അനിശ്ചിതകാല ബസ് സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സ്വകാര്യ ബസുടമകള്‍

Keralanewz.com

കൊച്ചി: ചാര്‍ജ് വര്‍ദ്ധന വൈകുന്നതില്‍ പ്രതിഷേധിച്ച്‌ ബസുടമ സംയുക്ത സമര സമിതി പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സ്വകാര്യ ബസുടമകള്‍.

നവംബറില്‍ സമരം പ്രഖ്യാപിച്ചപ്പോള്‍ മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചു. പത്തു ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നാണ് മന്ത്രി അന്ന് പറഞ്ഞത്. എന്നാല്‍ നാലരമാസക്കാലമായിട്ടും ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ബസ് കോഡിനേഷന്‍ കമ്മിറ്റി നേതാവ് ടി ഗോപിനാഥ് പറഞ്ഞു. കഴിഞ്ഞ തവണ മന്ത്രിയെ കണ്ടപ്പോള്‍ ബസ് ചാര്‍ജ് വര്‍ധനയില്‍ ഇടതുമുന്നണി തീരുമാനമെടുത്തു കഴിഞ്ഞു. ഉടനടി വര്‍ധനയുണ്ടാകുമെന്നാണ് പറഞ്ഞത്. എന്നാല്‍ ഇതുവരെ ഉത്തരവുണ്ടായില്ല. 62 രൂപ ഡീസലിന് വിലയുള്ളപ്പോള്‍ നിശ്ചയിച്ച മിനിമം നിരക്ക് എട്ടു രൂപയിലാണ്, ഇന്നിപ്പോള്‍ 95 രൂപ ഡീസലിന് വിലയുള്ളപ്പോളും സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നത്.

സ്വകാര്യ ബസുകളെ സംബന്ധിച്ചിടത്തോളം ഇന്ധന വില വര്‍ധനവിന്റെ സാഹചര്യത്തില്‍ ഒരു കാരണവശാലും വ്യവസായം മുന്നോട്ടുകൊണ്ടു പോകാനാകാത്തതിനാലാണ് സര്‍വീസ് നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതമായതെന്നും ഗോപിനാഥ് പറഞ്ഞു. മിനിമം ചാര്‍ജ് 12രൂപയാക്കണം, കിലോമീറ്റര്‍ നിരക്ക് ഒരു രൂപ പത്ത് പൈസ ഉയര്‍ത്തണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് ആറ് രൂപയാക്കണം തുടങ്ങിയവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍.

അതേസമയം, സമരം കൊണ്ട് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാമെന്ന് കരുതണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചതാണ്. അതിനാല്‍ സമരവുമായി മുന്നോട്ടുപോകുന്നത് മനസ്സിലാകുന്നില്ല. സ്‌കൂളുകളില്‍ വാര്‍ഷിക പരീക്ഷ ആരംഭിച്ച സാഹചര്യത്തില്‍ സമരത്തില്‍ നിന്നും പിന്മാറണം. പണിമുടക്കുമായി മുന്നോട്ട് പോയാല്‍ കെഎസ്‌ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.

Facebook Comments Box