Kerala News

ഡി.ജി.പി അനില്‍കാന്തിന്‍റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒരാള്‍ കുടുങ്ങി

Keralanewz.com

സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്‍റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍.

നൈജിരീയന്‍ സ്വദേശിയായ യുവാവിനെ ഡല്‍ഹിയിലെ ഉത്തംനഗറില്‍ നിന്നാണ് പിടികൂടിയത്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്.
സംസ്ഥാന പൊലീസ്‌ മേധാവിയുടെ വ്യാജ വാട്സ്‌ആപ് ഉപയോഗിച്ച്‌ കൊല്ലം സ്വദേശിനിയില്‍ നിന്ന്‌ പണം തട്ടിയ കേസിലാണ് നൈജിരീയന്‍ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തത്.
ഓണ്‍ലൈന്‍ ലോട്ടറിയടിച്ചെന്ന്‌ വിശ്വസിപ്പിച്ചാണ്‌ അധ്യാപികയില്‍നിന്ന്‌ 14 ലക്ഷം രൂപ തട്ടിയെടുത്തത്‌. നികുതിയടച്ചില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന്‌ സംസ്ഥാന പൊലീസ്‌ മേധാവിയുടെ വ്യാജ വാട്സ്‌ആപ്പില്‍നിന്ന്‌ അധ്യാപികക്ക് സന്ദേശം ലഭിച്ചു.

ഇതിനെതുടര്‍ന്നാണ്‌ ഇവര്‍ പണം നല്‍കിയത്‌. അസം സ്വദേശിയുടെ പേരിലെടുത്ത കണക്ഷന്‍ മുഖേനയാണ് ഇത്തരത്തില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. ഡല്‍ഹി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സംഘമാണ് ഈ തട്ടിപ്പിന് പിന്നിലെന്ന് മനസ്സിലായതോടെ ഡല്‍ഹി ലക്ഷ്‌മി നഗര്‍, ഉത്തംനഗര്‍ എന്നീ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചായി അന്വേഷണം.

പ്രതികള്‍ വാട്സ്‌ആപ് സന്ദേശമയച്ച മൊബൈല്‍ നമ്ബര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികള്‍ ഡല്‍ഹിയിലുണ്ടെന്ന സൂചന ലഭിച്ചത്‌. മൊബൈല്‍ ടവര്‍, കോള്‍ രജിസ്റ്റര്‍ എന്നിവയെ പിന്തുടര്‍ന്നാണ്‌ സൈബര്‍ പൊലീസ്‌ ഡിവൈ.എസ്‌.പി ശ്യാംലാലിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നത്‌

Facebook Comments Box