Wed. May 8th, 2024

ജില്ലയിലെ മുഴുവൻ വികസനപ്രവർത്തനങ്ങളുടെയും പിതൃത്വം ഏറ്റെടുക്കുവാനുള്ള തൊടുപുഴ എം.എൽ.എ യുടെ ശ്രമം പരിഹാസ്യമെന്ന് കേരള കോൺഗ്രസ് (എം)

By admin Jul 4, 2021 #news
Keralanewz.com

തൊടുപുഴ: ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മലങ്കര ഡാം പദ്ധതി പ്രദേശവും ഇടുക്കി നിയോജക മണ്ഡലത്തിലെ നാടുകാണി, കൊലുമ്പൻ സ്മാരകം, ഇടുക്കി ജലവൈദ്യുത പദ്ധതിയോട് അനുബന്ധിച്ചുള്ള ഹൈഡൽ ടൂറിസം എന്നിവ നടപ്പാക്കുന്നതിന് മുൻകൈയെടുത്തത് താനാണെന്ന മട്ടിൽ പ്രചരണം നടത്തുന്ന തൊടുപുഴ എംഎൽഎയുടെ നിലപാട് പരിഹാസ്യമെന്ന് കേരള കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു.

കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് പങ്കാളിത്തമുള്ള പദ്ധതി നടപ്പിൽ വരാൻ പോകുന്നത് തൻറെ മിടുക്ക് കൊണ്ടാണെന്ന പ്രചരണം തൊടുപുഴ എംഎൽഎയും അദ്ദേഹത്തിന്റെ പാർട്ടിയും അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തുടർച്ചയായി അഞ്ചുതവണ പരാജയമറിയാതെ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുകയും എൽഡിഎഫ് ഗവൺമെന്റിന്റെ ഭാഗമായി മലങ്കര ജലാശയം ഉൾപ്പെടുന്ന ജലവിഭവ വകുപ്പിൻറെ മന്ത്രിയായി കഴിഞ്ഞ മേയ് 20 മുതൽ ചുമതലയേറ്റ് പ്രവർത്തിക്കുന്ന റോഷി അഗസ്റ്റിന്റെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് തൊടുപുഴ എംഎൽഎയുടെ ഒത്താശയും ഉപദേശവും ആവശ്യമില്ല. അഞ്ചുവർഷക്കാലം ജലവിഭവ വകുപ്പിൻറെ മന്ത്രിയായി പ്രവർത്തിച്ച തൊടുപുഴ എംഎൽഎയ്ക്ക് തൻറെ മണ്ഡലത്തിലെ മലങ്കര ജലാശയവുമായി ബന്ധപ്പെട്ട ടൂറിസം പ്രോജക്ടുകൾ ഒന്നും തന്നെ നടപ്പാക്കാൻ കഴിഞ്ഞില്ല.

പദ്ധതികളെ സംബന്ധിച്ച് ഇടയ്ക്കിടയ്ക്ക് പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളെ കബളിപ്പിക്കുക മാത്രമാണ് എംഎൽഎ തുടർന്ന് പോന്നിരുന്നത്. ജലവിഭവ വകുപ്പും ടൂറിസം വകുപ്പും വൈദ്യുതി വകുപ്പും സംയുക്തമായി ജില്ലയിലെ ഗ്രീൻ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാർ ഏജന്സിയെക്കൊണ്ട് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി വകുപ്പ് അധ്യക്ഷൻ മാരുമായി വിശദമായ ചർച്ച നടത്തി മന്ത്രിസഭയുടെ അംഗീകാരത്തോടെ കേന്ദ്രത്തിന് പ്രോജക്റ്റ് സമർപ്പിക്കും. ഇതു മനസ്സിലാക്കിയ തൊടുപുഴ എംഎൽഎയും സഹപ്രവർത്തകരും പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാൻ പരിശ്രമിക്കുന്നത് തികച്ചും പരിഹാസ്യമാണ്. മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് എംഎൽഎ പരിശ്രമിക്കുന്നത്

കഴിഞ്ഞ അഞ്ചുവർഷക്കാലം തൊടുപുഴ സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് വികസന പ്രവർത്തനങ്ങളിൽ ശരാശരിയിൽ നിന്നും പിന്നോട്ട് പോയതിന്റെ ജാള്യത മറക്കാനാണ് അവകാശ വാദങ്ങളുമായി രംഗത്തു വന്നിരിക്കുന്നത്. ഇടുക്കി നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് സംതൃപ്തിയുണ്ട്. ഇക്കാര്യത്തിൽ ബാഹ്യമായ യാതൊരു ഉപദേശമോ ഇടപെടലോ ആവശ്യമില്ല. വസ്തുത മറച്ചു വെച്ചുകൊണ്ട് താനെന്തോ വലിയ സംഭവമാണെന്ന് കാണിക്കുവാനായി പരിശ്രമിക്കുന്നത് സീനിയറായ ജനപ്രതിനിധിക്ക് ചേർന്നതല്ല എന്ന് തൊടുപുഴ എംഎൽഎ മനസ്സിലാക്കണം. സംസ്ഥാനം ഭരിക്കുന്ന ഗവൺമെൻറിനും അതിൽ പങ്കാളിയായ മന്ത്രിയ്ക്കും തൻറെ മണ്ഡലത്തിലെ വികസന കാഴ്ചപ്പാടുകൾ സംബന്ധിച്ച് ദീർഘവീക്ഷണവും ഉത്തരവാദിത്വവും കടമയും ഉണ്ടെന്നും കേരള കോൺഗ്രസ് എം അഭിപ്രായപ്പെട്ടു


പാർട്ടി നിയോജക മണ്ഡലം പ്രസിഡണ്ട് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷനായിരുന്നു. നേതാക്കളായ പ്രൊഫ. കെ.ഐ. ആൻറണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നം കോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, ബെന്നി പ്ലാക്കൂട്ടം, ജോസ് കവിയിൽ, മാത്യു വാരിക്കാട്ട്, അപ്പച്ചൻ ഓലിക്കാരോട്ട്, അഡ്വ. ബിനു തോട്ടുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post