Sun. Apr 28th, 2024

രാജ്യസഭാ സീറ്റിലേക്ക് ആഗ്രഹം പ്രകടിപ്പിച്ച്‌ കെവി തോമസ്; സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയിട്ട് അണികള്‍

Keralanewz.com

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെവി തോമസ് ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് മല്‍സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെതിരേ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല.

വയസ്സാന്‍ കാലത്ത് എന്തിനുള്ള പുറപ്പാടെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. കോണ്‍ഗ്രസ് നേതൃത്വം കടല്‍കിഴവന്മാരെ ഒഴിവാക്കി യുവാക്കളെ പരിഗണിക്കണമെന്നാണ് അണികള്‍ ആവശ്യപ്പെടുന്നത്.

മുതിര്‍ന്ന നേതാവ് എകെ ആന്റണി ഇനി രാജ്യസഭയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയതോടെയാണ് കോണ്‍ഗ്രസിലെ സീറ്റു മോഹികള്‍ പരസ്യമായി രംഗത്തെത്തിയത്. ‘രാജ്യസഭയിലേക്ക് മല്‍സരിക്കാന്‍ ആഗ്രഹമുണ്ട്്. പരിചയ സമ്ബത്തുള്ള ആളാണ്. എന്നാല്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണ്’-കെ വി തോമസ് പറഞ്ഞു.

ഈ പ്രസ്താവനക്കെതിരേയാണ് സോഷ്യല്‍ മീഡിയ തോമസിനെതിരേ ആക്ഷേപം ചൊരിഞ്ഞത്.

‘കുഴിയില്‍ കാലും നീട്ടി ഇരിക്കയാണെങ്കിലും ആഗ്രഹത്തിന് ഒരുകുറവും ഇല്ലല്ലോ’, ‘ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെങ്കിലും താങ്കളുടെ പേര് പറഞ്ഞാല്‍ മത്സരിക്കാമായിരുന്നു’- എന്നു തുടങ്ങി രൂക്ഷമായ പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

‘കടലിലെ ഓളവും, കരയിലെ മോഹവും, തോമസ് മാഷിന്റെ ആഗ്രഹവും അടങ്ങുകില്ല’-‘കര്‍ത്താവിനു പോലും വേണ്ട എല്ലാ സംസ്ഥാനത്തും കടല്‍ കിഴന്‍മാരെ പിരിച്ചു വിട്ടു ഉടച്ചു വാര്‍ക്കണം’- എന്നിങ്ങനെയാണ് കമന്റ് ബോക്‌സില്‍ നിറയുന്നത്.

നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് കോണ്‍ഗ്രസില്‍ തനിക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് തോമസ് മാഷ് പരാതി ഉയര്‍ത്തിയിരുന്നു. സോണിയാ ഗാന്ധി ഇടപെട്ടാണ് അദ്ദേഹത്തെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് സംബന്ധിയായ ചുമതലയേല്‍പ്പിക്കുന്നത്.

അതേസമയം, കെപിസിസി നേതൃത്വത്തില്‍ നിന്ന് അനുകൂല തീരുമാനമുണ്ടാകാന്‍ സാധ്യത കുറവായതിനാല്‍ സോണിയ ഗാന്ധിയെ നേരിട്ട് കണ്ട് അവകാശവാദമുന്നയിക്കാനാണ് കെവി തോമസിന്റെ പരിപാടി.

മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയ ചെറിയാന്‍ ഫിലിപ്പ്്, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ഇവര്‍ക്ക് പുറമെ സിഎംപി നേതാവ് സിപി ജോണും അവകാശവാദമുന്നയിക്കും.

എകെ ആന്റണി ഒഴിവാകുന്ന സീറ്റില്‍ അദ്ദേഹത്തിന്റെ കൂടി അഭിപ്രായം പരിഗണിച്ച്‌ മാത്രമെ അന്തിമ തീരുമാനമുണ്ടാകൂ. അതുകൊണ്ട് തന്നെ, ആന്റണിയുടെ നേരവകാശിയെന്ന് സ്വയം അവകാശപ്പെടുന്ന ചെറിയാന്‍ ഫിലിപ്പിന് സാധ്യത ഏറുന്നു എന്നാണ് വിവരം.

പുതുമുഖങ്ങളെ പരിഗണിക്കുകയാണെങ്കില്‍ അതില്‍ വിടി ബല്‍റാം, എം ലിജു, വനിതാ പ്രാതിനിധ്യമാണെങ്കില്‍ ഷാനിമോള്‍ ഉസ്മാനും നറുക്ക് വീഴും.

Facebook Comments Box

By admin

Related Post