Fri. Apr 19th, 2024

ഇടുക്കി മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സൗകര്യം ഒരുങ്ങുന്നു

By admin Mar 23, 2022 #idukki #MCH
Keralanewz.com

തൊടുപുഴ: പരാധീനതകള്‍ക്കിടയിലും ഇടുക്കി മെഡിക്കല്‍ കോളജില്‍ രോഗികള്‍ക്കായി കൂടുതല്‍ സംവിധാനങ്ങളൊരുങ്ങുന്നു.നിലവിലെ സംവിധാനങ്ങള്‍ വിപുലീകരിച്ചും കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തിയും രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്ന രീതിയിലാണ് നടപടി ആവിഷ്കരിക്കുന്നതെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. സുരേഷ് വര്‍ഗീസ് പറഞ്ഞു.

ആദ്യഘട്ടമെന്ന നിലയില്‍ എക്സ്റേ, ലാബ്, ബ്ലഡ് ബാങ്ക്, ഇ.സി.ജി വിഭാഗം എന്നിവയുടെ പ്രവര്‍ത്തനം 24 മണിക്കൂറാക്കിയിട്ടുണ്ട്. നേരത്തേ ഈ വിഭാഗങ്ങള്‍ പകല്‍ സമയങ്ങളില്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്.

കൂടാതെ സ്പെഷാലിറ്റി ഡോക്ടര്‍മാരുടെ സേവനം രാത്രിയിലും ലഭ്യമാക്കിയിട്ടുണ്ട്. കാഷ്വാലിറ്റി വിഭാഗത്തില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയും തീവ്രപരിചരണ വിഭാഗം പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. സി.ടി സ്കാന്‍, മാമോഗ്രാം യൂനിറ്റുകളും എല്ലാ ദിവസവും പ്രവര്‍ത്തനം തുടങ്ങിയതായും സൂപ്രണ്ട് പറഞ്ഞു.

അതേസമയം, ഡോക്ടര്‍ ഇതര ജീവനക്കാരുടെ കുറവാണ് നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രി നേരിടുന്ന പ്രധാന പ്രതിസന്ധി. സ്റ്റാഫ് നഴ്സ്, ലാബ്, ഫാര്‍മസി ജീവനക്കാര്‍ എന്നിവരുടെ കുറവ് രോഗികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. 150 ജീവനക്കാരെ അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് അധികൃതര്‍ ആരോഗ്യവകുപ്പിന് കത്ത് നല്‍കിയിരിക്കുകയാണ്.

നിലവിലെ എല്ലാ വിഭാഗത്തിലും കിടത്തിച്ചികിത്സ ഉണ്ടെങ്കിലും പുതിയ കെട്ടിടത്തില്‍ ഇനിയും കിടത്തിച്ചികിത്സ ആരംഭിക്കാനായിട്ടില്ല. നിര്‍മാണച്ചുമതല ഏറ്റെടുത്ത കിറ്റ്കോ കുറച്ച്‌ ജോലികൂടി തീര്‍ക്കാനുണ്ട്. ഇത് തീര്‍ന്നാലുടന്‍ പുതിയ കെട്ടിടത്തില്‍ കിടത്തിച്ചികിത്സ ആരംഭിക്കാനാണ് ശ്രമം. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് അടുത്തിടെ ഇടുക്കി മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് ചേര്‍ന്ന അവലോകന യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതോടൊപ്പം മെഡിക്കല്‍ കോളജിന് ദേശീയ മെഡിക്കല്‍ കൗണ്‍സിലിന്‍റെ അംഗീകാരം നേടിയെടുക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

ഈവര്‍ഷം തന്നെ അംഗീകാരം ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ നടപടികളും ആരംഭിക്കാനാകും. മെഡിക്കല്‍ കൗണ്‍സില്‍ നിഷ്കര്‍ഷിച്ച അടിസ്ഥാന സൗകര്യങ്ങളില്‍ 30 ശതമാനം പൂര്‍ത്തിയാകാനുണ്ട്.

വിദ്യാര്‍ഥികളുടെ ഹോസ്റ്റലും അധ്യാപകര്‍ക്കുള്ള കെട്ടിടവുമാണ് ഇതില്‍ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ഏഴുവര്‍ഷം മുമ്ബ് ആരംഭിച്ച മെഡിക്കല്‍ കോളജിന് രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ അംഗീകാരം നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്നുള്ള അഞ്ചുവര്‍ഷവും അപേക്ഷിച്ചെങ്കിലും മതിയായ അടിസ്ഥാന സൗകര്യങ്ങളും ചികിത്സയും ആരംഭിക്കാതിരുന്നതിനാല്‍ അംഗീകാരം ലഭിച്ചിരുന്നില്ല.

Facebook Comments Box

By admin

Related Post