Kerala News

സിമന്റ്, കമ്പി വിലകുതിക്കുന്നു, കെട്ടിട നിര്‍മാണം കൈപൊള്ളിക്കും

Keralanewz.com

കടുത്ത വിലക്കയറ്റത്തില്‍ നിര്‍മാണ മേഖല. ഇന്ധനവില വര്‍ധനവിന് പിന്നാലെ സിമന്റിനും കമ്പിക്കും പൊള്ളുന്ന വിലക്കയറ്റം. അതോടൊപ്പം എം സാന്‍ഡ് (പാറമണല്‍), ചെങ്കല്ല്, സിമന്റ് കട്ട, ഹോളോബ്രിക്‌സ് എന്നിവയുടെ വിലയും ഉയര്‍ന്നു. ഇതോടെ നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയിലായി. കഴിഞ്ഞ കുറച്ച് ദിവസത്തിനിടെ നിര്‍മാണച്ചെലവില്‍ 20 ശതമാനത്തിലധികം വര്‍ധനവുണ്ടായതായി ഈ മേഖലയിലയിലുള്ളവര്‍ പറയുന്നു


കഴിഞ്ഞ ഒരുമാസത്തിനിടെയാണ് കോണ്‍ക്രീറ്റിന് ഉപയോഗിക്കുന്ന ടിഎംടി കമ്പിയുടെ വില ഇത്രയധികം ഉയര്‍ന്നത്. 20 രൂപയിലേറെയാണ് വര്‍ധിച്ചത്. നിലവില്‍ 85 രൂപക്ക് മുകളിലാണ് വില. നേരത്തെ ശരാശരി 65 രൂപക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ടിഎംടി കമ്പികളുടെ വില ഇരട്ടിയായി. കൊവിഡിന് മുമ്പ് ശരാശരി 45-50 രൂപയായിരുന്നു വിലയെന്ന് വ്യാപാരികള്‍ പറയുന്നു. കൊവിഡ് കാലത്ത് നിര്‍മാണ സാമഗ്രികളുടെ വിലയില്‍ വന്‍ കുതിപ്പുണ്ടായി. ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ക്കാണ് വലിയ വില നല്‍കേണ്ടി വരുന്നത്


സിമന്റ് വിലയും നിയന്ത്രണമില്ലാതെ മേലോട്ടാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ 40 മുതല്‍ 50 രൂപ വരെയാണ് ചാക്കൊന്നിന് കൂടിയത്. മുന്‍നിര കമ്പനികളുടെ സിമന്റിന് ഇപ്പോള്‍ 450 രൂപ നല്‍കണം. ഇടത്തരം കമ്പനികളുടെ സിമന്റിനും വില കൂടി. നേരത്തെ 350 രൂപക്ക് കിട്ടിയിരുന്ന ഇടത്തരം കമ്പനികളുടെ സിമന്റിന് ഇപ്പോള്‍ 390 രൂപ നല്‍കണം. ഇന്ധന വിലക്കയറ്റവും അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവുമാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. വില ഉയര്‍ന്നതോടെ ലോണെടുത്തും വായ്പ വാങ്ങിയും സമ്പാദ്യമെല്ലാം സ്വരൂപിച്ചും വീട് നിര്‍മിക്കുന്നവര്‍ക്ക് ശരിക്കും കൈപൊള്ളുകയാണ്

Facebook Comments Box