Mon. Apr 29th, 2024

ജപ്തി ഉൾപ്പെടെയുള്ള റവന്യൂ റിക്കവറി നടപടികൾ പുനരാരംഭിക്കുന്നു

By admin Mar 29, 2022 #news
Keralanewz.com

മൊറട്ടോറിയം കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ സർക്കാർ വീണ്ടും ജപ്തി നടപടികളിലേക്ക്. ജപ്തി ഉൾപ്പെടെയുള്ള റവന്യൂ റിക്കവറി നടപടികൾ പുനരാരംഭിക്കാമെന്ന് വ്യക്തമാക്കി ലാൻഡ് റവന്യൂ കമീഷണർക്ക് നിർദേശം നൽകി അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു.അതേ സമയം മത്സ്യത്തൊഴിലാളികളുടെ കടങ്ങൾക്ക് ഏർപ്പെടുത്തിയ മോറട്ടോറിയം കാലാവധി ജൂൺ വരെ നീട്ടി.

മഴക്കെടുതി മൂലമുണ്ടായ കൃഷിനാശവും കടലാകമണവും കോവിഡ് ലോക്ഡൗണും കണക്കിലെടുത്ത് ജപ്തി നടപടികൾക്ക് 2021 ഡിസംബർ 31 വരെ ഏർപ്പെടുത്തിയിരുന്ന മൊറട്ടോറിയം കാലാവധിയാണ് അവസാനിച്ചത്. കോവിഡ് രണ്ടാം തരംഗ ഭീഷണി ഉണ്ടായിരുന്നതിനാൽ സർക്കാർ നടപടികളിലേക്ക് കടന്നിരുന്നില്ല.

കർഷകരും ചെറുകിട കച്ചവടക്കാരും വിവിധ ധനകാര്യ സ്ഥാപനങ്ങൾ, സംസ്ഥാന സർക്കാർ ഏജൻസികൾ, സഹകരണ ബാങ്കുകൾ, റവന്യൂ റിക്കവറി ആക്ട് 1968ലെ 71ാം വകുപ്പ് പ്രകാരം വിജ്ഞാപനം ചെയ്ത സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് എടുത്ത കാർഷിക, വിദ്യാഭ്യാസ, ക്ഷീരവികസന, മൃഗസംരക്ഷണ വായ്പകൾക്കെല്ലാം നടപടി ബാധകമാകും

മത്സ്യത്തൊഴിലാളികളുടെ കടം തിരിച്ചു പിടിക്കൽ നടപടികൾക്കുള്ള മൊറട്ടോറിയം കാലാവധി ഈ വർഷം ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെ ആറ് മാസത്തേക്കാണ് നീട്ടിയത്. മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങൽ, കുട്ടികളുടെ വിദ്യാഭ്യാസം, പെൺമക്കളുടെ വിവാഹം, ചികിത്സ, വീട് നിർമാ ണം എന്നീ ആവശ്യങ്ങൾക്ക് 2008 ഡിസംബർ 31 വരെ മത്സ്യത്തൊഴിലാളികൾ എടുത്ത വായ്പകളിലെ മൊറട്ടോറിയമാണ് നീട്ടിയത്

Facebook Comments Box

By admin

Related Post