Kerala News

വാഹനത്തിനു സൈഡ് നല്‍കിയില്ല, ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറെ തടഞ്ഞിട്ടു തല്ലി, കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താന്‍ ്ശ്രമം; 3 പേര്‍ അറസ്റ്റില്‍

Keralanewz.com

പാരിപ്പള്ളി (കൊല്ലം): വാഹനത്തിനു സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കാര്‍ യാത്രക്കാരനായ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ 3 പേര്‍ പിടിയില്‍. പരവൂര്‍ പുത്തന്‍കുളം സ്വദേശികളായ എഎം നിവാസില്‍ മനു (33), രാമമംഗലത്ത് പ്രദീഷ് (30), കാര്‍ത്തികയില്‍ രാജേഷ് (34) എന്നിവരെയാണ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ക്രൈംബ്രാഞ്ചില്‍ ഇന്‍സ്‌പെക്ടറായ പരവൂര്‍ സ്വദേശിയാണ് ആക്രമിക്കപ്പെട്ടത്.
ഞായര്‍ പകല്‍ 3ന് ചിറക്കര ക്ഷേത്രത്തിനു സമീപമാണ് സംഭവം. ഇന്‍സ്‌പെക്ടര്‍ അടുത്ത ബന്ധുക്കളായ 2 പേര്‍ക്കൊപ്പം കാറില്‍ ചാത്തന്നൂര്‍ ശീമാട്ടി ജംക്ഷനിലേക്കു പോകുകയായിരുന്നു.

പ്രതികള്‍ സഞ്ചരിച്ച വാഹനം കുറുകെയിട്ട് ഇന്‍സ്‌പെക്ടറുടെ കാര്‍ തടഞ്ഞു നിര്‍ത്തിയാണ് ആക്രമിച്ചത്. ചവിട്ടി നിലത്തിട്ട് കല്ലു കൊണ്ടു മുഖത്തിടിച്ചു. മര്‍ദനത്തിനിടെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് മൊഴി.


ആളുകള്‍ ഓടിക്കൂടിയെങ്കിലും അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെത്തുടര്‍ന്ന് ആരും അടുത്തില്ല. പൊലീസ് എത്തിയാണ് ഇന്‍സ്‌പെക്ടറെ കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതി മനുവിനെതിരെ പരവൂര്‍ സ്റ്റേഷനില്‍ 3 കേസുകള്‍ ഉണ്ടെന്നു പൊലീസ് പറഞ്ഞു.


പാരിപ്പളളി ഇന്‍സ്‌പെക്ടര്‍ എ.അല്‍ജബ്ബാര്‍, എസ്‌ഐ എ.അനുരൂപ, എഎസ്‌ഐമാരായ ഷാജഹാന്‍, നന്ദന്‍, സിപിഒമാരായ അനില്‍, അനൂപ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

Facebook Comments Box