Kerala News

സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ വെടിയുതിര്‍ത്ത സംഭവം; പ്രതിയുടെ സഹോദരന് പിന്നാലെ മാതൃസഹോദരനും മരിച്ചു

Keralanewz.com

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ നടന്ന വെടിവെപ്പില്‍ മരണം രണ്ടായി.

പ്രതിയുടെ സഹോദരനും മാതൃസഹോദരനുമാണ് മരിച്ചത്. നേരത്തെ സംഭവസ്ഥലത്ത് തന്നെ സഹോദരന്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ചൊവ്വാഴ്ച പുലര്‍ച്ചയോടെ ചികിത്സയിലിരിക്കെയാണ് മാതൃസഹോദരന്‍ മരിച്ചത്.

കാഞ്ഞിരപ്പിള്ളി സ്വദേശി ജോര്‍ജ്ജ് കുര്യനാണ് പ്രതി. ഇയാളുടെ സഹോദരന്‍ രഞ്ജു കുര്യനാണ് വെടിയേറ്റ ഉടനെ മരിച്ചത്. എന്നാല്‍ തലയ്‌ക്ക് വെടിയേറ്റ മാതൃസഹോദരന്‍ മാത്യു സ്‌കറിയ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരവേ പുലര്‍ച്ചയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

വെടിവെപ്പുണ്ടായതിന് പിന്നാലെ തന്നെ പ്രതി ജോര്‍ജ്ജ് കുര്യന്‍ പോലീസ് പിടിയിലായിരുന്നു. ഊട്ടിയിലെ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ റിപ്പോര്‍ട്ട്. കൊച്ചിയില്‍ ഫ്‌ളാറ്റ് നിര്‍മ്മാതാവാണ് ജോര്‍ജ്ജ് കുര്യന്‍. തോക്കിന് ലൈസന്‍സുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി.

തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പാക്കാനായിരുന്നു മാതൃസഹോദരന്‍ മാത്യു സ്‌കറിയ കുടുംബവീട്ടില്‍ എത്തിയത്. സംസാരത്തിനിടയില്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്ക് തര്‍ക്കമായി. ഇതിനിടെ ജോര്‍ജ്ജ് കുര്യന്‍ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് സഹോദരന്‍ രഞ്ജുവിന് നേരെ വെടിയുതിര്‍ത്തു. പിടിച്ചുമാറ്റാന്‍ ശ്രമിച്ച മാതൃസഹോദരന്‍ മാത്യുവിനെയും വെടിവെച്ചിട്ടു. ഇരുവര്‍ക്കും തലയ്‌ക്കാണ് വെടിയേറ്റത്. സഹോദരന്‍ രഞ്ജു തല്‍ക്ഷണം മരിച്ചു. ആക്രമണം സംഭവിക്കുമ്ബോള്‍ മറ്റ് കുടുംബാംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നു.

Facebook Comments Box