Movies

നടി മലൈക അറോറയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Keralanewz.com

ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറയ്ക്ക് കാറപകടത്തില്‍ പരിക്ക്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് പൂനൈയിലെ ഒരു ഫാഷന്‍ ഇവന്റില്‍ പങ്കെടുത്ത് മടങ്ങവെയാണ് മലൈകയുടെ വാഹനം അപകടത്തില്‍പ്പെട്ടത്.

നടിയെ ഉടന്‍ തന്നെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ-പൂനൈ എക്സ്പ്രസ് വേയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. മലൈക സഞ്ചരിച്ച കാര്‍ ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

നടിക്ക് കണ്ണിനാണ് പരുക്കേറ്റതെന്നാണ് ബോളിവുഡ് മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം പരുക്ക് ഗൗരവമുള്ളതല്ലെന്ന് നടിയുടെ സഹോദരി അമൃത അറോറ അറിയിച്ചു. നിസാര പരിക്കുകളാണ് താരത്തിനുള്ളതെന്നും ‍ഞായറാഴ്ചയോടെ താരം ആശുപത്രി വിടുമെന്നും നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. മലൈകയുടെ റേ‍ഞ്ച് റോവര്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടക്കുന്നതിന് മണിക്കൂറുകള്‍ മുമ്ബ് വരെ പൂനൈയില്‍ നടന്ന ഫാഷന്‍ ഇവന്റിന്റെ വിശേഷങ്ങളെല്ലാം മലൈക സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചിരുന്നു.

ഇവന്റില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ മകനെ കൂടെ കൂട്ടാന്‍ സാധിച്ചില്ലെന്നും അവനെ തനിക്ക് മിസ് ചെയ്യുന്നുണ്ടെന്നും മലൈക സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു. ബോളിവുഡ് നടിയാണെങ്കിലും കേരളത്തില്‍ നിരവധി ആരാധകരുള്ള താരമാണ് മലൈക. താരം ചുവടുവെച്ച ബോളിവുഡ് ​ഗാനങ്ങള്‍ ഹിറ്റായതിനാലാണ് മലൈകയ്ക്ക് കേരളത്തിലും ആരാധകരുണ്ടായിരുന്നത്. നാല്‍പത്തിയെട്ടുകാരിയായ മലൈക അറോറ ബോളിവുഡ് നടനും ബോണി കപൂറിന്റെ മകനുമായ അര്‍ജുന്‍ കപൂറുമായി വര്‍ഷങ്ങളായി പ്രണയത്തിലാണ്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം ചൂണ്ടി കാണിച്ച്‌ നിരവധി പേര്‍ അര്‍ജുനേയും മലൈകയേയും നിര‌ന്തരം വിമര്‍ശിക്കാറുണ്ട്

1998 ലാണ് ബോളിവുഡ് നടന്‍ അര്‍ബാസ് ഖാനെ മലൈക വിവാഹം ചെയ്യുന്നത്. ശേഷം 2016ല്‍ അര്‍ബാസ് ഖാനില്‍ നിന്ന് മലൈക വിവാഹമോചനം നേടി. ഇതിന് ശേഷമാണ് മലൈക അര്‍ജുനുമായി പ്രണയത്തിലായത്. അര്‍ബാസ് ഖാനും മലൈക അറോറയും വിവാഹ മോചിതരാകാന്‍ പ്രധാന കാരണം നടിക്ക് അര്‍ജുന്‍ കപൂറുമായുള്ള ബന്ധമാണെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി ആരും രംഗത്തെത്തിയതുമില്ല. അര്‍ബാസുമായി പിരിഞ്ഞ ശേഷവ മലൈകയും അര്‍ജുനും കൂടിക്കാഴ്ച നടത്തുന്നുണ്ടായിരുന്നു. പലസ്ഥലങ്ങളിലും ഇരുവരെ ഒരുമിച്ച്‌ കാണാന്‍ തുടങ്ങി. ശേഷം 2019ല്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ഇരുവരും പ്രണയം തുറന്ന് പറഞ്ഞു. പ്രായവ്യത്യാസത്തെ ചൊല്ലിയുള്ള ട്രോളുകളോട് അടുത്തിടെ രൂക്ഷമായ ഭാഷയില്‍ അര്‍ജുന്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു.

Facebook Comments Box