Kerala News

എല്ലാ ശ്രമങ്ങളും വിഫലമായി; അഥീന ജോണ്‍ മരണത്തിന് കീഴടങ്ങി

Keralanewz.com

കോട്ടയം: നാട്ടുകാരുടെ താങ്ങും വീട്ടുകാരുടെ പ്രാര്‍ത്ഥനയും മെഡിക്കല്‍ സയന്‍സിന്റെ കരുതലും തുണച്ചില്ല. ബ്രെയിന്‍ സ്റ്റെം കാന്‍സര്‍ ബാധിച്ച്‌ ചികിത്സയിലായിരുന്ന നെടുങ്കണ്ടം താന്നിക്കല്‍ അഥീന ജോണ്‍ (28) അന്തരിച്ചു.

ഏറ്റുമാനൂര്‍ മം​ഗളം ക്യാമ്ബസില്‍ നിന്നും ബിടെക്കും എംബിഎയും കഴിഞ്ഞ് ആസ്റ്റര്‍ മെഡിസിറ്റിയി‍ല്‍ പീഡിയാട്രിക് കോഓര്‍ഡിനേറ്റര്‍ ആയി ജോലി ചെയ്തു വരവെ രണ്ടു വര്‍ഷം മുമ്ബാണ് അഥീന ജോണിന് കാന്‍സര്‍ ബാധ സ്ഥിരീകരിക്കുന്നത്.

കഴുത്തിനു വേദനയോടെയായിരുന്നു തുടക്കം. അതു കാന്‍സറാണെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും പിന്‍കഴുത്തില്‍ തലയോട്ടിയോടു ചേരുന്ന ഭാഗത്തെ രണ്ട് എല്ലുകള്‍ പൂര്‍ണമായും ദ്രവിച്ചുകഴിഞ്ഞിരുന്നു. ബ്രെയിന്‍ സ്റ്റെം കാന്‍സര്‍ എന്ന അത്ര കോമണ്‍ അല്ലാത്ത രോഗമാണ് അഥീനയെ തളര്‍ത്തിയത്. 2020 മേയിലാണ് അഥീന ആസ്റ്റര്‍ മെഡിസിറ്റിയില്‍ അഡ്മിറ്റാകുന്നത്. 25 ലക്ഷം രൂപയാണ് ആദ്യ സര്‍ജറിക്കു ചെലവായത്. സര്‍ജറി വിജയിക്കാതെ വന്നതോടെ വീണ്ടും വീണ്ടും സര്‍ജറികള്‍. അതിലൊന്ന് ദ്രവിച്ചു പോയ എല്ലുകള്‍ക്കു പകരം കൃത്രിമ എല്ലുകള്‍ വയ്ക്കുന്നതായിരുന്നു. അങ്ങനെ പലപ്പോഴായി 8 സര്‍ജറികള്‍ക്കാണ് അഥീന വിധേയയായത്.

ഒരുവിധം അസുഖം ഭേദമായി എന്ന തോന്നല്‍ ഉണ്ടായപ്പോഴാണ് തലച്ചോറില്‍ വീണ്ടും വളര്‍ച്ച കണ്ടെത്തിയത്. ഇനിയും സര്‍ജറി വേണ്ട റേഡിയേഷന്‍ മതിയെന്നായി ഡോക്ടര്‍മാര്‍. 30 റേഡിയേഷനുകളാണു പറഞ്ഞത്. പക്ഷേ മൂന്ന് റേഡിയേഷന്‍ കഴിഞ്ഞതോടെ അഥീന കഴുത്തിനു താഴേക്കു തളര്‍ന്നു. വിരല്‍പോലും അനക്കാന്‍ വയ്യാതായി. പക്ഷേ ഓര്‍മയ്ക്കോ ബുദ്ധിക്കോ തകരാറില്ലായിരുന്നു. സംസാരിക്കാന്‍ ശ്രമിക്കുമെങ്കിലും അത്ര വ്യക്തമാകുമായിരുന്നില്ല.

ഇടുക്കി നെടുങ്കണ്ടത്ത് കൂള്‍ബാര്‍ നടത്തിയിരുന്ന താന്നിക്കല്‍ സാബുവിന്റെയും ബിന്‍സിയുടെയും മകളാണ് അഥീന. പഠനശേഷം ബെംഗളൂരിലെ ഒരു കമ്ബനിയില്‍ ജോലി നോക്കുകയാണ് സഹോദരന്‍. സംസ്കാരം നാളെ വൈകിട്ട് 3.30ന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ഫോറോന പള്ളിയില്‍.

Facebook Comments Box