Fri. Apr 26th, 2024

അപ്പാര്‍ട്മെന്റുകളില്‍ അരുമ മൃഗങ്ങളെ വളര്‍ത്തുന്നത് വിലക്കുന്നത് നിയമ വിരുദ്ധം: ഹൈക്കോടതി

By admin Nov 3, 2021 #news
Keralanewz.com

കൊച്ചി ; അപ്പാര്‍ട്മെന്റുകളില്‍ അരുമ മൃഗങ്ങളെ വളര്‍ത്തുന്നതു തടയാനാവില്ലെന്നും അതു വിലക്കുന്നതു നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും ഹൈക്കോടതി. റസിഡന്റ്സ് അസോസിയേഷനുകളുടെ ഇത്തരം നിബന്ധനകള്‍ നടപ്പാക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.

അതേസമയം അനിയന്ത്രിതമായ അവകാശങ്ങളല്ല മൃഗങ്ങള്‍ക്കും ഉടമകള്‍ക്കും ഉള്ളതെന്നും സമീപ അപ്പാര്‍ട്മെന്റുകളുടെ ഉടമയ്ക്കോ താമസക്കാര്‍ക്കോ ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും കോടതി പറഞ്ഞു.പീപ്പിള്‍ ഫോര്‍ അനിമല്‍സ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.


സ്വന്തം അപ്പാര്‍ട്ട്മെന്റിലും വാടകയ്ക്ക് താമസിക്കുന്ന അപ്പാര്‍ട്ട്മെന്റുകളിലും അരുമ മൃഗങ്ങളെ വളര്‍ത്തുന്നതും അവയ്ക്കായി ലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങളും പൊതുസ്ഥലങ്ങളും ഉപയോഗിക്കുന്നതും വിലക്കുന്ന വ്യവസ്ഥകള്‍ നിയമപരമല്ല. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മിണ്ടാപ്രാണികളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്ന സംസ്‌കാരം വളര്‍ന്നു വരണം. സ്‌കൂള്‍ തലം മുതല്‍ ബോധവല്‍ക്കരണത്തിനു സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.


വളര്‍ത്തുമൃഗങ്ങള്‍ക്ക് വിലക്ക് നിര്‍ദേശിച്ചുള്ള ബോര്‍ഡുകളും നോട്ടിസുകളും പാടില്ല. നിരോധിക്കുന്നതിനു പകരം ന്യായമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താന്‍ അസോസിയേഷനുകള്‍ക്കു അനുവാദമുണ്ട്. കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് 2015 ഫെബ്രുവരി 26നു പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളും ഉത്തരവിന്റെ ഭാഗമാക്കിയിട്ടുണ്ട്. അപ്പാര്‍ട്മെന്റുകളില്‍ അരുമ മൃഗങ്ങളെ വിലക്കരുതെന്നും ലിഫ്റ്റ് ഉപയോഗിക്കുന്നതിനു പ്രത്യേക ഫീസ് ഈടാക്കരുതെന്നുമാണ് ഉത്തരവില്‍ പറയുന്നത്

Facebook Comments Box

By admin

Related Post