Kerala News

സ്തുതിപാഠകരെ വച്ച്‌ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാകില്ല; അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി

Keralanewz.com

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍

സ്തുതിപാഠകരെ വച്ച്‌ കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാകില്ലെന്നും വ്യക്തി പൂജയും ബിംബവത്കരണവും ഒരു കാലത്തും ജയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആദര്‍ശവും ആശയവ്യക്തതയുമുള്ള നേതാക്കളാണ് കോണ്‍ഗ്രസിന് ഇപ്പോള്‍ ആവശ്യമെന്നും അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വി പാര്‍ട്ടി പ്രവര്‍ത്തകരെ നിരാശയിലാക്കിയെന്നും മുല്ലപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം തണുത്ത് കൊണ്ടിരിക്കുകയാണെന്നും നിര്‍ഭയമായി സംസാരിക്കാന്‍ പാര്‍ട്ടി വേദികളില്‍ അവസരമുണ്ടാക്കണമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

നേരത്തെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച്‌ മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി രംഗത്ത് വന്നിരുന്നു. വ്യക്തികള്‍ക്കെതിരായ ആക്രമണങ്ങള്‍ ശരിയല്ല. അത് കോണ്‍ഗ്രസിന്റെ രീതിയല്ല. നേതൃമാറ്റത്തെക്കുറിച്ച്‌ യോഗത്തില്‍ ചര്‍ച്ച ചെയ്യട്ടെയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വേണുഗോപാലിനെതിരെ കോഴിക്കോട് നഗരത്തില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. വേണുഗോപാലിനെ പുറത്താക്കുക, കോണ്‍ഗ്രസിനെ രക്ഷിക്കുക എന്നെഴുതിയ ബോര്‍ഡുകളാണ് സ്ഥാപിച്ചിരുന്നത്. കോണ്‍ഗ്രസ് കൂട്ടായ്മ എന്ന പേരിലുള്ള സംഘമാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.

കെ സി വേണുഗോപാലിനെതിരെ സി എം ഇബ്രാഹിമും ഇന്ന് രംഗത്തുവന്നിരുന്നു. കെ സി വേണുഗോപാലാണ് കോണ്‍ഗ്രസിനെ നശിപ്പിക്കുന്നതെന്നും അടുക്കള ഏജന്റുമാരാണ് കോണ്‍ഗ്രസില്‍ ഭരിക്കുന്നതെന്നും ഇബ്രാഹിം ആരോപിച്ചു. അഴിമതിക്കാരായ നേതാക്കളോടാണ് ഹൈക്കമാന്റിന് താത്പര്യം. രാഹുല്‍ ഗാന്ധി പൂര്‍ണ പരാജയമാണ്. എങ്ങനെ നയിക്കണമെന്ന് രാഹുലിന് അറിയില്ല. ജനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് അകന്നു. ഇതാണ് തിരിച്ചടിക്ക് കാരണമായതെന്നും ഇബ്രാഹിം പറഞ്ഞു

Facebook Comments Box