National NewsCRIMEPolitics

തിരിച്ചടിച്ച്‌ ബിജെപി: അദാനി ഗ്രൂപ്പ് കൈക്കൂലി നല്‍കിയത് കോണ്‍ഗ്രസും സഖ്യകക്ഷികളും ഭരിച്ചിരുന്ന സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക്

Keralanewz.com

ന്യൂഡൽഹി :അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനിയ്‌ക്കെതിരെ യുഎസില്‍ ഉയര്‍ന്ന കൈക്കൂലി-തട്ടിപ്പ് കേസില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചെത്തിയ കോണ്‍ഗ്രസിന് മറുപടിയുമായി ബിജെപി

ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് മറുപടിയുമായി രംഗത്തെത്തിയത്. അദാനി ഗ്രൂപ്പ് കൈക്കൂലി നല്‍കിയത് കോണ്‍ഗ്രസും സഖ്യകക്ഷികളും ഭരിച്ചിരുന്ന സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കാണെന്നാണ് അദ്ദേഹം പറയുന്നത്. യുഎസ് സെക്യൂരിറ്റിസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്ന സംസ്ഥാനങ്ങള്‍ അക്കാലത്ത് ഭരിച്ചിരുന്നത് പ്രതിപക്ഷ പാര്‍ട്ടികളാണെന്നും മാളവ്യ പറഞ്ഞു.

സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ച്‌ അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന തട്ടിപ്പുകളെപ്പറ്റി അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞിരുന്നു. ഇതിനുമറുപടി പറയുകയായിരുന്നു അമിത് മാളവ്യ.

“നിങ്ങള്‍ ചൂണ്ടിക്കാണിച്ച രേഖയില്‍ പറയുന്നത് ശ്രദ്ധിച്ച്‌ വായിക്കൂ. കുറ്റപത്രത്തിലെ കുറ്റങ്ങള്‍ ആരോപണങ്ങള്‍ മാത്രമാണെന്നും കുറ്റം തെളിയിക്കപ്പെടുന്നത് വരെ പ്രതികളെ നിരപരാധികളായി കണക്കാക്കപ്പെടും എന്നാണ്,” അമിത് മാളവ്യ എക്‌സില്‍ കുറിച്ചു.

അദാനി ഗ്രൂപ്പ് കൈക്കൂലി നല്‍കിയെന്ന് പറയപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒഡിഷ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇക്കാര്യം കുറ്റപത്രത്തില്‍ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. ജൂലൈ 2021നും 2022 ഫെബ്രുവരിയ്ക്കും ഇടയ്ക്കാണ് കൈക്കൂലി നല്‍കിയത്. ഇക്കാലയളവില്‍ ഈ സംസ്ഥാനങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളാണ് ഭരിച്ചിരുന്നതെന്നും അമിത് മാളവ്യ പറഞ്ഞു.

“കുറ്റപത്രത്തില്‍ പറയുന്ന സംസ്ഥാനങ്ങള്‍ അന്ന് ഭരിച്ചിരുന്നത് പ്രതിപക്ഷ പാര്‍ട്ടികളാണ്. അതിനാല്‍ അഭിപ്രായം പറയുന്നതിന് മുമ്ബ് കോണ്‍ഗ്രസും സഖ്യകക്ഷികളും വാങ്ങിയ കോഴയെക്കുറിച്ച്‌ ഉത്തരം പറയൂ,” അമിത് മാളവ്യ എക്‌സില്‍ കുറിച്ചു.

അദാനി ഗ്രൂപ്പിനെതിരെ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവെയ്ക്കുന്നതാണ് ഇപ്പോള്‍ അദാനിയ്‌ക്കെതിരെ യുഎസില്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞിരുന്നു. അദാനി ഗ്രൂപ്പിന്റെ നിയമലംഘനങ്ങളെക്കുറിച്ചും, ഷെല്‍ കമ്ബനികള്‍, നിക്ഷേപം എന്നിവയുടെ ഉറവിടം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതും സെബി അന്വേഷണം നടത്തിയ രീതിയിലും യുഎസ് സെക്യുരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ നടപടികള്‍ വെളിച്ചം വീശുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ അദാനി ഗ്രൂപ്പിന്റെ ഇടപാടുകളെപ്പറ്റി അന്വേഷണം നടത്തുന്നതിനായി സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിക്കണമെന്നും ജയറാം രമേഷ് ആവശ്യപ്പെട്ടു.

തട്ടിപ്പ്, കൈക്കൂലി കേസുകളിലാണ് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സേഞ്ച് കമ്മീഷന്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നുമാണ് അദാനിയ്ക്കെതിരെ ഉയരുന്ന ആരോപണം.

ഗൗതം അദാനി, അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജിയുടെ എക്സിക്യൂട്ടീവുകള്‍, അസുര്‍ പവര്‍ ഗ്ലോബല്‍ പവര്‍ ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ആയ സിറില്‍ കബനീസ് എന്നിവര്‍ക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനയ്ക്കുമാണ് കുറ്റം ചുമത്തിയത്. മള്‍ട്ടി ബില്യണ്‍ ഡോളര്‍ പദ്ധതികള്‍ വാഗ്ദാനം ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തി യുഎസ് നിക്ഷേപകരെ കബളിപ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരെ ഉയരുന്ന പ്രധാന ആരോപണം.

അദാനി ഗ്രീന്‍, അസുര്‍ പവര്‍ തുടങ്ങിയ കമ്ബനികള്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സൗരോര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ ലഭിക്കാനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കൂടാതെ അദാനി ഗ്രീന്‍ അമേരിക്കയിലെ നിക്ഷേപകരില്‍ നിന്ന് 175 മില്യണ്‍ ഡോളറിലധികം (14,78,31,68,750 രൂപ) സമാഹരിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. വിദേശ വ്യാപാര ഇടപാടുകളിലെ കൈക്കൂലിക്കെതിരായ ഫോറിന്‍ കറപ്ട് പ്രാക്ടീസ് ആക്ടിന്റെ കീഴിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്.

2020നും 2024നും ഇടയില്‍ അദാനിയും അനുയായികളും സൗരോര്‍ജ കരാറുകള്‍ നേടുന്നതിനായി 250 മില്യണ്‍ ഡോളറിലധികം (21,12,21,75,000 രൂപ) ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതായി ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഇരുപത് വര്‍ഷത്തിനുള്ളില്‍ 200 കോടി ഡോളര്‍ ലാഭമുണ്ടാക്കാനും ഇവര്‍ ലക്ഷ്യമിട്ടതായി കുറ്റപത്രത്തില്‍ ആരോപിച്ചു.

അദാനിയും മറ്റ് ഏഴ് എക്സിക്യൂട്ടീവുകളും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്ത് കരാറുകള്‍ ഉറപ്പാക്കാന്‍ ശ്രമിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

Facebook Comments Box