Sun. May 19th, 2024

ലോക്സഭ എത്തിക്സ് കമ്മറ്റിയുടെ റിപ്പോർട്ട് വന്നു;മഹുവ കുറ്റക്കാരി, ലോക്സഭയില്‍ നിന്ന് പുറത്താക്കണം.

By admin Nov 9, 2023 #bjp #Trinamul congress
Keralanewz.com

ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച , ചോദ്യത്തിനു കോഴയായി പണം വാങ്ങിയെന്ന വിവാദത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കണമെന്നും എംപിയായി തുടരാൻ അനുവദിക്കരുതെന്നും പാര്‍ലമെന്‍ററി എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് സമർപ്പിച്ചു.

പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ റിപ്പോര്‍ട്ട് ലോക്സഭാ സ്പീക്കര്‍ക്ക് സമര്‍പ്പിക്കുകയും ചര്‍ച്ചയ്ക്ക് ശേഷം നടപടി സ്വീകരിക്കുകയും ചെയ്യും. വിഷയത്തില്‍ പരിശോധന നടത്തിയ സമിതി 500 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.

മഹുവയുടെ പ്രവൃത്തികള്‍ അങ്ങേയറ്റം നീചവും കടുത്ത ശിക്ഷ അര്‍ഹിക്കുന്നതുമാണെന്നും വിഷയത്തില്‍ എത്രയും വേഗത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്. മഹുവയ്‌ക്കെതിരെ സര്‍ക്കാര്‍ നിയമപരമായ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ സമിതി ശിപാര്‍ശ ചെയ്തു.

കടുത്ത ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണ് മഹുവ നടത്തിയിരിക്കുന്നതെന്നും കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അനധികൃതമായി ഉപയോഗിക്കാൻ പാര്‍ലമെന്‍ററി യൂസര്‍ ഐഡി വ്യവസായി ദര്‍ശൻ ഹിരാനന്ദാനിയുമായി മഹുവ പങ്കുവച്ചെന്നും ഇതിനായി പണവും മറ്റു വസ്തുക്കളും സ്വീകരിച്ചെന്നും കണ്ടെത്തിയതായി കമ്മിറ്റി പറയുന്നു.

കഴിഞ്ഞയാഴ്ച എത്തിക്സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരായ മഹുവ മൊയ്ത്ര ക്ഷുഭിതയായി ഇറങ്ങിപ്പോയിരുന്നു. കമ്മിറ്റി അംഗങ്ങള്‍ തന്നെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചതായി മഹുവ സ്പീക്കര്‍ക്ക് കത്തു നല്‍കി.

ബിജെപി എംപി വിനോദ് കുമാര്‍ സോങ്കര്‍ ആണ് എത്തിക്സ് പാനല്‍ മേധാവി. മഹുവ മൊയ്ത്ര തങ്ങളോട് സഹകരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.

മഹുവ മൊയ്ത്ര സമിതിയുമായും അന്വേഷണവുമായും സഹകരിച്ചില്ല. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതിരിക്കാന്‍ പെട്ടെന്ന് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.- സോങ്കര്‍ പറഞ്ഞു.

അതേസമയം, മഹുവക്കെതിരെ ലോക്പാല്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതായി ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു.
ലോക്സഭ ഇലക്ഷൻ അടുത്തിരിക്കുന്ന സമയത്ത് ഇങ്ങനെ ഒരു നടപടി വരുന്നത് തൃണാമാർ കോൺഗ്രസിന് കനത്ത പ്രഹരമായിരിക്കും നൽകുക, എന്നാൽ മമത എന്ത് നിലപാടെടുക്കും എന്നാണ് കൊൽ കൊത്ത രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

Facebook Comments Box

By admin

Related Post