Thu. Mar 28th, 2024

രാജ്യസഭ സമവാക്യങ്ങളില്‍ ‘ആപ്’ അട്ടിമറി; കോണ്‍ഗ്രസിന്‍റെ പ്രതിപക്ഷ നേതൃസ്ഥാനം ഭീഷണിയില്‍

By admin Mar 13, 2022 #aap #congress #rajyasabha
Keralanewz.com

ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ ഏറെ പ്രത്യാഘാതമുണ്ടാക്കിയ പഞ്ചാബിലെ ആപ് മുന്നേറ്റം രാജ്യസഭയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ അട്ടിമറിച്ചു.

പ്രതിപക്ഷവും ബി.ജെ.പിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന രാജ്യസഭയില്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ ആം ആദ്മി പാര്‍ട്ടി വേറിട്ട ശക്തിയായി മാറുകയാണ്. പഞ്ചാബിലെയും അതുവഴി രാജ്യസഭയിലെയും ആപ്പിന്‍റെ വളര്‍ച്ച കോണ്‍ഗ്രസിന്‍റെ പ്രതിപക്ഷ നേതൃസ്ഥാനം ഭീഷണിയിലാക്കുമെന്ന് മാത്രമല്ല, കോണ്‍ഗ്രസിതര പ്രതിപക്ഷ ഐക്യത്തിലൂടെ മൂന്നാം മുന്നണിക്ക് ശ്രമിക്കുന്ന പ്രാദേശിക പാര്‍ട്ടികള്‍ക്കും പ്രതിബന്ധമായിത്തീരും.

പഞ്ചാബില്‍ നിന്ന് ആകെയുള്ള ഏഴ് രാജ്യസഭ അംഗങ്ങളില്‍ അടുത്തമാസം കാലാവധി അവസാനിക്കുന്ന അഞ്ചു പേരുടെ ഒഴിവിലേക്ക് ഈ മാസം 31നാണ് തെരഞ്ഞെടുപ്പ്. കേരളത്തിലെ മൂന്ന് രാജ്യസഭ സീറ്റുകള്‍ക്കൊപ്പമാണ് ഈ തെരഞ്ഞെടുപ്പും നടക്കുക. അവശേഷിക്കുന്ന രണ്ട് സീറ്റുകളുടെ കാലാവധി ജൂലൈയിലും തീരുന്നതോടെ പഞ്ചാബിലെ ഈ ഏഴ് സീറ്റുകളും 92 എം.എല്‍.എമാരുള്ള ആം ആദ്മി പാര്‍ട്ടിയുടേതായി മാറും. നിലവില്‍ കോണ്‍ഗ്രസിനെ പോലെ മൂന്ന് രാജ്യസഭ എം.പിമാരുള്ള പഞ്ചാബിലെ ശിരോമണി അകാലിദളിന് രാജ്യസഭയില്‍ ഒരു അംഗം പോലുമില്ലാതാകും. പഞ്ചാബില്‍ നിന്നുള്ള ഏക ബി.ജെ.പി എം.പിയുടെ സീറ്റും ആപ്പിന് കിട്ടും.

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വന്‍ വിജയത്തിനു ശേഷവും പശ്ചിമ ബംഗാള്‍, തമിഴ്നാട്, തെലങ്കാന, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരാരും അരവിന്ദ് കെജ്രിവാളിനെയോ ആപ്പിനെയോ അഭിനന്ദിക്കാന്‍ തിരക്ക് കാണിച്ചില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജ്യസഭയില്‍ മറ്റു പ്രതിപക്ഷകക്ഷികളില്‍ നിന്ന് ഭിന്നമായ നിലപാടുകളാണ് വിവാദമായ പല വിഷയങ്ങളിലും ആപ് എടുത്തിട്ടുള്ളത്. രാജ്യസഭയില്‍ പ്രതിപക്ഷ എം.പിമാരെ സസ്‍പെന്‍ഡ് ചെയ്തതിനെതിരെ ഗാന്ധിപ്രതിമക്ക് മുന്നില്‍ പ്രതിപക്ഷം നടത്തിയ സമരത്തില്‍ ആം ആദ്മി പാര്‍ട്ടി പങ്കാളിയായില്ല. നടപടിക്ക് ആധാരമായ രാജ്യസഭ ബഹളത്തിനും കൈയാങ്കളിക്കും മുന്നിലുണ്ടായിരുന്നത് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് ആയിരുന്നു.

ജമ്മു- കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് 370ാം വകുപ്പ് റദ്ദാക്കിയ മോദി സര്‍ക്കാറിന്‍റെ നടപടിയെ മായാവതിയുടെ ബി.എസ്.പിയെ പോലെ ആം ആദ്മി പാര്‍ട്ടിയും പിന്തുണക്കുകയാണ് ചെയ്തത്. പഞ്ചാബില്‍ നിന്നുള്ള മൂന്ന് അംഗങ്ങള്‍ ഇല്ലാതാകുന്ന കോണ്‍ഗ്രസിന് അസമില്‍ നിന്നുള്ള രണ്ടും ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ഒന്നും സീറ്റുകള്‍ ഇതിനകം നഷ്ടപ്പെടുത്തിയിട്ടുണ്ട്. ജൂലൈയില്‍ ഇത് എട്ടാകുന്നതോടെ കോണ്‍ഗ്രസിന്‍റെ അംഗബലം 34ല്‍ നിന്ന് 26ലെത്തും. ഇത് ലോക്സഭയിലേതു പോലെ രാജ്യസഭയില്‍ കോണ്‍ഗ്രസിന്‍റെ പ്രതിപക്ഷ നേതൃസ്ഥാനത്തിന് ഭീഷണിയാകും.

ഉത്തര്‍പ്രദേശില്‍ കനത്ത തിരിച്ചടി നേരിട്ട മായാവതിയുടെ വിശ്വസ്തനായ ബ്രാഹ്മണ നേതാവ് സതീശ് ചന്ദ്ര മിശ്രയും അദ്ദേഹത്തിന്‍റെ സഹചാരി അശോക് സിദ്ധാര്‍ഥും കാലാവധി കഴിഞ്ഞു പോകുന്ന മുറക്ക് ബി.എസ്.പിക്ക് ഇനി രാജ്യസഭയില്‍ ഒരേ ഒരു എം.പി മാത്രമായി മാറും.

Facebook Comments Box

By admin

Related Post