Kerala News

”ഇവിടിരുന്ന് അടിച്ചാൽ പൊലീസ് പൊക്കുമോ…’ ആളറിയാതെ ചോദി​ച്ചത് സി.ഐ.യോട്

Keralanewz.com

പാലാ. ‘ഈ ആറിന്റെ തീരത്തിരുന്ന് രണ്ടെണ്ണം അടിച്ചാൽ പൊലീസ് പൊക്കുമോ ?’
ബി​യർ കുപ്പികളുമായി മീനച്ചിലാറിന്റെ പാലാ വലിയപാലത്തിങ്കലുള്ള കടവിലേക്ക് ഇറങ്ങവേ തീരത്തുകണ്ട പാന്റ്സും ബനിയനും ധരിച്ച ആളോട് യുവാക്കൾ ചോദിച്ചു. പിന്നീടവർ താഴേക്കിറങ്ങിപ്പോയി നടയിലിരുന്ന് കുടി തുടങ്ങി.
ഉടൻതന്നെ പാന്റ്സും ബനിയനും ധരിച്ചയാളും ഒപ്പമുള്ളവരും ചേർന്ന് ഈ യുവാക്കളെ പിടികൂടി. പാലാ സി.ഐ. കെ.പി. ടോംസണാണ് മഫ്റ്റി​യി​ൽ മദ്യപൻമാരെയും മയക്കുമരുന്ന് വിൽപനക്കാരെയും പിടികൂടാൻ സ്‌പെഷ്യൽ സ്‌ക്വാഡിനൊപ്പം രംഗത്തിറങ്ങിയത്.

മീനച്ചിലാർ തീരത്തിരുന്നു മദ്യം കഴിച്ച ചിലരെ റെയ്ഡിന്റെ ഭാഗമായി സംഭവത്തിന് അല്പം മുമ്പ് പൊലീസ് പിടികൂടിയിരുന്നു. ഇവരെ റോഡിലേക്ക് എത്തിക്കുന്നത് നോക്കി നിൽക്കുകയായിരുന്ന സി.ഐ.യോടാണ് ആളറിയാതെ ഇവിടിരുന്നു രണ്ടെണ്ണം അടിച്ചാൽ പൊലീസ് വരുമോയെന്ന് യുവാക്കൾ ചോദിച്ചത്. മറുപടി കേൾക്കാൻ നിൽക്കാതെ മുന്നോട്ടി​റങ്ങി​യ യുവാക്കൾ പടികളിലൊന്നിൽ ഇരുന്ന് കുപ്പി തുറന്ന് ബി​യർ കുടിച്ചു തുടങ്ങിയതോടെയാണ് സ്‌ക്വാഡ് ഇവരെ പിടികൂടിയത്.

തങ്ങൾ ചോദിച്ച ആളെ തിരിഞ്ഞുനോക്കിയ യുവാക്കളോട് അത് സി.ഐ.ആണെന്ന് സ്‌ക്വാഡ് അംഗങ്ങൾ പറഞ്ഞതോടെയാണ് യുവാക്കൾക്ക് അമളി മനസ്സിലാക്കിയത്. ഇതിനു മുമ്പും മഫ്തിയിൽ സി.ഐ.യും സംഘവും മദ്യപൻമാരെ പിടികൂടാൻ നഗരത്തിലി​റങ്ങിയിരുന്നു

Facebook Comments Box