Sat. Apr 20th, 2024

നാരീശക്തി പുരസ്കാരങ്ങള്‍ ഇന്ന് സമ്മാനിക്കും: മലയാളക്കരയുടെ അഭിമാനമായി രാധികയും ടിഫാനിയും

By admin Mar 8, 2022 #narishakthi #womensday
Keralanewz.com

കൊച്ചി: ലോക വനിതദിനത്തോടനുബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നാരീശക്തി പുരസ്കാര പട്ടികയില്‍ ഇടംപിടിച്ച്‌ കേരളത്തില്‍നിന്ന് രണ്ടുപേര്‍.

2020ലെ പുരസ്കാര ജേതാക്കളില്‍, ജീവിതം ഇരുട്ടിലാണെങ്കിലും അന്ധതയുള്ളവര്‍ക്കായി വെളിച്ചം പകരുന്ന ടിഫാനി ബ്രാറും 2021ലെ ജേതാക്കളില്‍, മര്‍ച്ചന്‍റ് നേവി ക്യാപ്റ്റന്‍ രാധിക മേനോനുമാണ് നാടിന്‍റെ അഭിമാനം ഉയര്‍ത്തിയത്.

കടലിലെ അസാമാന്യ ധീരതക്കുള്ള ഇന്‍റര്‍നാഷനല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍റെ (ഐ.എം.ഒ) പുരസ്കാരം (2016) നേടിയ പ്രഥമ ഇന്ത്യന്‍ വനിതയാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ രാധിക. 2013ല്‍ സമ്ബൂര്‍ണ സ്വരാജ്യ കപ്പലിന്‍റെ നായക സ്ഥാനത്തെത്തിയതിലൂടെ ഇവര്‍ ഇന്ത്യയിലെ ആദ്യ വനിത കപ്പല്‍ മേധാവിയായി. 2015 ജൂണ്‍ 22ന് ഒഡിഷയിലെ ഗോപാല്‍പൂരിലെ കടലില്‍നടന്ന രക്ഷാപ്രവര്‍ത്തനമാണ് ഇവരെ പുരസ്കാരത്തിനര്‍ഹയാക്കിയത്. കപ്പല്‍ പര്യടനം നടത്തുന്നതിനിടെ എന്‍ജിന്‍ തകരാര്‍ മൂലം തിരമാലകളില്‍ ആടിയുലയുന്ന ബോട്ടിലുണ്ടായിരുന്ന ഏഴ് മത്സ്യത്തൊഴിലാളികളെ ജീവന്‍ പണയം വെച്ചും രക്ഷിക്കാന്‍ മുന്നില്‍ നിന്നു. തന്‍റെ കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നാണ് ആ ധീരപ്രവര്‍ത്തനത്തെ അവര്‍ വിശേഷിപ്പിച്ചത്.

കൊടുങ്ങല്ലൂര്‍ തിരുവഞ്ചിക്കുളത്ത് സി.ബി. മേനോന്‍റെയും സുധ മേനോന്‍റെയും മകളാണ്. സമുദ്രമേഖലയിലെ കരിയര്‍ തെരഞ്ഞെടുക്കാന്‍ പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ഇന്‍റര്‍നാഷനല്‍ വിമന്‍ സീഫെയറേഴ്സ് ഫൗണ്ടേഷന്‍ (ഐ.ഡബ്ല്യു.എസ്.എഫ്) സഹസ്ഥാപകയാണ്.

കാഴ്ചയില്ലാത്തതിനാല്‍ ചെറുപ്പം മുതല്‍ താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ മറ്റുള്ളവര്‍ക്കുണ്ടാകരുതെന്ന ചിന്തയില്‍ നിന്നാണ് ടിഫാനി ബ്രാര്‍, തിരുവനന്തപുരം അമ്ബലമുക്കില്‍ ജ്യോതിര്‍ഗമയ സ്കൂള്‍ ആരംഭിക്കുന്നത്. ഇന്ന് കാഴ്ചയില്ലാത്ത ഒട്ടേറെ പേര്‍ക്ക് കൈത്താങ്ങും വഴികാട്ടിയുമാണ്. മലയാളം, ഹിന്ദി, തമിഴ്, നേപ്പാളി, ഇംഗ്ലീഷ് ഭാഷകള്‍ കൈകാര്യം ചെയ്യുന്ന ടിഫാനി പ്രതിസന്ധികളെ അതിജീവിച്ച്‌ വഴുതക്കാട് വിമന്‍സ് കോളജില്‍നിന്ന് ഇംഗ്ലീഷ് ബിരുദം, സ്പെഷല്‍ എജുക്കേഷനില്‍ ബി.എഡ് എന്നിവ സ്വന്തമാക്കി. 2012ല്‍ മൊബൈല്‍ സ്കൂളായി തുടങ്ങിയ ജ്യോതിര്‍ഗമയ പിന്നീട് പരിശീലനകേന്ദ്രമായി. ആത്മവിശ്വാസം വര്‍ധിപ്പിക്കാനും എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യാനുമുള്ള പരിശീലനത്തില്‍ തുടങ്ങി മൊബിലിറ്റി ട്രെയിനിങ്, കമ്ബ്യൂട്ടര്‍, ഇംഗ്ലീഷ് പരിജ്ഞാനം തുടങ്ങിയവയെല്ലാം പകര്‍ന്നു നല്‍കുന്നുണ്ട്. ചെറുപ്പത്തില്‍ ശാരീരിക പ്രയാസങ്ങളേറെ നേരിട്ട ടിഫാനി ഇന്ന് വിദേശരാജ്യങ്ങളില്‍ വരെ ക്ലാസെടുക്കാന്‍ പോകാറുണ്ട്.

നാരി ശക്തി പുരസ്കാരങ്ങള്‍ അന്താരാഷ്ട്ര വനിത ദിനമായ ഇന്ന് രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിക്കും. ദുര്‍ബലരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ സ്ത്രീകളുടെ ശാക്തീകരണത്തിനായി വിശിഷ്ട സേവനങ്ങള്‍ നല്‍കിയവര്‍ക്കാണ് കേന്ദ്ര വനിത ശിശു വികസന മന്ത്രാലയം നാരി ശക്തി പുരസ്‌കാരം നല്‍കുന്നത്.

സംരംഭകത്വം, കൃഷി, നവീകരണം, സാമൂഹിക പ്രവര്‍ത്തനം, കല-കരകൗശല മേഖല, വന്യജീവി സംരക്ഷണം തുടങ്ങി വിവിധ മേഖലകളില്‍നിന്നുള്ളവരാണ് 2020ലെ പുരസ്‌കാര ജേതാക്കള്‍. 2021ല്‍ ഉള്ളവര്‍ ഭാഷാശാസ്ത്രം, സംരംഭകത്വം, കൃഷി, സാമൂഹിക പ്രവര്‍ത്തനം, കല-കരകൗശല മേഖല, മര്‍ച്ചന്റ് നേവി, വിദ്യാഭ്യാസം, സാഹിത്യം, ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ മുതലായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഇരു വര്‍ഷങ്ങളിലുമായി 29 പേര്‍ക്കാണ് ചൊവ്വാഴ്ച അവാര്‍ഡ് നല്‍കുക. പുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിക്കും.

Facebook Comments Box

By admin

Related Post

You Missed