ഭൂപരിഷ്കരണം: ബജറ്റ് നിര്‍ദേശം തനിയാവര്‍ത്തനം, ഭേദഗതി സംവാദം വീണ്ടും
തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമ ഭേദഗതി സംവാദത്തിനു വീണ്ടും തുടക്കമിട്ട ബജറ്റ് നിര്‍ദേശത്തോട് മുഖം തിരിച്ച് സി.പി.ഐ.
തോട്ടവിളകളില്‍ പഴവര്‍ഗ കൃഷികള്‍ കൂടി ഉള്‍പ്പെടുത്തണമെന്നാണ് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ.എന്‍. ബാലേഗാപാല് പ്രഖ്യാപിച്ചത്.
അതേസമയം, ഈ നിര്‍ദേശം പുതിയതല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സി.പി.ഐക്കുള്ളില്‍ 2019ല്‍ നടന്ന ചര്‍ച്ചയിലും രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റിലെ നിര്‍ദേശത്തിന്റെയും തനിയാവര്‍ത്തനം മാത്രമാണ് തോട്ടവിളകളെ സംബന്ധിച്ച് പുതിയ ബജറ്റിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ‘പഴവര്‍ഗ കൃഷികള്‍ ഉള്‍പ്പെടെ തോട്ടത്തിന്റെ ഭാഗമാക്കിയുള്ള കാലോചിതമായ ഭേദഗതികള്‍ നിയമത്തില്‍ കൊണ്ടുവരണ’മെന്നാണ് ബജറ്റ് നിര്‍ദേശം. രണ്ടാം പിണറായി സര്‍ക്കാറിന്റെ 2021 ജൂണിലെ ആദ്യ ബജറ്റിലും സമാന നിര്‍ദേശമാണുള്ളത്.
‘പരമ്ബരാഗത തോട്ടവിളകള്‍ക്കു പുറമേ, പുതിയയിനം ഫലവര്‍ഗങ്ങള്‍ കൃഷിചെയ്യണം, ഇതിനായി നയം രൂപവത്കരിച്ച് ആറു മാസത്തിനകം പദ്ധതി തയാറാക്കും -എന്നും വ്യക്തമാക്കുന്നു. ആറു മാസമായിട്ടും ഇതില്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് തോട്ടം മേഖലയിലെ ആക്ഷേപം. ഒന്നാം പിണറായി സര്‍ക്കാറില്‍ കൃഷി വകുപ്പിന്റേതായി തോട്ടം മേഖലയില്‍ ഭൂപരിഷ്കരണ നിയമവുമായി ബന്ധപ്പെട്ട ചില നിര്‍ദേശങ്ങള്‍ കൊണ്ടുവന്നിരുന്നു.
തോട്ടഭൂമിയുടെ 30-40 ശതമാനം വരെ ഒഴിഞ്ഞു കിടക്കുന്നയിടത്ത് ഫലവര്‍ഗങ്ങള്‍ കൃഷി ചെയ്യാന്‍ അനുവദിക്കണമെന്നായിരുന്നു പ്രധാന നിര്‍ദേശം. എന്നാല്‍, മന്ത്രിസഭയില്‍ വരുന്നതിനു മുന്നേ സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതിക്ക് സമര്‍പ്പിച്ച നിര്‍ദേശം നേതൃത്വം തള്ളി.