Kerala News

ധീരജ് വധക്കേസ്; ഒന്നാം പ്രതി നിഖില്‍ പൈലിക്ക് ജാമ്യം

Keralanewz.com

ഇടുക്കി: എസ് എഫ് ഐ നേതാവും ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിക്ക് ജാമ്യം.

ഇടുക്കി സെഷന്‍സ് കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. മറ്റ് ഏഴ് പ്രതികള്‍ക്കും നേരത്തേ ജാമ്യം ലഭിച്ചിരുന്നു.

ജനുവരി പത്തിനാണ് ധീരജിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നിഖില്‍ പൈലി കുത്തിക്കൊന്നത്. അറസ്റ്റിലായി 87ദിവസങ്ങള്‍ക്ക് ശേഷമാണ് നിഖില്‍ പൈലിക്ക് ജാമ്യം ലഭിക്കുന്നത്. കേസില്‍ രണ്ടാം തീയതി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുറ്റപത്രത്തില്‍ ആകെ എട്ട് പ്രതികളാണുള്ളത് അതില്‍ ഒന്നാം പ്രതിയാണ് നിഖില്‍ പൈലി. കൊലപാതകം, കൊലപാതകശ്രമം, തെളിവ് നശിപ്പിക്കല്‍, പട്ടികജാതി പട്ടികവര്‍ഗ പീ‌ഡന നിരോധന നിയമം, അന്യായമായി സംഘം ചേരല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 600 ഓളം പേജുള്ളതാണ് കുറ്റപത്രം. 160 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. അതേസമയം ധീരജിനെ കുത്തിയ കത്തി ഇനിയും കണ്ടെത്താനായിട്ടില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.

മുഖ്യതെളിവായ കത്തി കണ്ടെത്താനായിട്ടല്ലെന്നതാണ് പൊലീസിനെ ഇപ്പോഴും വലയ്ക്കുന്നത്. രക്ഷപ്പെടുന്നതിനിടെ ഇടുക്കി കളക്ടറേറ്റിന് മുന്നിലെ വനമേഖലയില്‍ കത്തി ഉപേക്ഷിച്ചെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിരുന്നത്. നിഖിലിനെ സ്ഥലത്തെത്തിച്ച്‌ തെരച്ചില്‍ നടത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല.

Facebook Comments Box