Kerala News

വോട്ട് യന്ത്രത്തില്‍; ആകാംക്ഷയുടെ കൗണ്ട് ഡൗണ്‍, പാര്‍ട്ടികള്‍ മുന്‍കരുതല്‍ നീക്കങ്ങളില്‍

Keralanewz.com

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഏഴാം ഘട്ട വോട്ടെടുപ്പും പൂര്‍ത്തിയായതോടെ, ആകാംക്ഷയുടെ കൗണ്ട്ഡൗണ്‍. വ്യാഴാഴ്ച പുറത്തുവരുന്ന യു.പി, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങളിലേക്ക് ഉദ്വേഗപൂര്‍വം ഉറ്റുനോക്കുകയാണ് രാജ്യം.

അതേസമയം, രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണംപിടിക്കാനും കൂറുമാറ്റം തടയാനുമുള്ള മുന്‍കരുതല്‍ നീക്കങ്ങളില്‍. ദേശീയ രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവ് സൃഷ്ടിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പു ഫലങ്ങള്‍ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലക കൂടിയാണ്. മാറ്റത്തിന്റെ സൂചനകള്‍ നല്‍കുന്നതാണ് യു.പി അടക്കം സംസ്ഥാനങ്ങളിലെ വോട്ടെടുപ്പു പ്രവണതകള്‍. ഭരണം അട്ടിമറിക്കാന്‍ തക്ക കെല്‍പ് വോട്ടര്‍മാര്‍ക്കിടയിലെ ‘ബദ്‍ലാവ്’ (മാറ്റം) എന്ന വികാരത്തിനുണ്ടോ എന്നതിന് വ്യാഴാഴ്ച ഉത്തരമാകും. ‘ഫിര്‍ ഏക് ബാര്‍’ (വീണ്ടും ഒരിക്കല്‍ കൂടി) എന്ന ഭരണകക്ഷി മുദ്രാവാക്യം പലയിടത്തും അതേ വികാരത്തോടെ വോട്ടര്‍മാര്‍ ഏറ്റെടുത്തിട്ടില്ല.

യു.പിയിലെ 403ല്‍ ബാക്കിയുണ്ടായിരുന്ന 34 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് തിങ്കളാഴ്ച പൂര്‍ത്തിയായത്. ശക്തമായ ഭരണവിരുദ്ധ വികാരത്തെ അതിജീവിക്കാന്‍ ബി.ജെ.പി മുന്നോട്ടുവെച്ച വോട്ടു വിഭജന തന്ത്രങ്ങള്‍ ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്നാണ് സൂചന. തൊഴിലില്ലായ്മ, ജീവനോപാധി തുടങ്ങിയ വിഷയങ്ങള്‍ ജനവികാരത്തെ സ്വാധീനിച്ചിട്ടുണ്ട്. യോഗി സര്‍ക്കാറിന്റെ അടിച്ചമര്‍ത്തല്‍ രീതികളിലുള്ള അമര്‍ഷവും ആധിയും പ്രകടം. ഇതു പ്രധാന പ്രതിപക്ഷമായ സമാജ്‍വാദി പാര്‍ട്ടിക്ക് കൂടുതല്‍ ആവേശം പകര്‍ന്നു. എന്നാല്‍, ഇതൊരു ഭരണമാറ്റത്തിലേക്കുതന്നെ എത്തുമോ എന്ന് ഉറപ്പിക്കാനാവാത്ത ഇഞ്ചോടിഞ്ച് മത്സരവും പ്രാദേശികമായ വോട്ട് തന്ത്രങ്ങളുമാണ് യു.പിയില്‍ തെളിഞ്ഞത്. ഏതു സാഹചര്യത്തിലും ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പിയുടെ കരുനീക്കം. വോട്ടെടുപ്പ് പൂര്‍ത്തിയായി വരുന്നതിനിടയില്‍, സാഹചര്യങ്ങള്‍ വിലയിരുത്തി അടുത്ത നടപടികള്‍ നിര്‍ണയിക്കാന്‍ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നഡ്ഡ പാര്‍ട്ടി ആസ്ഥാനത്ത് ദേശീയ ജനറല്‍ സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തി.

കോണ്‍ഗ്രസാകട്ടെ, കുറുമാറ്റം അടക്കം സാഹചര്യങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്താന്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് മുതിര്‍ന്ന പ്രതിനിധികളെ നിയോഗിച്ചു. 2017ല്‍ ഗോവയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഭരണം കൈവിട്ടു പോയതുപോലുള്ള സാഹചര്യം ഇത്തവണ ഉണ്ടാകാതിരിക്കാനാണ് മുന്‍കരുതല്‍.

Facebook Comments Box