ഗ്രൂപ്പ് കളിയിൽ മനം മടുത്ത് കോൺഗ്രസ് പാലാ കരൂർ മണ്ഡലം പ്രസിഡൻറ് സന്തോഷ് ജെ കുര്യത്ത് പാർട്ടി വിടുന്നു: കെപിസിസി മെമ്പറുടെ നേതൃത്വത്തിൽ പരസ്യമായ ഗ്രൂപ്പ് പ്രവർത്തനം നടത്തുന്നത് അംഗീകരിക്കുവാൻ കഴിയില്ല എന്ന് രാജി കത്തിൽ ചൂണ്ടി കാണിക്കുന്നു

Keralanewz.com

പാലാ: ഗ്രൂപ്പ് പ്രവർത്തനം കോൺഗ്രസ് പാർട്ടിക്ക് പുത്തരിയല്ല. എയും ഐയും തിരുത്തലും തിരുമ്മലും തുടങ്ങി ജില്ലാതല നേതാക്കൾക്ക് വരെ സ്വന്തംനിലയ്ക്ക് ഗ്രൂപ്പുകൾ ഉണ്ട്. ഗ്രൂപ്പുകളുടെ അതിപ്രസരം കോൺഗ്രസ് പാർട്ടിയെ നാശത്തിലേക്ക് നയിക്കുന്നതിൽ ഇതിൽ ആത്മാർത്ഥതയുള്ള പാർട്ടി പ്രവർത്തകർക്ക് അമർഷവും പരാതിയുണ്ട്. ഇതിൻറെ ഉത്തമ ഉദാഹരണമാണ് പാലാ നിയോജക മണ്ഡലത്തിലെ കരൂർ മണ്ഡലം പ്രസിഡൻറ് സന്തോഷിന്റെ രാജി

കോട്ടയം ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷിന് തന്റെ രാജിക്കത്ത് അദ്ദേഹം കൈമാറി. കെപിസിസി മെമ്പറായ കോട്ടയം ജില്ലയിലെ മുതിർന്ന നേതാവിന്റെയും യൂത്ത്കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റിന്റെയും നേതൃത്വത്തിൽ കരൂർ മണ്ഡലത്തിൽ ഗ്രൂപ്പ് യോഗം വിളിച്ചുചേർത്തതാണ് സന്തോഷിനെ പ്രകോപിപ്പിച്ചത്. കോൺഗ്രസ് പാർട്ടി ഗ്രൂപ്പ് കളിച്ച് നാമാവശേഷമായി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം പ്രവണത ജില്ലയിലെ മുതിർന്ന നേതാവ് തന്നെ നടത്തുകയാണെങ്കിൽ പിന്നെ തങ്ങൾക്ക് ഒക്കെ എന്ത് എന്ന മനോഭാവമാണ് പലർക്കും. കഴിഞ്ഞ ഏഴു വർഷമായി മണ്ഡലം പ്രസിഡൻറിന്റെ ചുമതല വഹിക്കുന്ന സന്തോഷ് നിശിതമായ വിമർശനമാണ് പാർട്ടിയിലെ ഗ്രൂപ്പ് പ്രവർത്തനത്തിനെതിരെ ഉയർത്തിയിരിക്കുന്നത്

പാലാ നിയോജക മണ്ഡലത്തിലെ പല മണ്ഡലം പ്രസിഡൻറ് മാരും ഗ്രൂപ്പ് പ്രവർത്തനത്തിൽ അസ്വസ്ഥരാണ്. പല മുതിർന്ന നേതാക്കന്മാരെയും പരിഗണിക്കാതെ ഗ്രൂപ്പിൻറെ പേരിൽ ഭാരവാഹിത്വം വച്ചു നീട്ടുന്നത് പാർട്ടിയിൽ അസ്വസ്ഥത വളർത്തിയിരിക്കുകയാണ്. പാരമ്പര്യത്തിന്റെ പേരിൽ ജില്ലാ നേതാവിന്റെ ഒത്താശയോടെ അർഹരായവരെ ഒഴിവാക്കി അടുത്തിടെ പാലായിൽ നടന്ന ഭാരവാഹി നിയമനത്തെക്കുറിച്ചുള്ള പരാതി നിലനിൽക്കെയാണ് പാർട്ടിയെ നശിപ്പിക്കുന്ന ഇത്തരം പരിപാടികൾ എന്നതാണ് സാധാരണക്കാരായ പാർട്ടി പ്രവർത്തകരെ പ്രകോപിപ്പിക്കുന്നത്

സന്തോഷ്  ഉയർത്തിവിട്ട വിമർശനവും രാജിയും ഉമ്മൻചാണ്ടി ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ  സ്വന്തം ജില്ലയിൽ കടുത്ത പ്രതിസന്ധിക്ക് ഇടവരുത്തും എന്ന കാര്യത്തിൽ തർക്കമില്ല. കെപിസിസി ഡിസിസി ഭാരവാഹികളുടെ നിയമന കാര്യത്തിൽ  ഗ്രൂപ്പ് പോരിന്റെ പേരിൽ തീരുമാനമാകാതെ മുടങ്ങി ഇരിക്കുന്ന സാഹചര്യത്തിൽ പുതിയ വിവാദം കോൺഗ്രസ് നേതൃത്വത്തിന്  വീണ്ടും തലവേദനയാകും

Facebook Comments Box