്‍ മകനോട് പറഞ്ഞത്. കേന്ദ്രമന്ത്രി പീയൂഷ് ഗോയലുമായി നവീന്റെ പിതാവ് സംസാരിച്ചിരുന്നു. നവീന്‍ താമസിച്ച സ്ഥലത്ത് നിന്നും മാറിയാല്‍ രക്ഷിക്കുന്നത് സാദ്ധ്യമാണെന്ന് മന്ത്രി അറിയിച്ചിരുന്നു.

റഷ്യയുടെ കനത്ത ഷെല്‍ ആക്രമണം നടക്കുന്ന സ്ഥലത്തായിരുന്നു പക്ഷെ നവീനും സുഹൃത്തും തങ്ങിയിരുന്നത്. ഇവിടെ നിന്നും പുറത്തേക്ക് രക്ഷപ്പെടാന്‍ വെറും രണ്ട് ശതമാനം മാത്രമായിരുന്നു സാദ്ധ്യത. ഖാര്‍കീവില്‍ തങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വം റഷ്യയും യുക്രെയിനും ഉറപ്പ് നല്‍കിയിരുന്നതാണ്. ഇതിനിടെയാണ് അപകടം. ഭക്ഷണം വാങ്ങാന്‍ പുറത്ത് കടയിലേക്ക് പോയ സമയത്താണ് നവീന്‍ ആപത്തില്‍ പെട്ടത്.

ഖാര്‍കീവില്‍ നിന്നും സുരക്ഷിതമായ സ്ഥലത്തേക്ക് എന്തുകൊണ്ട് പോയില്ലെന്ന് പിതാവ് ചോദിച്ചിരുന്നു. സ്ഥിതി വളരെ മോശമാണെന്നും രക്ഷപ്പെടാന്‍ വലിയ ജനത്തിരക്കുണ്ടെന്നുമായിരുന്നു നവീന്‍ മറുപടി നല്‍കിയത്. പുലര്‍ച്ചെ ആറിനും 10നും ഉച്ചയ്‌ക്ക് ഒരുമണിയ്‌ക്കും ട്രെയിനുകളുണ്ടെന്ന് വിവരം നവീനുണ്ടായിരുന്നു. സ്ഥലത്തെ സ്ഥിതി നിരീക്ഷിച്ചശേഷം അവിടെ നിന്നും പോകാനും ആരുടെയെങ്കിലും സഹായമില്ലാതെ ഒന്നും ചെയ്യരുതെന്നും നവീനെ പിതാവ് ഉപദേശിച്ചിരുന്നു.

യുക്രെയിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് എങ്ങനെയും എത്താനാണ് വിദേശകാര്യ മന്ത്രാലയം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. എന്നാല്‍ ട്രെയിനുകളില്‍ കയറാനാകാത്ത സ്ഥിതിയാണെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. എത്തിയവര്‍ക്ക് ഭക്ഷണമോ വെള‌ളമോ കിട്ടാത്ത സ്ഥിതിയുമുണ്ട്.

Facebook Comments Box

By admin

Related Post